
പ്രാർത്ഥന
ജപമാല പ്രാർത്ഥനയിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢ രഹസ്യങ്ങൾ ഫാത്തിമയിലെ കുരുന്നു ഇടയകുഞ്ഞുങ്ങൾക്ക് വെളിപ്പെടുത്തിയ എത്രയും പരിശുദ്ധയായ കന്യകാമറിയമേ. ജപമാല ഭക്തിയോടുള്ള യഥാർത്ഥ സ്നേഹത്താൽ ഞങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ. അതുവഴി ജപമാലയിൽ നിറഞ്ഞു നിൽക്കുന്ന രക്ഷാകര രഹസ്യങ്ങൾ ഇടവിടാതെ ധ്യാനിക്കുക വഴി ഞങ്ങൾ ഏറെ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും പാപികൾക്ക് മാനസാന്തരം ഉണ്ടാവുന്നതിനും ഇടയാക്കണമേ.
ലോകത്തിന്റെ മാനസാന്തരവും, ഇപ്പോൾ ഞാൻ സമർപ്പിക്കുന്ന നിയോഗവും (പ്രാർത്ഥനാ നിയോഗം സ്മരിക്കുക) ഈ നൊവേനയിലൂടെ അവിടുത്തെ മഹത്വത്തിനും അതുവഴി ദൈവ മഹത്വത്തിനും, അങ്ങയുടെ മക്കളുടെ ഐശ്വര്യത്തിനുമായി അവിടുത്തെ പുത്രന്റെ പക്കൽനിന്നു ഞങ്ങൾക്കായി പ്രാർത്ഥിച്ചു തരേണമേ.
ആമ്മേൻ
1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ.
ഫാത്തിമ മാതാവേ !
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.
ജപമാല റാണി !
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.
പരിശുദ്ധ അമ്മയുടെ അമലോൽഭവ ഹൃദയമേ!
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.
സംഭവം: പരിശുദ്ധമറിയത്തിന്റെ മൂന്നാം വെളിപ്പെടുത്തൽ
സ്ഥലം: കോവ ദാ ഇറിയ, പോർട്ടുഗൽ (13 ജൂലൈ 1917)
അന്ന് ലൂസിയയും, ജസീന്തയും, ഫ്രാൻസിസ്കോയും അവരോടൊപ്പം ആറായിരത്തോളം ആളുകളും അവിടെ എത്തിച്ചേർന്നിരുന്നു. എന്നാൽ കുട്ടികൾക്ക് മാത്രമേ ഇത്തവണയും സ്ത്രീ രൂപത്തെ കാണാനും കേൾക്കാനും സാധിച്ചിരുന്നുള്ളു.
“ഞങ്ങളിൽ നിന്നു നീ എന്താണ് ആഗ്രഹിക്കുന്നത്?” ലൂസിയ ചോദിച്ചു.
“നിങ്ങൾ അടുത്ത മാസവും 13നു ഇവിടെ വരണം. ലോകത്തിനു സമാധാനം ഉണ്ടാകുവാനും യുദ്ധങ്ങൾ അവസാനിക്കുവാനും ജപമാല രാഞ്ജിയുടെ സ്തുതിക്കായി നിങ്ങൾ മുടങ്ങാതെ ജപമാല പ്രാർത്ഥിക്കണം, കാരണം അവൾക്കു മാത്രമേ നിങ്ങളെ സഹായിക്കുവാൻ ആവുകയുള്ളൂ.”
അപ്പോൾ ലൂസിയ പറഞ്ഞു: “നീ ആരാണെന്നു ഞങ്ങളോട് പറയുക ഞങ്ങൾക്ക് നീ പ്രത്യക്ഷപ്പെടുന്നത് മറ്റുള്ളവരും മനസിലാക്കുന്നതിന് ഒരു അടയാളം പ്രവർത്തിക്കുക.”
സ്ത്രീ മറുപടിയായി പറഞ്ഞു: “നിങ്ങൾ മുടങ്ങാതെ എല്ലാ മാസങ്ങളിലും ഇവിടെ വരുക. ഒക്ടോബർ മാസത്തിൽ ഞാൻ നിങ്ങൾക്ക് ഞാൻ ആരാണെന്നും എന്റെ ആവശ്യം എന്താണെന്നും വെളിപ്പെടുത്താം, അന്നു ഞാൻ ഒരു അടയാളവും പ്രവർത്തിക്കാം.” അവൾ തുടർന്നു: “നിങ്ങൾ പാപികൾക്കുവേണ്ടി ത്യാഗങ്ങൾ സ്വീകരിക്കുക. എപ്പോഴും പ്രത്യേകിച്ചു നിങ്ങൾ സഹനങ്ങൾ സ്വീകരിക്കുമ്പോൾ ഇങ്ങനെ പ്രാർത്ഥിക്കുക, ഓ ഈശോയെ, ഇതു നിന്റെ സ്നേഹത്തിനുവേണ്ടിയും, പാപികളുടെ മാനസാന്തരത്തിനു വേണ്ടിയും, മറിയത്തിന്റെ വിമലഹൃദയത്തോട് ചെയ്തുപോയ തെറ്റുകൾക്ക് പരിഹാരമായും ഞാൻ ഇതു സമർപ്പിക്കുന്നു.”
ഇത്രേയും പറഞ്ഞതിനുശേഷം കഴിഞ്ഞ രണ്ടു മാസങ്ങളിൽ ചെയ്തത് പോലെ ആ സ്ത്രീ കൈകൾ തുറന്നു. അപ്പോൾ അതിൽനിന്നു മൂന്നാം തവണയും ഒരു വലിയ പ്രകാശം പുറപ്പെട്ടു. ആ പ്രകാശം ഭൂമിയെ ചൂഴ്നിറങ്ങി. അഗ്നിയുടെ ഒരു മഹാസാഗരം പോലെ അതുകാണപ്പെട്ടു. ആ തീക്കടലിൽ കൂപ്പുകുത്തുന്ന കുറെ പിശാചുക്കളെയും, പാപികളായ മനുഷ്യാത്മാക്കളെയും സുതാര്യമായ എരിയുന്ന കനൽക്കട്ട പോലെ അവർ ദർശിച്ചു. എല്ലാം കറുത്തിരുണ്ടതായും അല്ലെങ്കിൽ മിനുക്കിയ ചെമ്പുപോലെയും ഒരു വലിയ അഗ്നിബാധയിൽ ഒഴുകിനടക്കുന്നത് അവർ കണ്ടു. ആ തീച്ചൂളയിൽ നിന്ന് വമിക്കുന്ന കറുത്തിരുണ്ട പുകയും അതിൽ നിന്നുയരുന്ന വലിയ നിലവിളിയും, വേദനയും, നിരാശയും കുട്ടികളെ ഭയാക്രാന്തരാക്കി. കാരണം ആ കാഴ്ച അവർക്കു വർണിക്കാവുന്നതിലും അപ്പുറം ഭീകരമായിരുന്നു. കുട്ടികളാകട്ടെ വലിയ ഉച്ചത്തിൽ നിലവിളിക്കുകയും അവിടെ കൂടിയിരുന്നവർ അവർക്കുണ്ടാകുന്ന വെളിപാടിനെകുറിച്ചു ആശ്ചര്യപ്പെടുകയും ചെയ്തു. പിശാചുക്കൾ ഭീകരമായ സത്വങ്ങളെപോലെ തീക്കനലായ് എരിയുന്നത് കുട്ടികൾ കണ്ടു. അവർ സ്ത്രീയുടെ സഹായത്തിനായി നിലവിളിച്ചു.
അപ്പോൾ അവൾ കരുണയോടെ എന്നാൽ വലിയ വ്യഥയിൽ അവരോടു പറഞ്ഞു: “നിങ്ങൾ ഇപ്പോൾ പാപികളായ മനുഷ്യർ എത്തിചെല്ലുന്ന നരകത്തെ നേരിൽ കണ്ടു. മനുഷ്യരെ ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കാനായി നിങ്ങൾ എന്റെ വിമലഹൃദയത്തോടുള്ള ഭക്തി ഏവരിലും വളർത്താനായി പരിശ്രമിക്കണം. നിങ്ങളോടു ഞാൻ പറഞ്ഞവ സംഭവിച്ചുകഴിയുമ്പോൾ കുറെ ആത്മാക്കൾ രക്ഷിക്കപ്പെടുകയും എല്ലാവർക്കും സമാധാനം ലഭിക്കുകയും ചെയ്യും. യുദ്ധങ്ങൾ അവസാനിക്കാൻ പോകുന്നു, എന്നാൽ, മനുഷ്യൻ ദൈവത്തെ എതിർക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ വളരെ വലിയ ദുരന്തങ്ങൾ പയസ് പതിനൊന്നാമന്റെ കാലത്തു ഈ ലോകത്തിൽ നടമാടും. ഒരു അജ്ഞാതമായ പ്രകാശം ദർശിക്കുന്ന രാത്രി വരുന്നു അത് ദൈവം മനുഷ്യനെ അവന്റെ ക്രൂരതകൾക്ക് ശിക്ഷിക്കാൻ പോകുന്നു എന്നതിന് അടയാളമായിരിക്കും. അപ്പോൾ വലിയ യുദ്ധങ്ങളും പട്ടിണിയും ഉണ്ടാകും. സഭാമാതാവിനെതിരെ പീഡനങ്ങൾ വർധിക്കും. ഇതു സംഭവിക്കാതിരിക്കാൻ റഷ്യ എന്റെ വിമലഹൃദയത്തിൽ പ്രതിഷ്ഠിക്കപ്പെടണം. എല്ലാ ആദ്യ ശനിയാഴ്ചകളിലും പാപ പരിഹാരം അനുഷ്ഠിച്ചു പ്രാർത്ഥിക്കണം. ഇപ്രകാരം നടന്നാൽ റഷ്യ മനസാന്തരപ്പെടുകയും എങ്ങും സമാധാനം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യും. ഇങ്ങനെ സംഭവിക്കാത്ത പക്ഷം റഷ്യ ലോകത്തെ പ്രഹരിക്കും, അവൾ (റഷ്യ) ലോകത്തിൽ യുദ്ധങ്ങൾക്ക് വഴിവെക്കുകയും തിരുസഭയെ പീഡിപ്പിക്കുകയും ചെയ്യും. അനേകം നല്ല മനുഷ്യരുടെ രക്തം ചീന്തപ്പെടും, പരിശുദ്ധ പിതാവുപോലും ഏറെ സഹിക്കേണ്ടിവരും, അനേകം രാജ്യങ്ങൾ നശിപ്പിക്കപ്പെടും. എന്നാൽ അവസാനം എന്റെ വിമലഹൃദയം വിജയം നേടും. അപ്പോൾ പരിശുദ്ധ പിതാവ് അവളെ എന്റെ നാമത്തിനുകീഴിൽ പ്രതിഷ്ഠിക്കും, അപ്പോൾ ഈ ലോകത്തിൽ സമാധാനം വീണ്ടും സംജാതമാകും. എന്നാൽ പോർച്ചുഗലിൽ വിശ്വാസം എന്നും സംരക്ഷിക്കപ്പെടും. ”
ഈ സമയം സ്ത്രീയുടെ ഇടതുഭാഗത്തായി ആകാശത്തിൽ ഒരു മാലാഖയെ കാണപ്പെട്ടു. ആ മാലാഖയുടെ ഇടതുകൈയിൽ ഒരു അഗ്നിപോലെ ജ്വലിക്കുന്ന ഒരു വാൾ കാണാൻ പറ്റുന്നുണ്ടായിരുന്നു. ആ മാലാഖ ഉറക്കെ പറഞ്ഞു: ” അനുതപിക്കുക, അനുതപിക്കുക, അനുതപിക്കുക… ”
അപ്പോൾ കുട്ടികൾ വളരെ തീവ്രമായ ഒരു പ്രകാശം കണ്ടു അത് ദൈവം ആയിരുന്നു.
ആ പ്രകാശത്തിൽ അവർ കണ്ണാടിയിൽ എന്നപോലെ ചിലദൃശ്യങ്ങൾ കണ്ടു. അതിൽ ധവള വസ്ത്രം ധരിച്ച ഒരു ബിഷപ്പ് അത് പരിശുദ്ധ പിതാവാണെന്നു അവർ തിരിച്ചറിഞ്ഞു. അദ്ദേഹത്തോടൊപ്പം മറ്റു മെത്രാന്മാരും, വൈദീകരും, പുരുഷന്മാരും, സ്ത്രീകളും ഉണ്ടായിരുന്നു. അവർ കുത്തനെ ഉയർന്ന ഒരു മലയിലേക്കു നടക്കുകയാണ്. അതിന്റെ ഉത്തുംഗശൃംഖത്തിൽ ഒരു കുരിശ് കാണാമായിരുന്നു. ആ കുരിശ് ഒരു വളരെ പരുപരുത്ത തൊലിയോടുകൂടിയ കോർക്ക് മരം കൊണ്ട് ഉണ്ടാക്കിയതായിരുന്നു. വഴിയിൽ അവർ ഒരു വലിയ നഗരത്തെ കടന്നുപോയി. അവിടെ ഉള്ള ആളുകൾ വലിയ ദുരിദത്തിലും ദുഃഖത്തിലും കാണപ്പെട്ടു. പരിശുദ്ധപിതാവ് അവർക്കുവേണ്ടി പ്രാർത്ഥിച്ചു. മലമുകളിൽ കുരിശിനു താഴെയായി മുട്ടിൽ നിന്ന അദ്ദേഹത്തെ ഒരുപറ്റം സൈനികർ വെടിവെച്ചു. അദ്ദേഹം മരിച്ചുവീണു. പിന്നാലെ ബിഷപ്പ്മാരും, വൈദീകരും, പുരുഷന്മാരും, സ്ത്രീകളും മരിച്ചുവീണു. കുരിശിൻ്റെ രണ്ടു കൈകൾക്കും താഴെയായി രണ്ടു മാലാഖമാർ കാണപ്പെട്ടു. അവർ കൈകളിൽ ഓരോ വിശുദ്ധജലം പേറുന്ന പാത്രം ഉണ്ടായിരുന്നു. അതിൽ രക്തസാക്ഷികളുടെ രക്തം ഉണ്ടായിരുന്നു. എല്ലാ ആത്മാക്കളെയും ഈ രക്തത്തിൽ നിമഞ്ജനം ചെയ്‌തു, അത് ആ ആത്മാക്കൾക്ക് ദൈവത്തിലേക്കുള്ള വഴി തുറന്നു.
സ്ത്രീ പറഞ്ഞു: “ഈ കണ്ടതൊന്നും ഇപ്പോൾ നിങ്ങൾ ആരോടും പറയരുത്. ഇനിമുതൽ ജപമാലയുടെ ഓരോ രഹസ്യവും ചൊല്ലിയതിനുശേഷം ഇങ്ങനെ പ്രാർത്ഥിക്കണം. -ഓ എന്റെ ഈശോയെ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ. നരഗാഗ്നിയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകം അങ്ങേ സഹായം കൂടുതൽ ആവിശ്യമുള്ളവരെയും സ്വർഗത്തിലേക്ക് ആനയിക്കണമേ.”
കുറച്ചു സമയത്തെ നിശബ്ദതയ്ക്കു ശേഷം ലൂസിയ ചോദിച്ചു: “ഇനി ഞങ്ങൾ എന്താണ് വേണ്ടത്?”
സ്ത്രീ പറഞ്ഞു: “ഇന്നത്തേക്ക് ഇത്രയും മതി.”
സുകൃത ജപം
അമല മനോഹരിയായ കന്യകാമറിയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ.