പ്രാർത്ഥന
ജപമാല പ്രാർത്ഥനയിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢ രഹസ്യങ്ങൾ ഫാത്തിമയിലെ കുരുന്നു ഇടയകുഞ്ഞുങ്ങൾക്ക് വെളിപ്പെടുത്തിയ എത്രയും പരിശുദ്ധയായ കന്യകാമറിയമേ. ജപമാല ഭക്തിയോടുള്ള യഥാർത്ഥ സ്നേഹത്താൽ ഞങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ. അതുവഴി ജപമാലയിൽ നിറഞ്ഞു നിൽക്കുന്ന രക്ഷാകര രഹസ്യങ്ങൾ ഇടവിടാതെ ധ്യാനിക്കുക വഴി ഞങ്ങൾ ഏറെ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും പാപികൾക്ക് മാനസാന്തരം ഉണ്ടാവുന്നതിനും ഇടയാക്കണമേ.
ലോകത്തിന്റെ മാനസാന്തരവും, ഇപ്പോൾ ഞാൻ സമർപ്പിക്കുന്ന നിയോഗവും (പ്രാർത്ഥനാ നിയോഗം സ്മരിക്കുക) ഈ നൊവേനയിലൂടെ അവിടുത്തെ മഹത്വത്തിനും അതുവഴി ദൈവ മഹത്വത്തിനും, അങ്ങയുടെ മക്കളുടെ ഐശ്വര്യത്തിനുമായി അവിടുത്തെ പുത്രന്റെ പക്കൽനിന്നു ഞങ്ങൾക്കായി പ്രാർത്ഥിച്ചു തരേണമേ.
ആമ്മേൻ
1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ.
ഫാത്തിമ മാതാവേ !
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.
ജപമാല റാണി !
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.
പരിശുദ്ധ അമ്മയുടെ അമലോൽഭവ ഹൃദയമേ!
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.
സംഭവം: പരിശുദ്ധമറിയത്തിന്റെ രണ്ടാം വെളിപ്പെടുത്തൽ
സ്ഥലം: കോവ ദാ ഇറിയ, പോർട്ടുഗൽ (13 ജൂൺ1917)
അന്ന് ലൂസിയയും, ജസീന്തയും, ഫ്രാൻസിസ്കോയും ഒറ്റയ്ക്കായിരുന്നില്ല. അറുപതോളം ആളുകളും അവരിൽനിന്നു കേട്ടറിഞ്ഞതെല്ലാം നേരിട്ട് അറിയുവാൻ അവിടെ എത്തിച്ചേർന്നിരുന്നു. എന്നാൽ കുട്ടികൾക്ക് മാത്രമേ ആ സ്ത്രീ രൂപത്തെ കാണാനും കേൾക്കാനും സാധിച്ചിരുന്നുള്ളു.
“ഞങ്ങളിൽ നിന്നു നീ എന്താണ് ആഗ്രഹിക്കുന്നത്?” ലൂസിയ ചോദിച്ചു.
“നിങ്ങൾ അടുത്ത മാസവും 13നു ഇവിടെ വരണം. നിങ്ങൾ ഇനിയും മുടങ്ങാതെ ജപമാല പ്രാർത്ഥിക്കണം. നിങ്ങളിൽ നിന്നു എന്താണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് പിന്നീട് ഞാൻ വെളിപ്പെടുത്തിത്തരും.”
ലൂസിയ അപ്പോൾ ഒരു രോഗിയായ വ്യക്തിയുടെ സൗഖ്യത്തിനായി അപേക്ഷിച്ചു. അപ്പോൾ സ്ത്രീ പറഞ്ഞു: “അദ്ദേഹം മനസാന്തരപ്പെട്ടാൽ ഈ വർഷം അവസാനിക്കുന്നതിനു മുൻപ് അദ്ദേഹം സുഖം പ്രാപിക്കും.”
ലൂസിയ വീണ്ടും ചോദിച്ചു: “നീ ഞങ്ങളെ സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു.”
സ്ത്രീ ഉത്തരം നൽകി: “ജസീന്തയെയും ഫ്രാൻസിസ്കോയെയും ഞാൻ അടുത്ത് തന്നെ സ്വർഗത്തിലേക്ക് കൂട്ടികൊണ്ടുപോകും. പക്ഷെ നീ ഇനിയും ഇവിടെ കുറെകാലംകൂടി ആയിരിക്കണം. എന്നെ എല്ലാവരും അറിയുവാനും സ്നേഹിക്കുവാനും ഈശോ നിന്നെ ഒരുപകരണം ആക്കുവാൻ തീരുമാനിച്ചിരിക്കുന്നു. എന്റെ വിമല ഹൃദയത്തോടുള്ള സ്നേഹം ലോകത്തിൽ എങ്ങും വ്യാപിക്കാൻ അവൻ ആഗ്രഹിക്കുന്നു. എന്റെ വിമല ഹൃദയത്തെ പുൽകുന്ന ഏവർക്കും ഞാൻ ഉറപ്പായ രക്ഷ വാഗ്ദാനം ചെയ്യുന്നു. അങ്ങനെയുള്ളവരുടെ ആത്മാക്കളെ ഞാൻ ദൈവത്തിന്റെ സിംഹാസനത്തിൽ അവിടുത്തെ ആരാധിക്കാൻ സമർപ്പിക്കുന്ന പൂക്കളെ പോലെ അവിടുന്ന് സ്നേഹിക്കുന്നു.”
“ഞാൻ മാത്രം ഇവിടെ ഒറ്റയ്ക്കു ആയിരിക്കണമോ?” ലൂസിയ വിങ്ങിക്കരഞ്ഞുകൊണ്ടു ചോദിച്ചു.
“എന്റെ മകളെ അങ്ങനെ അല്ല. നീ ഒരു വലിയ പദ്ധതിക്കായിട്ടാണ് വിളിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ നീ നിന്റെ ഹൃദയത്തെ വിഷമിപ്പിക്കരുത്. ഞാൻ ഒരിക്കലും നിന്നെ കൈവെടിയുകില്ല. എന്റെ വിമലഹൃദയം നിനക്കു അഭയവും ദൈവത്തിലേക്കുള്ള വഴിയും ആയിരിക്കും.”
ഇപ്രകാരം പറഞ്ഞതിനുശേഷം ആ സ്ത്രീ കൈകൾ തുറന്നു. അപ്പോൾ അതിൽനിന്നു രണ്ടാം തവണയും ഒരു വലിയ പ്രകാശം പുറപ്പെട്ടു. ആ പ്രകാശത്തിൽ അവർ തങ്ങളെ ദൈവത്തിനുള്ളിൽ കണ്ടു. ആ പ്രകാശം സ്വർഗത്തിലേക്ക് ഉയരുകയും ഭൂമിയെ മുഴുവൻ വലയം ചെയ്യുന്നതായും അവർകണ്ടു. അപ്പോൾ ആ സ്ത്രീയുടെ കൈകളിൽ മുള്ളുകളാൽ ആവരണം ചെയ്യപ്പെട്ട ഒരു ഹൃദയം. അപ്പോൾ അവർക്കു മനസിലായി മനുഷ്യ പാപത്താൽ മുറിയപെട്ട മറിയത്തിന്റെ വിമലഹൃദയം ആണ് അതെന്ന്.
സുകൃത ജപം
സ്വർലോക റാണിയായ മറിയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ.