ഫാത്തിമ മാതാവിനോടുള്ള അത്ഭുത നൊവേന: നാലാം ദിനം

പ്രാർത്ഥന

ജപമാല പ്രാർത്ഥനയിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢ രഹസ്യങ്ങൾ ഫാത്തിമയിലെ കുരുന്നു ഇടയകുഞ്ഞുങ്ങൾക്ക്‌ വെളിപ്പെടുത്തിയ എത്രയും പരിശുദ്ധയായ കന്യകാമറിയമേ. ജപമാല ഭക്തിയോടുള്ള യഥാർത്ഥ സ്നേഹത്താൽ ഞങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ. അതുവഴി ജപമാലയിൽ നിറഞ്ഞു നിൽക്കുന്ന രക്ഷാകര രഹസ്യങ്ങൾ ഇടവിടാതെ ധ്യാനിക്കുക വഴി ഞങ്ങൾ ഏറെ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും പാപികൾക്ക് മാനസാന്തരം ഉണ്ടാവുന്നതിനും ഇടയാക്കണമേ.

ലോകത്തിന്റെ മാനസാന്തരവും, ഇപ്പോൾ ഞാൻ സമർപ്പിക്കുന്ന നിയോഗവും (പ്രാർത്ഥനാ നിയോഗം സ്മരിക്കുക) ഈ നൊവേനയിലൂടെ അവിടുത്തെ മഹത്വത്തിനും അതുവഴി ദൈവ മഹത്വത്തിനും, അങ്ങയുടെ മക്കളുടെ ഐശ്വര്യത്തിനുമായി അവിടുത്തെ പുത്രന്റെ പക്കൽനിന്നു ഞങ്ങൾക്കായി പ്രാർത്ഥിച്ചു തരേണമേ.

ആമ്മേൻ
1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ.

ഫാത്തിമ മാതാവേ !
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.

ജപമാല റാണി !
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.

പരിശുദ്ധ അമ്മയുടെ അമലോൽഭവ ഹൃദയമേ!
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.

സംഭവം: പരിശുദ്ധമറിയത്തിന്റെ ഒന്നാം വെളിപ്പെടുത്തൽ
സ്ഥലം: കോവ ദാ ഇറിയ, പോർട്ടുഗൽ (13 മെയ് 1917)

പതിവുപോലെ ആടുകളെ മേയ്ക്കാൻ പോയ ഇടയബാലകരായ ലൂസിയയ്ക്കും, ഫ്രാൻസിസ്കോയ്ക്കും, അവന്റെ സഹോദരി ജസീന്തയ്ക്കും ഒരു ദിവ്യമായ അനുഭവം ഉണ്ടായി. അവരുടെ അരുകിൽ ഒരു മരത്തിനു മുകളിലായി വെണ്മഞ്ഞുപോലെ വിളങ്ങുന്ന ഒരു സ്ത്രീ രൂപം. ഒരു തവണയേ അവർ നോക്കിയുള്ളൂ അപ്പോൾ തന്നെ ആ ശോഭയുടെ നിറവിൽ ഭയന്നു അവർ പാറക്കെട്ടിലേക്കു മുഖം തിരിച്ചു. അപ്പോൾ മൃദുവായ സ്വരത്തിൽ തൂവെള്ള വസ്ത്രവും കൈകളിൽ ജപമാലയും ഏന്തിയ ആ സ്ത്രീ അവരോടു പറഞ്ഞു. “ഭയപ്പെടേണ്ട ഞാൻ നിങ്ങൾക്കു ഒരു ഉപദ്രവവും ഉണ്ടാക്കുകയില്ല”

ലൂസിയ ചോദിച്ചു: ” നീ എവിടെ നിന്നു വരുന്നു?”

“സ്വർഗ്ഗത്തിൽ നിന്നു” ആ സ്ത്രീ ഉത്തരം നൽകി.

അത് കേട്ടപ്പോൾ അവരുടെ മനസ്സിൽനിന്ന് ഭയം അകന്നു. ലൂസിയ ചോദിച്ചു: “ഞങ്ങൾ നിനക്കായ് എന്തു ചെയ്യണം എന്നാണ് നീ ആഗ്രഹിക്കുന്നത്?”

“ഞാൻ ഇപ്പോൾ വന്നത് നിങ്ങളോടു ഒരു കാര്യം ആവശ്യപ്പെടാനാണ്. ഇന്നു മുതൽ വരുന്ന 6 മാസങ്ങളിൽ ഇതേദിവസം അതായത് 13 നു ഇതേമണിക്കൂറിൽ നിങ്ങൾ ഇവിടെ വരണം. ഞാൻ ആരാണെന്നും നിങ്ങളിൽ നിന്നു ഞാൻ എന്തു ആഗ്രഹിക്കുന്നു എന്നും അപ്പോൾ നിങ്ങളോടു പറയാം. അതിനുശേഷം ഏഴാമത്തെ ഒരു തവണകൂടി ഞാൻ വരും.” ആ സ്ത്രീ അവരോടു പറഞ്ഞു.

ലൂസിയ ചോദിച്ചു: “ഇനിയും കുറെ കാലം യുദ്ധം തുടരുമോ? അതോ അതിനു അവസാനം ഉണ്ടാകുമോ?” അത് ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരി കൊള്ളുന്ന സമയമായിരുന്നു.

സ്ത്രീ പറഞ്ഞു: “ഇതിനുള്ള ഉത്തരം ഞാൻ ആരാണെന്നും എന്റെ ആവശ്യം എന്താണെന്നും വെളിപ്പെടുത്തുമ്പോൾ ഞാൻ നിങ്ങൾക്കു പറഞ്ഞു തരും”

ലൂസിയ ചോദിച്ചു: “എനിക്കും സ്വർഗ്ഗത്തിൽ എത്താൻ സാധിക്കുമോ?”

“അതെ നീ സ്വർഗ്ഗത്തിൽ എത്തും”

“അപ്പോൾ ജസീന്തയോ?”

“അവളും സ്വർഗ്ഗത്തിലെത്തും”

“അപ്പോൾ ഫ്രാൻസിസ്കോ?”

“അവനും. പക്ഷെ അവനോടു കൂടുതൽ ജപമാല ചൊല്ലാൻ നീ ആവശ്യപ്പെടണം.”

“അപ്പോൾ മരിയ ഡോസ് നെവേസ് ഇപ്പോൾ സ്വർഗ്ഗത്തിലുണ്ടോ?”

“അതെ അവൾ സ്വർഗത്തിലാണ്”

“അപ്പോൾ അമേലിയ?”

“അവൾ ഇപ്പോൾ ശുദ്ധീകരണ സ്ഥലത്താണ്. ലോകാവസാനത്തിൽ അവൾ സ്വർഗ്ഗരാജ്യം പൂകും”

സ്ത്രീ തുടർന്നു: “നിങ്ങൾക്കു നിങ്ങളെ തന്നെ ദൈവത്തിനു നൽകുവാനും, ദൈവം നിങ്ങൾക്ക് അനുവദിക്കുന്ന സഹനങ്ങൾ സ്വീകരിക്കുവാനും സമ്മതമാണോ? എന്നാൽ അത് യേശുക്രിസ്തുവിന്റെ പീഡകളേറ്റുള്ള മരണത്തിനുള്ള സാക്ഷ്യവും, ലോകത്തിലുള്ള അനേക പാപികളുടെ പാപത്തിനു അവിടുത്തെ മുൻപിൽ പരിഹാരവും ആയി തീരും.”

“അതെ ഞങ്ങൾക്ക് സമ്മതമാണ്” അവർ ഉത്തരം നൽകി.

“നിങ്ങൾ ഇപ്പോൾ മുതൽ അധികമായി സഹിക്കാൻ പോകുന്നു, എന്നാൽ ദൈവത്തിന്റെ കാരുണ്യം നിങ്ങൾക്ക് ആശ്വാസമായിത്തീരും.”

ഇപ്രകാരം പറഞ്ഞതിന് ശേഷം ആ സ്ത്രീ തന്റെ രണ്ടു കരങ്ങളും അവരിലേക്ക് ആദ്യമായി നീട്ടി. അപ്പോൾ വലിയ പ്രകാശം ആ കൈകളിൽ നിന്നു വമിക്കുകയും അത് അവരുടെ ഓരോരുത്തരുടെയും ഹൃദയത്തിലേക്ക് ചൂഴ്ന്നിറങ്ങുന്നതും അത് അവരുടെ ആത്മാവിനെ സ്പർശിക്കുന്നതായും അവർക്ക് അനുഭവപ്പെട്ടു. അവർ അവരെതന്നെ ദൈവത്തിനു ഉള്ളിലായി കാണാൻ തുടങ്ങി, ഒരു കണ്ണാടിയിലൂടെ കാണുന്നതിനേക്കാൾ വ്യക്തമായി.

അവർ മുട്ടിൽ വീണു ഇങ്ങനെ പ്രാർത്ഥിച്ചു: “ഏറ്റവും പരിശുദ്ധമായ ത്രിത്വമേ ഞാൻ അങ്ങയെ ആരാധിക്കുന്നു. എന്റെ ദൈവമേ, എന്റെ ദൈവമേ അങ്ങയെ ഞാൻ പരിശുദ്ധകൂദാശയിൽ കണ്ടുകൊണ്ടു സ്നേഹിക്കുന്നു”

കുറച്ചു സമയത്തിനുശേഷം ആ സ്ത്രീ പറഞ്ഞു: “ലോകത്തിൽ സമാധാനം പുലരുവാനും, യുദ്ധങ്ങൾ അവസാനിക്കുവാനും നിങ്ങൾ എന്നും ജപമാല ചൊല്ലി പ്രാർത്ഥിക്കുക”
ഇത്രയും പറഞ്ഞു ആ സ്ത്രീ രൂപം മറഞ്ഞു.

സുകൃത ജപം

എന്റെ മാതാവേ ഞാൻ പൂർണമായും അങ്ങേയുടേതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.