ഫാത്തിമ മാതാവിനോടുള്ള അത്ഭുത നൊവേന: ഒന്നാം ദിനം

പ്രാർത്ഥന

ജപമാല പ്രാർത്ഥനയിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢ രഹസ്യങ്ങൾ ഫാത്തിമയിലെ കുരുന്നു ഇടയകുഞ്ഞുങ്ങൾക്ക്‌ വെളിപ്പെടുത്തിയ എത്രയും പരിശുദ്ധയായ കന്യകാമറിയമേ. ജപമാല ഭക്തിയോടുള്ള യഥാർത്ഥ സ്നേഹത്താൽ ഞങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ. അതുവഴി ജപമാലയിൽ നിറഞ്ഞു നിൽക്കുന്ന രക്ഷാകര രഹസ്യങ്ങൾ ഇടവിടാതെ ധ്യാനിക്കുക വഴി ഞങ്ങൾ ഏറെ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും പാപികൾക്ക് മാനസാന്തരം ഉണ്ടാവുന്നതിനും ഇടയാക്കണമേ…ലോകത്തിൻ്റെ മാനസാന്തരവും, ഇപ്പോൾ ഞാൻ സമർപ്പിക്കുന്ന നിയോഗവും (പ്രാർത്ഥനാ നിയോഗം സ്മരിക്കുക) ഈ നൊവേനയിലൂടെ അവിടുത്തെ മഹത്വത്തിനും അതുവഴി ദൈവ മഹത്വത്തിനും, അങ്ങയുടെ മക്കളുടെ ഐശ്വര്യത്തിനുമായി അവിടുത്തെ പുത്രന്റെ പക്കൽനിന്നു ഞങ്ങൾക്കായി പ്രാർത്ഥിച്ചു തരേണമേ. ആമ്മേൻ

1 സ്വർഗ്ഗ.1 നന്മ.1 ത്രിത്വ.

ഫാത്തിമ മാതാവേ !
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.
ജപമാല റാണി !
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.
പരിശുദ്ധ അമ്മയുടെ അമലോൽഭവ ഹൃദയമേ!
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.

സംഭവം: മാലാഖയുടെ ഒന്നാം വെളിപ്പെടുത്തൽ
സ്ഥലം: ലോക്ക ദോ കാബെക്കോ, പ്രേഗിയ്‌റ

ഫാത്തിമയിലെ മാതാവിന്റെ പ്രത്യക്ഷീകരണത്തിനു മുന്നോടിയായി 1916ൽ ഇടയബാലകരായ ലൂസിയയ്ക്കും, ഫ്രാൻസിസ്കോയ്ക്കും, അവന്റെ സഹോദരി ജസീന്തയ്ക്കും ഒരു മാലാഖയുടെ മൂന്നു വെളിപാടുകളുണ്ടായി.

ആദ്യ വെളിപാടിൽ ദൈവദൂതൻ ഇപ്രകാരം അവരോടു പറഞ്ഞു; “ഭയപ്പെടേണ്ട, ഞാൻ സമാധാനത്തിൻ്റെ മാലാഖയാണ്. നിങ്ങൾ എന്നോടുകൂടെ പ്രാർത്ഥിക്കുവിൻ”. ഇപ്രകാരം പറഞ്ഞതിന് ശേഷം മാലാഖ മണ്ണിൽ മുട്ടുകുത്തി ശിരസ്സ് ഭൂമിയിൽ സ്പർശിക്കുമാറ് കുമ്പിട്ടു ദൈവത്തെ ആരാധിച്ചു.

കുട്ടികളാകട്ടെ മാലാഖ കാണിച്ചു കൊടുത്തവിധം കുമ്പിട്ടുവണങ്ങി മാലാഖ പറഞ്ഞ പ്രാർത്ഥന അവനോടുകൂടെ 3 തവണ ആവർത്തിച്ചു. ആ പ്രാർത്ഥന ഇപ്രകാരം ആയിരുന്നു.”എന്റെ ദൈവമേ ഞാൻ അങ്ങയെ വിശ്വസിക്കുന്നു, ആരാധിക്കുന്നു, പ്രത്യാശിക്കുന്നു, സ്നേഹിക്കുന്നു. അങ്ങയെ വിശ്വസിക്കാത്തവർക്കും ആരാധിക്കാത്തവർക്കും പ്രത്യാശിക്കാത്തവർക്കും സ്നേഹിക്കാത്തവർക്കുമായി ഞാൻ അങ്ങയോടു മാപ്പപേക്ഷിക്കുന്നു”.

3 തവണത്തെ പ്രാർത്ഥനയ്ക്കുശേഷം എഴുന്നേറ്റ് മാലാഖ അവരോടു പറഞ്ഞു; “ഈ പ്രാർത്ഥന ഇടവിടാതെ പ്രാർത്ഥിക്കുക. ഈശോയുടെയും മറിയത്തിന്റെയും ഹൃദയം നിങ്ങളുടെ പ്രാർത്ഥനയ്ക്കായി ചെവിചായ്ച്ചിരിക്കുന്നു”. അതിനു ശേഷം മാലാഖ അപ്രത്യക്ഷനായി.

സുകൃത ജപം
എന്റെ ദൈവമേ ഞാൻ അങ്ങയെ വിശ്വസിക്കുന്നു, ആരാധിക്കുന്നു, പ്രത്യാശിക്കുന്നു, സ്നേഹിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.