ജീവിതപ്രതിസന്ധികള്‍ ചുറ്റിലും വരിഞ്ഞുമുറുകുമ്പോള്‍ ഏതൊരാളും സംശയിച്ചുപോകാം, ദൈവം എന്നെ കൈവിട്ടോ, ദൈവം എന്നെ ഉപേക്ഷിച്ചോ, അവിടുന്നും എന്നെ മറന്നുപോയോ, ദൈവം എന്നെ സ്നേഹിക്കുന്നില്ലേ എന്നെല്ലാം. ഇത്തരത്തിലുള്ള സംശയങ്ങളിലൂടെ കടന്നുപോകുന്ന എല്ലാവര്ക്കും തിരുവചനം വ്യക്തവും കൃത്യവുമായ തെളിവ് നല്‍കുന്നുണ്ട്. ദൈവം എല്ലാവരേയും ഒരുപോലെ എപ്പോഴും സ്നേഹിക്കുന്നുണ്ട്. ദൈവസ്നേഹം വ്യക്തമാക്കുന്ന ആ തെളിവുകള്‍ ഇതൊക്കെയാണ്…
“എന്നാല്‍ പാപികളായിരിക്കെ ക്രിസ്തു നമുക്കു വേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു” (റോമ 5:8).
“ദൈവത്തിന് നമ്മോടുള്ള സ്നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്നേഹമാണ്. സ്നേഹത്തില്‍ വസിക്കുന്നവന് ദൈവത്തിലും ദൈവം അവനിലും വിശ്വസിക്കുന്നു” (1 യോഹ. 4:16).
“ക്രിസ്തു സ്വന്തം ജീവന് നമുക്കു വേണ്ടി പരിത്യജിച്ചു എന്നതില്‍ നിന്ന് സ്നേഹം എന്തെന്ന് നാമറിയുന്നു” (1 യോഹ. 3:16).
“നിങ്ങളുടെ ദൈവമായ കര്‍ത്താവാണ് ദൈവം. തന്നെ സ്നേഹിക്കുകയും തന്റെ കല്പന പാലിക്കുകയും ചെയ്യുന്നവരോട് ആയിരം തലമുറകള്‍ വരെ ഉടമ്പടി പാലിക്കുകയും ചെയ്യുന്ന വിശ്വസ്തനായ ദൈവം (നിയമാ. 7:9).
“എന്നാല്‍ പാപം വഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പന്നനായ ദൈവം നമ്മോടു കാണിച്ച മഹത്തായ സ്നേഹത്താല്‍ ക്രിസ്തുവിനോടു കൂടെ നമ്മെ ജീവിപ്പിച്ചു” (എഫേ. 2:4-5).