![Cardinal-Pietro-Parolin-740x493](https://i0.wp.com/www.lifeday.in/wp-content/uploads/2017/10/Cardinal-Pietro-Parolin-740x493-e1509267503991.jpg?resize=600%2C400&ssl=1)
പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയെ സംബന്ധിച്ചിടത്തോളം എല്ലാം പരസ്പര പൂരകങ്ങളാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയാത്രോ പരോളിൻ. പൊതു ഭരണത്തിന്റെ സംരക്ഷണവും ഭൂമിയിലെ ജീവന്റെ ഭാവിയും എന്ന വിഷയത്തെക്കുറിച്ച് നടന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ് കർദിനാൾ ഇക്കാര്യം പറഞ്ഞത്.
മാർപാപ്പയുടെ സമഗ്ര പരിസ്ഥിതി വിഞ്ജാനീയം
ഇതുസംബന്ധിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പല വിഞ്ജാനീയ പരാമർശങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ കർദിനാൾ പരോളിൻ, ശാസ്ത്രഞ്ജരടക്കമുള്ളവർ അവയെക്കുറിച്ച് പഠിക്കുക പോലും ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി. സകലതും ബന്ധപ്പെടുത്തിയുള്ള അവിടുത്തെ കണ്ടെത്തലുകളും വിലയിരുത്തലുകളുമാണ് അതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യരെയും പ്രകൃതിയെയും ചേർത്തു നിർത്തുന്ന നമ്മുടെ ഈ പൊതുഭവനത്തെ, ഭൂമിയെ സംരക്ഷിക്കുക എന്നതാണ് എല്ലാവരുടെയും പൊതു ദൗത്യമെന്നും മാർപാപ്പ പറഞ്ഞു വയ്ക്കുന്നു. സൃഷ്ടിയെക്കുറിച്ചുള്ള സുവിശേഷ ഭാഗം പോലെ പ്രകൃതിയെ ആത്മീയ രീതിയിൽ നോക്കിക്കാണാനും ഇത് സഹായിക്കും.
പരസ്പര ബന്ധിതമായ സമീപനം
ഫ്രാൻസിസ് മാർപാപ്പയുടെ പരസ്പര ബന്ധിതമായ പരിസ്ഥിതി സമീപനത്തെക്കുറിച്ചും കർദിനാൾ പിയാത്രോ പരോളിൻ വ്യക്തമാക്കി. ദൈവത്തോടും സഹജീവികളോടുമുള്ള സ്നേഹം പോലെ തന്നെ പ്രധാനവും അത്യാവശ്യവുമാണ് പ്രകൃതിയോടുള്ള സ്നേഹവും.
മനുഷ്യനിൽ കുടികൊള്ളുന്ന പാപം പോലെയാണ് ഭൂമിയെ നശിപ്പിക്കുന്ന വസ്തുക്കളും. വലിച്ചെറിയൽ സംവിധാനം അക്കൂട്ടത്തിലൊന്നാണ്. മനുഷ്യന്റെ വളർച്ചയും പുരോഗതിയും ശ്രദ്ധയോടെയാകണം എന്ന് ചുരുക്കം.
ക്രൈസ്തവ പ്രബോധനം
സൃഷ്ടിയുടെ മകുടമായാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ മനുഷ്യന് ദൈവം വിലപിടിപ്പുള്ള ഒരു സമ്മാനവും നൽകി അതാണീ പ്രപഞ്ചം. മനുഷ്യന്റെ സുഭിക്ഷവും സുരക്ഷിതവുമായ ജീവിതത്തിനായി ദൈവം നൽകിയ സമ്മാനത്തെ കാത്തുസൂക്ഷിക്കുക എന്നത് നാമോരോരുത്തരുടെയും കടമയുമാണ്. കർദിനാൾ ഓർമ്മിപ്പിച്ചു.
ഉത്തരവാദികൾ നാം തന്നെ
ദൈവവുമായും സഹജീവികളുമായും ലോകവുമായും എല്ലാവർക്കും ബന്ധമുണ്ടാകണം. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നാം ദൈവത്തിന്റെ സ്ഥാനത്തു നിന്ന് പ്രകൃതിയെ കാത്തുരക്ഷിക്കാൻ കടപ്പെട്ടിരിക്കുകയാണ്. കർദിനാൾ വ്യക്തമാക്കി.