വളരെ വ്യത്യസ്തമായ രീതിയിലാണ് അര്‍മേനിയയില്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഈസ്റ്ററിനോട് അനുബന്ധിച്ച് വ്യത്യസ്തമായ പല പാരമ്പര്യങ്ങളും അര്‍മേനിയയില്‍ നിലനില്‍ക്കുന്നുണ്ട്. ഈസ്റ്ററിനെ അര്‍മേനിയക്കാര്‍ സമൃദ്ധിയുടെ ആഘോഷമായി ആണ് കണക്കാക്കുക. അതിനാല്‍ തന്നെ ഈസ്റ്ററിനു മുന്നോടിയായിയുള്ള ഒരുക്കങ്ങള്‍ അവര്‍ നാല്പതു ദിവസം മുന്നേ തുടങ്ങും.
ഈസ്റ്ററിനു മുന്‍പായി പയറോ അതുപോലുള്ള ധാന്യങ്ങളോ മുളപ്പിക്കുന്നതിനായി ഒരു ട്രേയില്‍ സൂക്ഷിക്കും. ട്രേയില്‍ സൂക്ഷിക്കുന്ന ധാന്യങ്ങളെ ഒരു കട്ടിയുള്ള തുണി ഉപയോഗിച്ച് മൂടി പ്രകാശമുള്ള സ്ഥലത്ത് വയ്ക്കും. ഈസ്റ്റര്‍ ആകുമ്പോള്‍ അവയ്ക്ക് മുളകള്‍ പൊട്ടും. ഇവ വസന്തത്തിന്റെയും പ്രകൃതിയുടെ ഉയിര്‍പ്പിന്റെയും പ്രതീകമായിയാണ് അര്‍മേനിയക്കാര്‍ വിശ്വസിക്കുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ മുളപ്പിച്ച ധാന്യങ്ങളും കളറില്‍ മുക്കിയ മുട്ടകളും കൊണ്ടാണ് ഇവര്‍ മേശകളും മറ്റും അലങ്കരിക്കുന്നത്.
ചുമന്ന നിറത്തിലുള്ള മുട്ടകളും മധുരമുള്ള ബ്രഡും അന്നേ ദിവസം സൂക്ഷിക്കുന്നതിന് പിന്നില്‍ അര്‍മേനിയക്കാരുടെ ഇടയില്‍ രസകരമായ ഒരു ബൈബിള്‍ മിത്ത് ഉണ്ട്. ഈശോയെ കുരിശില്‍ തറക്കുന്നതിനായി കൊണ്ടുപോകുന്ന സമയം മറിയത്തിന്റെ കൈവശം ഉണ്ടായിരുന്ന ഷോളില്‍ കുറച്ചു മുട്ടകളും അപ്പവും ഉണ്ടായിരുന്നു. തന്റെ മകനെ കുരിശില്‍ തറക്കുന്നതും അവന്റെ കൈയ്യില്‍ നിന്ന് ചോരവാര്‍ന്നു ഒഴുകുന്നതും കണ്ട മറിയം മുട്ടുകുത്തി നിലവിളിച്ചു കരഞ്ഞു. അമ്മയുടെ കണ്ണുനീരും മകന്റെ രക്തത്തുള്ളികളും ഷോളില്‍ പതിഞ്ഞു. അതില്‍ സൂക്ഷിച്ചിരുന്ന മുട്ടകളും അപ്പവും ചുമന്ന നിറമായി. പിന്നീട് മറിയം ആ ഷോള് തലയില്‍ ഇട്ടു.
ഈ ഒരു വിശ്വാസത്തെ മുന്‍ നിര്‍ത്തി അര്‍മേനിയക്കാര്‍ ചുമന്ന നിറത്തില്‍ മുക്കിയ ഈസ്റ്റര്‍ മുട്ടകള്‍ ഉപയോഗിക്കുന്നു. കൂടാതെ പള്ളിയില്‍ പോകുമ്പോള്‍ സ്ത്രീകള്‍ തലയില്‍ തുണിയും ഉപയോഗിക്കുന്നു.