
മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവരോടുള്ള സ്നേഹസൂചകമായി മുന്നാം നാള് അവരുടെ കല്ലറ സന്ദര്‍ശിക്കുക എന്നത് യഹൂദപാരമ്പര്യമായിരുന്നു. മരിച്ച് മൂന്ന് ദിവസത്തോളം ആത്മാവ് ശരീരത്തെ ചുറ്റിപ്പറ്റിയുണ്ടാവും എന്നും, മൂന്നാം ദിവസമായിരിക്കും ആത്മാവ് ശരീരത്തെ ഉപേക്ഷിച്ച് ലോകം വിട്ട് പോകുന്നതെന്നും അവര്‍ കരുതിയിരുന്നു. മഗ്ദലേന മറിയം ക്രിസ്തുവിന് അവസാന ഉപചാരമര്പ്പിക്കാന് എത്തുന്നത് ഇത്തരമൊരുരുപാരമ്പര്യത്തിന്റെ പേരിലായിരുന്നിരിക്കണം. എങ്കിലും മറിയത്തിന്റെ സന്ദര്‍ശനത്തിന് പ്രത്യേകതകള്‍ ഏറെയുണ്ട്. മൂന്നാംദിനം വെളിച്ചം വീഴുന്നിടം വരെ കാത്തിരിക്കാന്‍ അവള്‍ക്ക് മനസ്സ് വരുന്നില്ല. സ്നേഹത്തിന്റെ പേരില്‍ അക്ഷമയായ അവള് നിയമത്തിന്റെ അതിരുകള്‍ അവസാനിക്കുന്ന, അതായത് സാബത്ത് അ വസാനിക്കുന്ന ആദ്യനിമിഷത്തില്‍ തന്നെ കല്ലറയിങ്കലേക്ക് ഓടുന്നു. വെറുതെ അവിടെപ്പോയി ഹൃദയം തുറക്കുക എന്നേ അവള് ഉദ്ദേശിച്ചിട്ടുള്ളൂ. ഒന്നുന്നു കൂടി കരഞ്ഞു തീര്‍ക്കുക, അത്ര തന്നെ. ക്രിസ്തുവിന്റെ കല്ലറയിങ്കലേക്ക് ആദ്യം ഓടുന്നതും ഉത്ഥിതനായ ക്രിസ്തുവിനെ ആദ്യം കാണുന്നതും മഗ് ദലേനമറിയമാണ് എന്നത് ഒരു യാദൃച്ഛികതയല്ല. ദൈവം സുന്ദരമായ ഒരു സന്ദേശം അതിലൂടെ വരച്ചു വെക്കുന്നുണ്ട്.
ഏഴു പിശാചുക്കള്‍ പുറത്താക്കപ്പെട്ട് ദൈവികസ്വാതന്ത്ര്യത്തിലേക്ക് ക്രിസ്തുവിനാല്‍ സ്വീകരിക്കപ്പെട്ടവളാണ് മഗ്ദലേന. അധപതനത്തിന്റെ ആഴത്തെക്കുറിച്ച് അതില്‍ക്കൂടുതല്‍ ഒരുരുസൂചന വിശുദ്ധഗ്രന്ഥത്തിനകത്ത് നല്കാനില്ല. പാപകരമായ ജീവിതം കൊണ്ട് ആത്മാവ് മൃതമായിരുന്നവളാണ് ക്രിസ്തുസാമീപ്യത്തില് ഉയിര്ത്തെഴുന്നേല്ക്കുന്നത്. അത് ശരിക്കും ഒരു പുതുജീവിതം തന്നെയായിരുന്നു മറിയത്തിന്. പിന്നീട് അവള് ഒന്നിനും അടിയറവ് പറയുന്നില്ല. ജീവിതം ക്രിസ്തുവിന് സമര്‍പ്പിച്ച് അവള് സ്നേഹത്തിന്റെ കൂടാരത്തില്‍ ധ്യാനിക്കുന്നു. സ്നേഹം അവള് അറിഞ്ഞത് പാപക്ഷമയിലൂടെയാണ്. കൂടുതല്‍ ക്ഷമ സ്വീകരിച്ചവര്‍ക്ക് കൂടുതല്‍ സ്നേഹിക്കാന്‍ കഴിയുമെന്ന ക്രിസ്തുവിന്റെ വാക്കുകളുടെ ഉടല്സാക്ഷ്യമായിരുന്നു അവള്. പാപത്തിലൂടെ മരണത്തില്‍ വീണിട്ടും അവളെ അതില്‍ വിട്ടുകളയാതെ തേടിച്ചെന്ന ഇടയനെ എങ്ങനെ അവള്‍ക്ക് മരണത്തില്‍ ഉപേക്ഷിക്കാനാകും? അതുകൊണ്ടാണ് നിയമം വേര്‍പെടുത്തിയ മണിക്കൂറുകള്‍ക്ക് ശേഷം അവള് ക്രിസ്തുവിന്റെ സ്നേഹം ധ്യാനിക്കാന്‍ കുടീരത്തിങ്കലെത്തുന്നത്.
ഹൃദയം ദു:ഖപൂരിതമായിരുന്നതുകൊണ്ട് ഉത്ഥാനപ്രവചനമൊന്നും അവളുടെ മനസ്സിന്റെ ജാലകങ്ങള്‍ തുറക്കുന്നില്ല. അന്ന് ചിലപ്പോഴൊക്കെ സംഭവിച്ചിരുന്നതുപോലെ ഒന്നുകില്‍ കൊള്ളക്കാരോ അല്ലെങ്കില്‍ ക്രിസ്തുവിനോട് പകതീരാഞ്ഞ് അവനെ ക്രൂശിച്ചവരോ അവന്റെ ശരീരം മോഷ്ടിച്ചുകൊണ്ട് പോയി എന്ന് കരുതാനേ പാവം മറിയത്തിനാകുന്നുള്ളൂ. പക്ഷേ അവള് പോകുന്നത് നേരെ പത്രോസിന്റെ അടുക്കലേക്കാണ്. ഉത്തരവാദിത്തപ്പെ ട്ടവനായി അവനെയാണ് ക്രിസ്തു നിയമിച്ചിരിക്കുന്നത് എന്ന് മറിയത്തിന് പോലും അറിയാമായിരുന്നു എന്നത്, നമ്മുടെ ചിന്തകളെ സഭയുടെ പിറവിക്ക് മുമ്പുള്ള സാഹചര്യങ്ങളിലേക്ക് എത്തി നോക്കാന്‍ പ്രേരിപ്പിക്കണം. പത്രോസും ക്രിസ്തു സ്നേഹിച്ചിരുന്ന ശിഷ്യനും-യോഹന്നാന് ആണെന്ന് പാരമ്പര്യം- കല്ലറയിങ്കലേക്ക് ഓടുന്നു. രണ്ടുപേരും കച്ച കാണുന്നു. ഒടുവിലെത്തിയവനെങ്കിലും പത്രോസാണ് തലയില്‍ കെട്ടിയിരുന്ന തൂവാല ഒരിടത്ത് ചുരുട്ടി വെച്ചിരിക്കുന്നത് കണ്ടത്. ചുരുട്ടി വെച്ചിരുന്ന തൂവാലയാണ് ഉയിര്‍പ്പിന്റെ ആദ്യസ ന്ദേശം ശക്തമായി വിളിച്ചോതുന്നത്. തൂവാല ചുരുട്ടി വെച്ച് ക്രിസ്തു മറഞ്ഞിരിക്കുന്നു പത്രോസിനും പ്രിയ ശിഷ്യനും. അവര്‍ രണ്ടുപേരും മടങ്ങിപ്പോകുന്നത് തലയില്‍ അല്പം വെളിച്ചം വീണതുകൊണ്ടായിരിക്കണം. പക്ഷേ മറിയത്തിന്നു പോകാന്‍ കഴിയുന്നില്ല. സ്നേഹത്തിന്റെ ഒരു ശാഠ്യത്തിന്റെ പേരില്‍ അവള് അവിടെ നില്‍ക്കുന്നുണ്ടെന്നും ക്രിസ്തു അവള്‍ക്ക് പ്രത്യക്ഷനാകുന്നുവെന്നും പിന്നീട് നാം വായിക്കുന്നുണ്ട്.
ആരവങ്ങളില്ലാത്ത ക്രിസ്തുവിന്റെ ഉയിര്‍പ്പ് നമ്മളെ വിസ്മയിപ്പിക്കേണ്ടതാണ്. ഓശാനഞായറാഴ്ചയും കുകുരിശിന്റെ യാത്രയിലും വലിയ ജനക്കൂട്ട മാണ് അവനെ അനുഗമിച്ചത്. എന്തുകൊണ്ട് ‘ഭൂമിയെ വിറപ്പിക്കുന്ന’ ഒരു അത്ഭുതത്തിലൂടെ, തന്നെ ഓശാന പാടി എതിരേറ്റവര്ക്കോ തന്നെ പീഡിപ്പിച്ചവര്ക്കോ അവന് പ്രത്യക്ഷനാകുന്നില്ല? എന്തുകൊണ്ട് അവന് ജറുസലേം ദേവാലയത്തിലെ കര്‍മ്മങ്ങള്‍ക്കിടെ പ്രത്യക്ഷനാകുന്നില്ല? ജനനം പോലെ തന്നെ ഉത്ഥാനവും അവഗണിക്കപ്പെട്ടേക്കാവുന്ന സാധാരണകാര്യങ്ങള്‍ പോലെതന്നെയായി ക്രിസ്തുവിന്. എന്തുകൊണ്ട്? ക്രൈസ്തവവിശ്വാസത്തിന്റെ ആധാരമായി നില്‍ക്കുന്നത് ഉത്ഥാനമാണെങ്കില് അവനതിലൂടെ പറയാനുദ്ദേശിച്ചത്, തിരിച്ചറിവിന്റെ തലങ്ങളിലാണ് ഏറ്റവും വലിയ അത്ഭുതങ്ങള്‍ സംഭവിക്കുന്നത് എന്ന് ഓര്‍മ്മപ്പെടുത്താനാണ്.
പരസ്യജീവിതത്തിലരങ്ങേറിയ അത്ഭുതങ്ങളും അടയാളങ്ങളും ഉത്ഥാനത്തിലേക്കുള്ള ചൂണ്ടുപലകകള്‍ മാത്രമായി. ചുരുട്ടിവെച്ചിരിക്കുന്ന ഒരുരു തൂവാല കണ്ട് പത്രോസും പ്രിയ ശിഷ്യനും ദൈവരാജ്യത്തിന്റെ സന്ദേശത്തിലേക്ക് നടന്ന് കയറുകയാണിവിടെ. മരണത്തിനുനുമുമ്പ് പറഞ്ഞ് വെച്ച വാക്കുകള്‍ വിശ്വസിക്കാന്‍ ഒരുരു സൂചന നല്കി, അവന് തന്റെ ശിഷ്യരെ യാത്രയാക്കി മറഞ്ഞിരിക്കുന്നത്, മനസ്സില്‍ ഒരുരു മനനത്തിനുശേഷം കൂടുതല്‍ വ്യക്തമായി അവര്‍ അവനെ മനസ്സിലാക്കി വിശ്വസിക്കേണ്ടതിനാണ്. ദൃശ്യസാന്നിധ്യത്തിലൂടെ അവര്‍ തന്നെ തിരിച്ചറിഞ്ഞ് പിന്നീടും മറഞ്ഞിരിക്കാന്‍ പോകുന്ന തന്റെ വഴികള്‍ അവര്‍ മനസ്സിലാക്കുന്നതിനു വേണ്ടിക്കൂടിയാണ്.
അതിലും കൂടുതലായി മറ്റു ചിലതുകൂടിയുണ്ട് ഇതില്‍. മൂന്നുവര്‍ഷം കൂടെ കൊണ്ട് നടന്ന് പഠിപ്പിച്ച് വളര്‍ത്തി അധികാരവും ഉത്തരവാദിത്തവും നല്കിയ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അവന് ആദ്യം പ്രത്യക്ഷനാകാതിരിക്കുന്നത് ദൈവരാജ്യത്തിന്റെ നിയമങ്ങളും പ്രവര്‍ത്തനങ്ങളും മാനുഷികയുക്തിയനുസരിച്ചോ മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ചോ അല്ല എന്ന് ഓര്‍മ്മപ്പെടുത്താനാണ്. ഇവിടെ ക്രിസ്തുവിന്റെ പ്രിയപ്പെട്ട അപ്പസ്തോലന്മാര്ക്ക് എളിമപ്പെട്ടേ തീരൂ. ഭൂമിയിലെ അധികാരവും പ്രൗഡിയുമെല്ലാം സ്നേഹത്തിന്റെ നിയമങ്ങളില്‍ മാറ്റുരക്കപ്പെടുമ്പോള് ദൈവരാജ്യത്തില്‍ അവ അപ്രധാനങ്ങളോ ചെറുതോ ആയി പരിണമിച്ചേക്കാം. സുവിശേഷം പ്രസംഗിച്ചുവെന്നതോ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു എന്നതോ പിശാചുക്കളെ പുറത്താക്കി എന്നതോ ദൈവരാജ്യത്തിലെ അംഗീകരിക്കപ്പെടലിന് മാനദണ്ഡമായിരിക്കില്ല. മത്തായി 7:22 ല്‍ ക്രിസ്തു അത് പറയുന്നുമുണ്ട്. ക്രിസ്തുനാഥനെ കണ്ടു എന്ന മഗ്ദലേനയുടെ സാക്ഷ്യപ്പെടുത്തലില്‍ ശിഷ്യന്മാര് ഇത് തിരിച്ചറിയുന്നുണ്ടാവണം. വെറും ഒരു പെണ്ണിന്, യഹൂദസംസ്ക്കാരം യാതൊരുരു വിലയും കല്‍പ്പിക്കാത്ത സ്ത്രീക്ക്, അധികാരമോ കല്പനയോ ലഭിക്കാതിരുന്ന പാപിയായിരുന്ന ഒരു വ്യക്തിക്ക് ക്രിസ്തു തന്റെ ആദ്യ ദര്‍ശനം നല്കി. അപ്പസ്തോലന്മാര്ക്ക് അസൂയക്കും കെറുവിക്കലിനും അവസരമുണ്ടായിരുന്നിട്ട് കൂടി അവര്‍ ക്രിസ്തുവിന്റെ സന്ദേശം സ്വീകരിക്കുന്നു.
ഉയിര്‍പ്പിന്റെ സന്ദേശം തിരിച്ചറിവുകളുടേതാണ്. അത്ഭുതങ്ങളോ പീഡാസഹനങ്ങളോ അല്ല നിന്നെ ചിന്തിപ്പിക്കേണ്ടത്. ദൈവത്തിന്റെ സാധാരണ ഇടപെടലുകളാണ്. മുള്‍പ്പടര്‍പ്പ് കത്തിയിട്ടും ചാമ്പലാകാഞ്ഞത് കണ്ട് നോക്കി നിന്ന് ദൈവസ്വരം ശ്രവിച്ച മോശയെപ്പോലെ, ഒരു തൂവാല ചുരുട്ടി വെച്ചിരിക്കുന്നത് കണ്ട് ക്രിസ്തുവിന്റെ വാക്കുകളെ വിശ്വസിച്ച പത്രോസിനെയും പ്രിയശിഷ്യനേയും പോലെ നിനക്ക് ചുറ്റും, അനങ്ങുന്ന ഇലയേയും, പെയ്യുന്ന മഴയേയും നീ ശ്രദ്ധിക്കണം. ഓശാനകളില്‍ സന്തോഷിച്ചാലും പീഡാസഹനങ്ങളില്‍ തകര്‍ന്നാലും കാത്തിരിപ്പിന്റെ നാളുകള്‍ക്കൊടുവില്‍ നിന്റെ ദൈവം നിന്നെ സന്ദര്‍ശിക്കുമെന്നും ഉയിര്‍പ്പിക്കുമെന്നും നീ വിശ്വസിക്കണം. ഒരു ഓശാനവിളിയും പീഡനനാളുകളും ശാശ്വതമല്ലെന്നും അതിലൂടെയെല്ലാം ദൈവം നിന്നെ ഉയിര്‍പ്പിന്റെ മഹത്വത്തിലേക്ക് ജീവിതത്തിനുമപ്പുറത്ത് നിത്യജീവിതത്തില്‍ നിനക്ക് വേണ്ട പാഠങ്ങളിലേക്ക് നിന്നെ നയിക്കുകയാണെന്ന് നീ ഓര്‍ക്കണം.
ഉയിര്‍പ്പ് തിരിച്ചറിവിന്റെ ആന്തരികാനന്ദമാകുന്നത് നീ ദൈവത്തെ സ്നേഹിക്കുന്നുവെങ്കില്‍ മാത്രമാണ്. ഒരു പോഴനെപ്പോലെ നിനക്ക് കരയാനും ചിരിക്കാനും ദൈവം നിനക്ക് ഒരു കൂട്ടുകാരനോ കൂട്ടുകാരിയോ ആകണം. പത്രോസിനേപ്പോലെ ഒരുനാള്‍ തള്ളിപ്പറഞ്ഞാലും അവന്റെ നോട്ടത്തില്‍ ചങ്ക് തകര്‍ന്ന് കരയാനുള്ള സത്യസന്ധത ജീവിതത്തിലുണ്ടാകണം. മഗ്ദലേന മറിയത്തെപ്പോലെ ഏഴുപിശാചുക്കള് നിന്നില്‍ നിന്ന് പുറത്തു പോയതാണെങ്കിലും പാപകരമായ ഒരു ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ നിന്നെ വേട്ടയാടുന്നുണ്ടെങ്കിലും ഇത്രമേല്‍ ദൈവത്താല്‍ സ്നേഹിക്കപ്പെടുന്നല്ലോ എന്ന് തിരിച്ചറിഞ്ഞ് നന്ദിയോടെ ഏതു മരണമുഖത്തും കാവല്‍ നില്ക്കാന് നിനക്കാവണം. അതിലെല്ലാമുപരി ദൈവം ആരുടെയെങ്കിലും ജീവിതത്തിലോ ഏതെങ്കിലും സ്ഥലത്തോ ഉത്ഥിതന്റെ മഹത്വത്തില്‍ കാണപ്പെടുന്നുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ പുതപ്പ് വലിച്ച് കയറ്റി ഒന്ന് കൂടി തിരിഞ്ഞുകിടന്നുറങ്ങാതെ അതിരാവിലെ എഴുന്നേറ്റ് ഉത്ഥിതനെ കാണാനുള്ള ത്വരയോടെ ഓടുന്ന പുലരിയുടെ മനസ്സുണ്ടാവണം.
ഫാ. ബിജു മഠത്തിക്കുന്നേല്‍, സി. എസ്. എസ്. ആര്.