
‘ഈ അമ്മയെ മാറ്റി പകരം മറ്റൊരു അമ്മയെ തരട്ടേന്ന് ദൈവം ചോദിച്ചാല്‍ ഞാന്‍ വേണ്ടാന്നു പറയും’ ക്രിസോസ്റ്റം വലിയ തിരുമേനി തന്റെ അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്. വേര്‍ഡ് ടു വേള്‍ഡ് ചാനലിനു നല്കിയ അഭിമുഖത്തിലാണ് വലിയ തിരുമേനി തന്റെ അമ്മയെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവച്ചത്.
നൂറ്റിയൊന്നാം വയസിന്റെ നിറവിലും അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങുന്ന ഒരു പിഞ്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ വലിയതിരുമേനി അമ്മയെക്കുറിച്ചു പറഞ്ഞു തുടങ്ങി.’ എന്റെ അമ്മ ഒരു സ്ത്രീ ആയിരുന്നു. വല്യ വിദ്യാഭ്യാസം ഉള്ള ആളല്ലായെങ്കിലും മക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു ചെയ്യുവാന്‍ അമ്മക്ക് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. അത് ഞങ്ങള്‍ ചോദിക്കുന്നതൊക്കെ തന്നുകൊണ്ടല്ല. മറിച്ച്, മക്കളായ ഞങ്ങള്‍ക്ക് അത് ആവശ്യമാണെന്ന് അമ്മയ്ക്ക് തോന്നിയാല്‍ അമ്മ അത് ഞങ്ങള്‍ക്ക് സാധിച്ചു തരുമായിരുന്നു. അമ്മയ്ക്ക് മക്കളോട് വലിയ സ്നേഹമായിരുന്നു. പിതാവ് അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ മുഴുകി.
കുടുംബത്തില്‍ ആദ്യം ദൈവത്തിന്റെ പക്കലേയ്ക്ക് യാത്ര ചെയ്തത് അമ്മയാണ്. ആ അമ്മയ്ക്കുപകരം മറ്റൊരാളെ ആലോചിക്കുവാനെ കഴിയില്ല വലിയ തിരുമേനിക്ക്. അത്രയ്ക്ക് ഇഷ്ടമായിരുന്നു പിതാവിന് തന്റെ അമ്മയെ. അഞ്ചു മക്കളില്‍ ഏറ്റവും വികൃതിയായ കുട്ടിയായിരുന്നു വലിയ തിരുമേനി. ആഴ്ചയില്‍ മൂന്നു നാല് ദിവസമെങ്കിലും തിരുമേനിക്ക് അമ്മയുടെ കയ്യില്‍ നിന്നും തല്ലുകിട്ടും. അമ്മയുടെ വഴക്കു കേള്‍ക്കാത്ത ഒരു ദിവസം പോലും ബാല്യത്തില്‍ തിരുമേനിയുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. പലപ്പോഴും അമ്മയുടെ വഴക്കുകേള്‍ക്കാതെ ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല എന്ന് വലിയ തിരുമേനി ഓര്‍ക്കുന്നു.
തന്റെ ആത്മീയ ജീവിതത്തിലേക്കുള്ള ആദ്യ പാഠങ്ങള്‍ പകര്‍ന്നു തരുവാന്‍ അമ്മ എപ്പോഴും ശ്രമിച്ചിരുന്നു. സഭയുടെ ചെലവിലാണ് നിങ്ങളെ പഠിപ്പിക്കുന്നതെന്നും അതിനാല്‍ നിങ്ങളിലൂടെ സഭയ്ക്ക് ഒരു പ്രയോജനം ഉണ്ടാകണം എന്നും അമ്മ എന്നും ഓര്‍മിപ്പിച്ചിരുന്നു. ഒരു അച്ഛന്റെ മകന് അനുയോജ്യമായ രീതിയില്‍ ജീവിതം നയിക്കുവാന്‍ അമ്മ ശീലിപ്പിച്ചിരുന്നു. പിതാവ് കൂട്ടിച്ചേര്‍ത്തു. തന്റെ നന്മയെക്കാള് തന്റെ മക്കളുടെ നന്മ ആഗ്രഹിക്കുന്ന മനസാണ് അമ്മയുടേത്. അതാണ് അമ്മ മനസ്. പിതാവ് ചൂണ്ടിക്കാട്ടി.
വര്‍ഷങ്ങള്‍ ഏറെയായെങ്കിലും അമ്മയോടൊപ്പം ചിലവഴിച്ച നിമിഷങ്ങള്‍ ഇന്നും പിതാവിന്റെ ഓര്‍മയില്‍ പച്ചകെടാതെ നില്‍പ്പുണ്ട്. അമ്മക്കൊപ്പം യാത്രചെയ്തതിന്റെ ഓര്‍മ്മകളും അമ്മ പഠിപ്പിച്ചു നല്കിയ ഉപദേശങ്ങളും ഇപ്പോഴും തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയാണ് ഈ വലിയ ഇടയന്. ഒരു അജഗണത്തെ നയിക്കുന്നതിനുള്ള ആത്മീയവും ഭൗതികവുമായ കരുത്തും അറിവും പകര്‍ന്ന അമ്മയ്ക്ക് മുന്നില്‍ ശിരസു നമിക്കുകയാണ്. പിതാവ് പറയുന്നു.
കടപ്പാട്: വേര്‍ഡ് ടു വേള്‍ഡ് ചാനല്‍