ഏറ്റവും കരുണ ലഭിക്കുന്ന തിരുനാള്‍ എന്നാണ് കരുണയുടെ തിരുനാള്‍ ദിനം അറിയപ്പെടുന്നത്. കര്‍ത്താവിന്റെ കരുണ ലോകം മുഴുവനെയും വലയം ചെയ്യുന്ന ഒരു പുണ്യ ദിനം. ഓരോ ആത്മാവും രക്ഷപെടണമെന്ന് ആഗ്രഹിക്കുന്ന ദൈവത്തിന്റെ വലിയ സ്നേഹത്തില്‍ നിന്നും പിറവികൊണ്ട ആ ദിനാചരണത്തിന് മുന്നോടിയായി വ്യത്യസ്തമായ രീതിയില്‍ ദൈവത്തിന്റെ കരുണയെ പാടിപുകഴ്ത്തിയിരിക്കുകയാണ് എംസിബിഎസ് കോട്ടയം പ്രൊവിന്‍ഷ്യല്‍ ഹൗസിലെ ഏതാനും വൈദികര്‍.
‘ഞങ്ങളുടെ മേല്‍ കരുണ തോന്നണമേ’ എന്ന പേരില്‍ കരുണക്കൊന്തയുടെ ഒരു ഗാനചിത്രീകരണമാണ് വൈദികര്‍ ചേര്‍ന്ന് തയാറാക്കിയിരിക്കുന്നത്. ഫാ. ആന്‍ജോ കാരപ്പള്ളി, ഫാ. ജിം പുന്നക്കാലായില്‍ എന്നീ വൈദികരുടെ ഒരു ചിന്തയാണ് ‘ഞങ്ങളുടെ മേല്‍ കരുണ തോന്നണമേ’ എന്ന ഈ ഗാനശുശ്രൂഷയിലേയ്ക്ക് നയിച്ചത്.
കുരിശ് കൈകളിലേന്തി, കൊച്ചച്ചന്മാരും മുതിര്‍ന്ന അച്ചന്മാരും ഒന്നുചേര്‍ന്ന് പാടി അവതരിപ്പിച്ച ഈ കരുണക്കൊന്തയുടെ അവസാന ആശീര്‍വാദം നല്‍കുന്നത് പ്രൊവിന്‍ഷ്യാള്‍ അച്ചനായ ഫാ. ഡോമിനിക് മുണ്ടാട്ട് ആണ്. ഫാ. ആന്‍ജോ കാരപ്പള്ളി, ഫാ. ജിം പുന്നക്കാലയില്‍, ഫാ. ജോണ്‍ പെരുമണ്ണിക്കാലാ, ഫാ. സെബാസ്റ്റ്യന്‍ ഈറ്റൊലില്, ഫാ. മെല്വിന് സ്രാംബിക്കല്‍. ഫാ. അബ്രഹാം മോളോപ്പറമ്പില്‍, ഫാ. ജിനു കൈതക്കളം, ബ്ര. ജെയിന് പുത്തെന്‍പുരയ്ക്കല്‍, ബ്ര. ജോഷി തുപ്പെലഞ്ഞി എന്നിവരാണ് ഈ വീഡിയോയിലെ ഗാന ശുശ്രൂഷയില്‍ ഉള്ളത്.
ലോകം ഇപ്പോള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന രോഗഭീതിയുടെ ദിനങ്ങളെയും രോഗികളെയും അവരെ ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍ മറ്റ് അധികാരികള്‍ തുടങ്ങിയവരെയെല്ലാം സമര്‍പ്പിച്ചുകൊണ്ടും അവരിലേയ്ക്കെല്ലാം ദൈവത്തിന്റെ കരുണ വര്‍ഷിക്കപ്പെടാന്‍ അപേക്ഷിച്ചുകൊണ്ടുമാണ് കരുണക്കൊന്തയുടെ ഈ വ്യത്യസ്തമായ അവതരണം വൈദികര്‍ നടത്തിയിരിക്കുന്നത്. ലോകത്തിന് എത്രയും വേഗം സൗഖ്യവും സമാശ്വാസവും നല്കണമേയെന്ന അപേക്ഷയോടെയുള്ള ഈ ഗാനശുശ്രൂഷ ആത്മീയാനന്ദവും സമാധാനവും പകരുന്നതും ദൈവകരുണയുടെ സ്വീകരണത്തിന് ഏവരെയും ഒരുക്കുന്നതുമാണ്.
വീഡിയോഗ്രഫിയും എഡിറ്റിങ്ങും പ്രൊഫഷണല്‍ ആയി പഠിച്ചിട്ടില്ലെങ്കിലും ദൈവകകരുണ കേന്ദ്രീകരിച്ചുള്ള ഗാനചിത്രീകരണം ഏവര്‍ക്കും പ്രചോദനമായി മാറുകയാണ്.