മോണ്‍. പൊഴോലിപ്പറമ്പിലിന്റെ മെത്രാഭിഷേകം ഇന്ന് ചെന്നൈയില്‍

നുത്തന്‍ചേരി: ഹൊസൂര്‍ രൂപതാ സ്ഥാപനവും നിയുക്ത ബിഷപ് മോണ്‍. സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പിലിന്റെ മെത്രാഭിഷേകവും ഇന്ന് ചെന്നൈ മിഷനിലെ നുത്തന്‍ചേരി സെന്റ് ആന്റണീസ് സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കും.

ഉച്ചയ്ക്ക് രണ്ടിന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്കു ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ധര്‍മപുരി രൂപത ബിഷപ് ഡോ. ലോറന്‍സ് പയസ് ദ്വരൈരാജ് എന്നിവര്‍ സഹകാര്‍മികരാകും.

സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ സന്ദേശം നല്‍കും. ഇരിങ്ങാലക്കുട രൂപത വികാരി ജനറാളും സീറോ  മലബാര്‍ ചെന്നൈ മിഷന്‍ കോ  ഓര്‍ഡിനേറ്ററുമായ മോണ്‍. ജോസ് ഇരുമ്പന്‍ തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ച് ഡീക്കനാകും. മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍ വായിക്കുന്ന നിയമനപത്രം ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ റവ.ഡോ. നെവിന്‍ ആട്ടോക്കാരന്‍ പരിഭാഷപ്പെടുത്തും.

തുടര്‍ന്ന് അഭിഷിക്തനാകുന്ന മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും. വിവിധ രൂപതാ മെത്രാന്മാരും സീറോ മലബാര്‍ സഭയുടെ യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ സഹകാര്‍മികരാകും. സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്കു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും.

മുഴുവന്‍ തിരുക്കര്‍മങ്ങളുടെയും മാസ്റ്റര്‍ ഓഫ് സെറിമണി ഇരിങ്ങാലക്കുട രൂപത മുന്‍ ചാന്‍സലര്‍ റവ. ഡോ. ക്ലമന്റ് ചിറയത്ത് ആയിരിക്കും. കേരളത്തിന് അകത്തും പുറത്തുമുള്ള നാല്പതോളം മെത്രാന്മാര്‍ മെത്രാഭിഷേക ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.