അഞ്ചു വ്യത്യസ്ത കുരിശുകളും അവയുടെ അർത്ഥങ്ങളും

    രക്ഷയുടെ പ്രതീകമാണ് കുരിശ്. ക്രൈസ്തവ ജീവിതത്തിന്റെ മുഖമുദ്രയും രക്ഷയുടെ അടയാളവുമാണ് കുരിശ്. വിശുദ്ധ കുരിശിനെ ലോകമെമ്പാടും ക്രൈസ്തവർ നൂറ്റാണ്ടുകളായി വണങ്ങുന്നു.

    പല തരത്തിലുള്ള കുരിശ് നാം കാണാറുണ്ട്. എന്നാല്‍ അവയൊക്കെ വ്യത്യസ്തങ്ങളായ ആശയങ്ങളെ സൂചിപ്പിക്കുന്നു. സഭയിലെ പുരാതനമായ അഞ്ചു വ്യത്യസ്ത കുരിശുകളും അവയുടെ അർത്ഥങ്ങളും ചുവടെ ചേര്‍ക്കുകയാണ്.

    1. മാർപാപ്പയുടെ കുരിശ് (Papal Cross)

    പരിശുദ്ധ മാർപാപ്പയുടെ പരിശുദ്ധ സിംഹാസനത്തെ ആണ് ഈ കുരിശു സൂചിപ്പിക്കുക. ക്രിസ്തുവിന്റെ മൂന്നു ദൗത്യങ്ങളായ പുരോഹിത, പ്രവാചക, രാജകീയ ദൗത്യങ്ങളെയാണ് കുരിശിന്റെ 3 ഇതളുകൾ സൂചിപ്പിക്കുക. ക്രിസ്തുവിന്റെ പ്രതിപുരുഷനായ മാർപാപ്പ ഈ മൂന്നു ദൗത്യങ്ങളും സഭയിൽ നിർവ്വഹിക്കുന്നു.

    2. സെൽറ്റിക് കുരിശ് (Celtic Cross)

    അയർലൻഡിൽ വളരെ പ്രചാരത്തിലുള്ള ഒരു കുരിശാണിത്. കുരിശിനെ ചുറ്റുമായി ഒരു വൃത്തം ഈ കുരിശിൽ നമുക്ക് കാണാൻ കഴിയും. വിജാതിയരെ മാനസാന്തരപ്പെടുവാൻ ആയി അയർലൻഡിന്റെ അപ്പസ്തോലനായ വിശുദ്ധ പാട്രിക്കാണ് ഈ കുരിശു രൂപപ്പെടുത്തിയതെന്ന് ഒരു പാരമ്പര്യമുണ്ട്.

    ഉദിച്ചുയരുന്ന സൂര്യനു മുമ്പിൽ പ്രതിഷ്ഠിച്ചിരിക്കുന്ന കുരിശു പ്രാപഞ്ചിക ശക്തികളുടെ മേൽ ക്രിസ്തുവിനുള്ള അധികാരത്തെയാണ് സൂചിപ്പിക്കുക. ക്രിസ്തു ജീവന്റെയും പ്രകാശത്തിന്റെയും ഉറവിടമാണന്നു ഈ കുരിശു നമ്മെ പഠിപ്പിക്കുന്നു. സൂര്യ കുരിശെന്നും ചിലപ്പോൾ ഇതിനെ വിശേഷിപ്പിക്കാറുണ്ട്.

    3. വിശുദ്ധ അന്ത്രയോസിന്റെ കുരിശ് (St. Andrew’s Cross)

    പല രാജ്യത്തിന്റെയും ദേശീയപതാകകളിൽ ഈ കുരിശു കാണാൻ കഴിയും. വിശുദ്ധ അന്ത്രയോസുമായി ഈ കുരിശിന് ബന്ധമുണ്ട്. അന്ത്രയോസിന്റെ രക്തസാക്ഷിത്വ സമയത്ത് തന്റെ ഗുരുവായ ക്രിസ്തുവിനെപ്പോലെ ശരിയായ രീതിയിൽ കുരിശിൽ തറയ്ക്കപ്പെടാൻ അയോഗ്യനായി തന്നെത്തന്നെ വിശുദ്ധ അന്ത്രയോസ് കണ്ടതിനാൽ കുരിശിൽ തലകീഴായി ക്രൂശിക്കാൻ  തന്നെ കുരിശിൽ തറച്ചവരോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിൽനിന്നാണ് വിശുദ്ധ അന്ത്രയോസിന്റെ കുരിശിന്റെ ഉത്ഭവം.

    4. വിശുദ്ധ പത്രോസിന്റെ കുരിശ് (St. Peter’s Cross)

    വിശുദ്ധ അന്ത്രയോസിന്റെ കുരിശ് പോലെ തന്നെയാണ് വിശുദ്ധ പത്രോസിന്റെ പേരിലുള്ള ഈ കുരിശിന്റെയും ഉത്ഭവം. തന്റെ ഗുരുവിനെപ്പോലെ കുരിശിലേറ്റപ്പെടാൻ പത്രോസും തയ്യാറായില്ല. അതിനാൽ കുരിശിൽ തലകീഴായാണ് പത്രോസിനെ അവർ വധിച്ചത്. എളിമയുടെ പ്രതീകമായി ഈ കുരിശിനെ പലപ്പോഴും സൂചിപ്പിക്കാറുണ്ട്. പത്രോസിന്റെ പിൻഗാമിയായി മാർപാപ്പയെ സൂചിപ്പിക്കാനും ഈ കുരിശ് ഉപയോഗിക്കാറുണ്ട് .

    5. ബൈസന്റൈൻ അഥവാ ഓർത്തഡോക്സ് കുരിശ് (Byzantine/Orthodox Cross)

    ബൈസന്റൈൻ ഓർത്തഡോക്സ് സഭകൾ ഈ കുരിശു അവരുടെ ആരാധനക്രമത്തിൽ ധാരാളമായി ഉപയോഗിക്കുന്നു. ഈ കുരിശിന് 3 പടികളാണുള്ളത്. ഏറ്റവും മുകളിലത്തെ പടി യഹൂദന്മാരുടെ രാജാവായ നസ്രായനായ യേശു എന്നു പീലാത്തോസ് എഴുതിയ ശീർഷകത്തെയാണ് സൂചിപ്പിക്കുക.

    രണ്ടാമത്തെ പടി യേശുവിന്റെ രണ്ട് കൈകളും കുരിശിൽ തറച്ചതിനെ സൂചിപ്പിക്കുന്നു ഏറ്റവും താഴത്തെപ്പടി ക്രിസ്തുവിന്റെ കാലുകൾ കുരിശിൽ തറച്ചതിനെയാണ് അർത്ഥമാക്കുക.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.