ഡി.സി. സമര്‍പ്പിത സമൂഹത്തിന്റെ മദര്‍ ജനറല്‍ നിര്യാതയായി

ലോകത്തിലെ ഏറ്റവും വലിയ സമര്‍പ്പിത സമൂഹമായ ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റിയുടെ മദര്‍ ജനറല്‍ സി. കാതലിന്‍ ആപ്ലര്‍ നിര്യാതയായി. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി രോഗബാധിതയായിരുന്നു.

വളരെയധികം എളിമയും ലാളിത്യവും ധൈര്യവും, ക്രിസ്തുവിനോടും പാവങ്ങളോടും സിസ്റ്റേഴ്‌സിനോടുമുള്ള സ്‌നേഹവും, നിറഞ്ഞ പുഞ്ചിരിയുമുള്ള മഹത് വ്യക്തിത്വത്തിനുടമയായിരുന്നു മദര്‍.

2019 ജൂലൈ എട്ടാം തീയതി വത്തിക്കാനിലെ സമര്‍പ്പിത അപ്പസ്‌തോലിക സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള തിരുസംഘത്തില്‍ ചരിത്രത്തിലാദ്യമായി ഫ്രാന്‍സിസ് പാപ്പാ നിയമിച്ച ഏഴ് വനിതാ അംഗങ്ങളില്‍ ഒരാളായിരുന്നു മദര്‍ കാതലിന്‍. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി 94 രാജ്യങ്ങളിലായി 60 പ്രൊവിന്‍സില്‍ ഉള്‍പ്പെടുന്ന 14,500-ലധികം സിസ്റ്റേഴ്‌സിന്റെ സുപ്പീരിയര്‍ ജനറലായിരുന്നു മദര്‍ കാതലിന്‍ ആപ്ലര്‍ ഡി.സി.

വി. വിന്‍സെന്റ് ഡി പോളിനാലും വി. ലൂയിസ ഡി മരിലാക്കിനാലും 1633-ല്‍ സ്ഥാപിച്ച ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സെന്റ് ഡി പോള്‍ (DC) സന്യാസ സഭയില്‍ വി. ലൂയിസ ഡി മരിലാക്കിന്റെ പിന്‍ഗാമിയായി സന്യാസ സഭയെ നയിക്കുന്ന 42-ാമത്തെ സുപ്പീരിയര്‍ ജനറലാണ് സി. കാതലിന്‍. പതിനയ്യായിരത്തോളം അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ സന്യാസിനീ സമൂഹത്തിന്റെ ജനറലായി 2015 മെയ് 25-ന് പെന്തക്കോസ്ത് ദിനത്തിലാണ് മദര്‍ കാതലിന്‍ തിരഞ്ഞെടുക്കപ്പെട്ടത്.

1959 ന്യൂയോര്‍ക്കിലെ ഉറ്റികൈയിലാണ് മദര്‍ കാതലിന്റെ ജനനം. 1973 ഏപ്രില്‍ മാസത്തില്‍ ബോസ്റ്റണിലെ ബോസ്റ്റല്‍ അടുത്തുള്ള മസാജ് ഉള്ളിലെ ചാരിറ്റി കോണ്‍വെന്റില്‍ അംഗമായി പ്രവേശനം ചെയ്തു .47 വര്‍ഷത്തെ സന്യാസജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സേവനമനുഷ്ഠിച്ചിട്ടുള്ളത് വിദ്യാഭ്യാസ രംഗത്താണ്. അമേരിക്കയിലെ വിവിധ സ്‌കൂളുകളില്‍ പഠിപ്പിക്കുകയും കൂടാതെ നവസന്യാസിനീ പരിശീലനം, വൊക്കേഷന്‍ പ്രമോഷന്‍ എന്നീ സേവനരംഗങ്ങളില്‍ അതീവതല്പരയായി സേവനമനുഷ്ഠിച്ചിരുന്നു.

1997 മുതല്‍ 2000 വരെ അവിടുത്തെ കോണ്‍വെന്റ് സുപ്പീരിയര്‍ ആയും, 2000 മുതല്‍ 2009 വര്‍ഷം വരെ അമേരിക്കയിലെ സെന്റ് ലൂയിസ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ ആയും, 2009 മുതല്‍ ആറു വര്‍ഷത്തേയ്ക്ക് അഞ്ച് പ്രോവിന്‍സുകളുടെ (ഓസ്‌ട്രേലിയ, ഗ്രേറ്റ് ബ്രിട്ടണ്‍, അയര്‍ലന്‍ഡ്, അമേരിക്കയിലെ രണ്ടു പ്രോവിന്‍സുകള്‍) ചുമതലയുള്ള ജനറല്‍ കൗണ്‍സിലറായി ആറുവര്‍ഷം സിസ്റ്റര്‍ കാതലിന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്കിലെ ഉത്തമ കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച സി. കാതലിന്‍ ഉപരിപഠനത്തിനു ശേഷം 1973-ല്‍ ബോസ്റ്റണിലെ സിസ്സ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി മഠത്തില്‍ അംഗമായി പ്രവേശിക്കുകയും, ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിതജീവിതം ആരംഭിക്കുകയും ചെയ്തു. ജീവിതത്തിലെ വിവിധ തുറകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള സിസ്റ്റര്‍ ഏറ്റവും കൂടുതല്‍ സേവനം നല്‍കിയത് വിദ്യാഭ്യാസരംഗത്തും നവസന്യാസിനീ പരിശീലനത്തിനുമായിരുന്നു.

മദറിന്റെ കബറടക്കം മാര്‍ച്ച് 24-ാം തീയതി പാരിസിലെ മദര്‍ ഹൗസിലെ അത്ഭുത കാശുരൂപമാതാവിന്റെ ചാപ്പലില്‍ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നടത്തപ്പെടും. കൊറോണയുടെ പശ്ചാത്തലത്തില്‍ സ്വകാര്യമായി കബറടക്കം നടത്തപ്പെടുന്നതായിരിക്കും.

സി. സോണിയ കെ. ചാക്കോ DC