
മരണം ധ്യാനമായി വരുന്ന നവംബര്‍ മാസത്തെക്കുറിച്ച് ഫാ. ജി. കടൂപ്പാറയില്‍ എഴുതുന്നു.
“അവള് മരിച്ചു. എനിക്കിനി ചെയ്യാന്‍ ഒന്നുമില്ല. മരണത്തെ സംബന്ധിച്ച് ആര്‍ക്കുമൊന്നും പ്രവര്‍ത്തിക്കാനാവുകയില്ല. നീണ്ട മണിക്കൂറുകള്‍ അയാള്‍ പൊതുവായ ശ്മശാനങ്ങളിലൂടെ നടന്നു. യുഗങ്ങള്‍, കാലയളവുകള്‍, രാജവംശങ്ങള്‍, രാഷ്ട്രങ്ങള്‍, സാമ്രാജ്യങ്ങള്‍, ജനായത്ത രാജ്യങ്ങള്‍, യുദ്ധങ്ങള്‍ എന്നിവയിലൂടെ നടന്നു” –ഷൂസേ സാറാമാഗു, ഓള് ദ നെയിംസ്
ശവകുടീരങ്ങള്‍ക്ക് കുരിശുകള്‍ കാവല്‍ നില്ക്കുന്ന സെമിത്തേരിയിലേയ്ക്ക് എത്തിയപ്പോള്‍ സന്ധ്യ മയങ്ങിയിരുന്നു. അന്തിച്ചുവപ്പ് എങ്ങും വ്യാപിക്കുകയാണ്. സെമിത്തേരിയുടെ പ്രധാന കുരിശിന്റെ മുമ്പില്‍ ചെന്ന് സ്വന്തം ശരീരത്തില്‍ കുരിശടയാളം വരച്ച്, മൗനമായി, ആ ശ്മശാനത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന എല്ലാവര്‍ക്കുമായി പ്രാര്‍ത്ഥിച്ചു. പിന്നെ ഉയര്‍ന്നുനിന്ന പുല്ലുകള്‍ക്കും മുകളിലായി കാണപ്പെട്ട കല്ലിലിരുന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചു. താഴെ, പുഴയില്‍ നിന്നും കാറ്റ് വീശിയടിക്കുകയാണ്. അത് എന്നെ ഏതോ ഒരു നവ്യാനുഭൂതിയിലേയ്ക്ക് നയിച്ചു.
ഞാനിരിക്കുന്ന കല്ലില്‍ നിന്നും അല്പം മാറി കൊത്തുപണികള്‍ കൊണ്ട് അലംകൃതമായ ഒരു കല്ലറ കണ്ണില്‍ത്തടഞ്ഞു. ഒരുനാളില്‍ നാട്ടിലെ ഏറ്റവും വലിയ പ്രമാണിയായി വ്യാപരിച്ചിരുന്ന ആളുടേതാണ് ആ കല്ലറ. പള്ളിക്കും സ്കൂളിനും ഈ സെമിത്തേരിക്കും സ്ഥലം കൊടുത്തത് അയാളാണത്രേ. അതിനുമപ്പുറത്താണ് എല്ലാ ദിവസവും ദേവാലയത്തില്‍ വരികയും എല്ലാവര്ക്കും മാതൃകയായി ജീവിക്കുകയും ചെയ്ത ജോസഫ് ചേട്ടന്റെ കബറിടം.
പണ്ട്, എന്റെ ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിച്ചിരുന്ന, സ്മാര്‍ട്ട് എന്ന് സകലരും വിളിച്ചിരുന്ന ആന്‍ പോളിന്റെ കല്ലറയും അതിനടുത്താണല്ലോ എന്ന് ഞാനോര്‍ത്തു. 17-ാം വയസ്സിലായിരുന്നു അവളുടെ മരണം, രക്താര്‍ബുദം ബാധിച്ച്. രണ്ടുപേരെ കൊല്ലുകയും നാട്ടുകാരെ മുഴുവന്‍ ശല്യം ചെയ്യുകയും ചെയ്തിരുന്ന കഠാരിത്തൊമ്മനെ അടക്കിയിരിക്കുന്നത് അങ്ങേ മൂലയിലാണ്. എല്ലാവരും ഉണ്ട് ഇവിടെ. തങ്ങളെക്കൂടാതെ ഒരു നിമിഷം പോലും ലോകം മുമ്പോട്ടു പോകില്ല എന്ന് ഒരിക്കല്‍ കരുതിയിരുന്നവരൊക്കെ ഇന്ന് ഇവിടെ ആറടി മണ്ണില്‍ അന്ത്യവിശ്രമം കൊള്ളുകയാണ്.
പഴയനിയമത്തിലെ ജോബ് പറയുന്നു: ”എനിക്കായി ശവകുടീരം തയ്യാറായിരിക്കുന്നു” (17:1). ശരിയാണ്, നമുക്കോരോരുത്തര്‍ക്കുമായി ഓരോ ശവകുടീരം തയ്യാറായിരിക്കുന്നു. പക്ഷേ, ഇന്ന് അതിനുള്ള സാധ്യതയും കുറഞ്ഞിരിക്കുകയാണ്. കാരണം, മരണത്തിന്റെ വൈവിധ്യം തന്നെ. ചില അപകടങ്ങള്ക്കൊടുവില് മരിച്ചവന്റെ അസ്ഥി പോലും കത്തിത്തീരുന്നു. കടല്‍ വിഴുങ്ങുന്നവര്‍ക്ക് എന്തിന് ശവകുടീരങ്ങള്‍? അതുപോലെ, ഓര്‍മ്മയ്ക്കായി ഒരംശം പോലും അവശേഷിപ്പിക്കാതെ എരിഞ്ഞൊടുങ്ങിയ കോടാനുകോടികളുണ്ട് ഈ ഭൂതലത്തില്‍. ദൈവമേ, ആറടി മണ്ണെങ്കിലും തരണേ എനിക്ക് നീ, അന്ത്യവിശ്രമത്തിനായ്…
ഓരോ മൃതസംസ്കാര ശുശ്രൂഷയും അനുസ്മരിപ്പിക്കുന്ന ഒരു സത്യമുണ്ട്. കത്തിക്കപ്പെടുന്ന ചന്ദനത്തിരികള്‍ക്കും, വയ്ക്കപ്പെടുന്ന പൂക്കള്‍ക്കും മധ്യേ, ഒന്നും കേള്‍ക്കാനാകാതെ, ഇമ അനക്കാനാവാതെ കിടക്കുകയാണ് മരിച്ച വ്യക്തി. അപ്പോള്‍ ചടങ്ങുകളുടെ തുടര്‍ച്ചയായി വൈദികന് ചരമപ്രസംഗം ആരംഭിക്കുന്നു. മൗനം വിരിക്കുന്ന കൂടാരത്തിലിരുന്ന് ജനം അതു കേള്‍ക്കുകയും ചെയ്യും. പക്ഷേ, മനസ്സിലാക്കുകയോ അതനുസരിച്ചു ജീവിക്കുകയോ ചെയ്യുന്നില്ല. യഥാര്‍ത്ഥത്തില്‍, ഓരോ ചരമശുശ്രൂഷയും ചരമപ്രസംഗവും ഓര്‍മ്മപ്പെടുത്തുന്ന കാര്യമിതാണ് – ‘സ്നേഹിതാ, താങ്കളും മരിക്കും.’ മരിച്ചവന് മൗനമായി ജീവിച്ചിരിക്കുന്നവനോടു മന്ത്രിക്കും – ‘നീയും ഒരുനാൾ ഭൂമിയോടു വിട പറയും.’
ഹെബ്രായ ലേഖനം ഓര്‍മ്മപ്പെടുത്തുന്ന യാഥാര്‍ത്ഥ്യവും ഇതുതന്നെ. ”മനുഷ്യന് ഒരു പ്രാവശ്യം മരിക്കണം” (ഹെബ്രാ. 9:27). നമുക്കേറ്റവും ഉറപ്പുള്ള കാര്യം ഇതാണ്. ജനിച്ചുവീഴുന്ന കുട്ടി ഡോക്ടറാകും എന്നുറപ്പില്ല. അവന് എഞ്ചിനീയറോ അധ്യാപകനോ ആകും എന്നും ഉറപ്പിച്ചു പറയാന്‍ പറ്റില്ല. വളര്‍ന്നുവരുമ്പോള്‍ ഒരുവന് സമ്പന്നനോ ദരിദ്രനോ ആയി മാറുന്ന കാര്യവും നിശ്ചയമില്ലാത്തതാണ്. പക്ഷേ, ഒരിക്കല്‍ മരിക്കും എന്ന കാര്യം പരിപൂര്‍ണ്ണമായും തീര്‍ച്ചയായ കാര്യമാണ്. ദിനപ്പത്രത്തിന്റെ സ്പോര്‍ട്സ് പേജില്‍ വാര്‍ത്തകള്‍ ഇല്ലാതായേക്കും; പ്രാദേശിക വാര്‍ത്താ പേജില്‍ വാര്‍ത്തകള്‍ ഇല്ലാതായേക്കും; പ്രധാന പേജില്‍ തന്നെ ന്യൂസ് ഇല്ലാതെ വന്നേക്കും. പക്ഷേ, ചരമക്കോളങ്ങള്‍ ഒരിക്കലും ഇല്ലാതാവുകയില്ല.
നമ്മുടെ മരണശേഷം മറ്റുള്ളവര്‍ നമ്മെ ഓര്‍ക്കും, അവരുടെ സ്മരണകളില്‍ നാം എന്നുമുണ്ടാകും എന്നിങ്ങനെയുള്ള വ്യാമോഹങ്ങളും നമുക്കു പാടില്ല. അനാഥമാകുന്ന സെമിത്തേരികളും പുല്ലു പടര്‍ന്നുകയറിയ കല്ലറകളും തെളിയിക്കുന്നത് അതാണ്. ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ അവരുടേതായ കര്മ്മഭൂമിയിലേയ്ക്ക് ഒതുങ്ങിക്കൂടും.
ബാലചന്ദ്രന് ചുള്ളിക്കാട് ‘ബാധ’ എന്ന കവിതയില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ഒരുവന്റെ ശവസംസ്കാരത്തിനു ശേഷം അവന്റെ കൂട്ടുകാര്‍ പറയുന്നു: “ബൈക്കപകടം പുതുമയല്ല; തല തകര്‍ന്നുള്ള മരണം പുതുമയല്ല; വിലാപകാവ്യം പുതുമയല്ല; എങ്കില്‍പ്പിന്നെ സെക്കന്റ്ഷോയ്ക്ക് പോയാലെന്താ?”
മറ്റുള്ളവരുടെ മനസ്സില്‍ നമുക്കൊരു സ്ഥാനമുണ്ട്. എങ്കിലും അത് ശാശ്വതമല്ല. ശാശ്വതസ്ഥാനം നേടേണ്ടത് ദൈവത്തിന്റെ മനസ്സിലാണ്. അതിന് ഒരുക്കം ആവശ്യമാണ്. ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഒരുങ്ങിയിരിക്കുക. പിന്നിടുന്ന ഓരോ സെക്കന്റും മരണത്തിലേയ്ക്കുള്ള ഓരോ ചവിട്ടുപടിയാണെന്ന സത്യം വിസ്മരിക്കാതിരിക്കണം ഓരോ മനുഷ്യനും. കള്ളനെപ്പോലെയാണ് മരണം വരിക. കരുതാത്ത നിമിഷത്തില്‍, പ്രതീക്ഷിക്കാത്ത സമയത്ത് അവന് വരും; ആത്മാവിനെയും ശരീരത്തെയും തമ്മില്‍ വേര്‍തിരിക്കാന്‍. മങ്ങിയൊരന്തി വെളിച്ചത്തില്‍ മരണത്തിന്റെ സന്ദേശവുമായി ദൂതനെത്തും. ദൂത് കേട്ട് നടുങ്ങുകയും മനമിളകുകയും ചെയ്യുന്ന മനുഷ്യന് പേടിയോടെ കണ്ണീരൊഴുക്കി ചോദിക്കും: ”എനിക്ക് ഒരുനിമിഷം ഒരുങ്ങാനായി തരുമോ?” മാറ്റം വരാത്ത തീരുമാനവുമായി ദൂതന് കല്പന നടപ്പിലാക്കുന്നു.
സീറോ മലബാര്‍ സഭയിലെ വലിയ ഒപ്പീസിലെ ബോധനഗാനത്തിന്റെ ചുരുക്കം ഇതാണ്. ഇത് പാടുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഈ ഗാനത്തിന്റെ അര്‍ത്ഥവും സന്ദേശവും അല്പമെങ്കിലും മനസ്സിലായിരുന്നെങ്കില്‍… എങ്കില്‍ ചെറിയ രീതിയിലെങ്കിലും ഒരുങ്ങിത്തുടങ്ങിയേനെ…
ഇപ്പോള്‍ ഇരുട്ട് സര്‍വ്വശക്തിയോടും കൂടെ ഇവിടം മുഴുവന്‍ കീഴ്പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. പുഴ ഒഴുകുന്ന ശബ്ദവും ചീവീടുകളുടെ ഒച്ചയും അതിന് പശ്ചാത്തലം സൃഷ്ടിക്കുന്നു. ഈ ഇരുട്ടിന്റെ മൂര്ദ്ധന്യത്തിനു ശേഷം വെളിച്ചത്തിന്റേതായ ഒരു പ്രഭാതമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജ്വലിച്ചുയരുന്ന സൂര്യന്റെ മുമ്പില്‍ അന്ധകാരത്തിന് സ്ഥാനമില്ലല്ലോ. ദൈവമേ, മരണത്തിനു ശേഷമുള്ള ഉത്ഥാനത്തിലും ഞാന്‍ വിശ്വസിക്കുന്നു. രാവിനു ശേഷമുള്ള പുലരിപോലെ മരണത്തിനു ശേഷമുള്ള ഉയിര്‍പ്പും സുനിശ്ചിതമാണല്ലോ.
ഫാ. ജി. കടൂപ്പാറയില്‍ MCBS