
പാശ്ചാത്യ ചിത്രകലാ ചരിത്രത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു സ്ഥാനം നേടിയെടുക്കാന്‍ സ്വന്തം പ്രതിഭ കൊണ്ട് സാധിച്ച ചിത്രകാരനാണ് പീറ്റര്‍ പോള്‍ റുമ്പന്സ്. തന്റെ കാലഘട്ടത്തില്‍ ഏറ്റവും പ്രഗത്ഭനായ ചിത്രകാരനായിരുന്നു അദ്ദേഹം.

ബൈബിളിലെ പഴയ നിയമത്തില്‍ ദാനിയേല്‍ പ്രവാചകന്റെ പുസ്തകം 6:1 മുതലുള്ള വാക്യങ്ങളില്‍ വിവരിക്കപ്പെടുന്ന ദാനിയേല്‍ പ്രവാചകന്റെ ജീവിതത്തിലെ ഒരു സംഭവമാണ് ഈ ചിത്രം വിഷയമാക്കിയിരിക്കുന്നത്. (ദാനിയേല്‍ 6:3) പറയുന്നു. അത്ഭുതകരമായ ദൈവീക ചൈതന്യമുണ്ടായിരുന്നതുകൊണ്ട് ദാനിയേല്‍ മറ്റെല്ലാ തലവന്മാരേയും, പ്രധാന ദേശാധിപന്മാരേയുംകാള് ശ്രേഷ്ഠനായിത്തീര്‍ന്നു. പേര്‍ഷ്യന്‍ രാജാവായ ദാരിയൂസ് തന്റെ ശ്രേഷ്ഠ ഉപദേശകനായി ദാനിയേലിനെ നിയമിച്ചതില്‍ അസൂയപൂണ്ട് തലവന്മാരും പ്രധാന ദേശാധിപന്മാരും ദാനിയേലിന്റെ മേല്‍ രാജദ്രോഹക്കുറ്റം ആരോപിക്കാന്‍ പഴുതു നോക്കുകയും, അസൂയപൂണ്ട അവര്‍ ചതിയിലൂടെ ദാനേയേലിനു ശിക്ഷവാങ്ങി കൊടുക്കുകയും ചെയ്തു എന്നതാണ് പഴയനിയമ കഥ. വഞ്ചനയിലൂടെ വാങ്ങിച്ചു കൊടുത്തതാകട്ടെ സിംഹക്കുഴിയില്‍ എറിയാനുളള അതി കഠിനമായ ശിക്ഷയും.
ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലിലൂടെ ഒരു പോറലുപോലും ഏല്ക്കാതെ സിംഹക്കുഴിയില്‍ നിന്നും സ്വതന്ത്രമാക്കപ്പെടുന്ന നിമിഷങ്ങളെയാണ് റൂബന്‍സ് ചിത്രീകരിച്ചിരിക്കുന്നത്. ഭീതിതമായ ദുരിത കയത്തില്‍ നിന്നും തന്നെ രക്ഷിച്ച ദൈവത്തിന് ദാനിയേല്‍ നന്ദിപറയുന്ന നിമിഷങ്ങളാണവ.
ബറോക്ക് ചിത്ര കാലഘട്ടത്തിന്റെ ഭാഗമാണ് ഈ ചിത്രവും. കാരണം ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കുമ്പോള്‍ കാഴ്ചക്കാരന് ആദ്യം ശ്രദ്ധിക്കുന്നത് സിംഹങ്ങള്‍ക്ക് നടുവില്‍ അസ്വസ്ഥനായി ഇരുന്ന് മുകളിലേക്ക് കണ്ണുപായിക്കുന്ന ദാനിയേലിനെയും, ചുറ്റും വിവിധ ഭാവങ്ങളില്‍ നില്ക്കുന്ന സിംഹങ്ങളെയുമാണ്. പ്രഭാത സൂര്യന്റെ വെട്ടം കാണുമ്പോള്‍ ഉറക്കമുണര്‍ന്ന കണ്ണുകളോടെ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിലെ ഒന്‍പത് സിംഹങ്ങള്‍ക്കും വിവിധങ്ങളായ ഭാവങ്ങളാണ്. ചിലത് ഉറങ്ങുന്നു, ചിലത് അലറുന്നു, മറ്റു ചിലത് നിസംഗമായ ഭാവത്തോടെ ഇരിക്കുന്നു.
ഈ ചിത്രത്തിന്റെ എടുത്തു പറയേണ്ട ഒരു പ്രത്യേകത ക്യാന്‍വാസ് നിറയെ ചിത്രഘടകങ്ങള് കൊണ്ട് സമ്പന്നമാണ്, ഏതാണ്ട് മുഴുവന്‍ ഇടങ്ങളും നിറഞ്ഞിരിക്കുന്ന അവസ്ഥ. വെറുതെ കിടക്കുന്ന ഇടം തീരെ കുറവാണ് ചിത്രത്തില്‍. കാരണം ചിത്രത്തിന്റെ സിംഹഭാഗവും സിംഹങ്ങളെക്കൊണ്ട് നിറച്ചിരിക്കുകയാണ് കലാകാരന്. ഒപ്പം സിംഹങ്ങളുടെ വലിപ്പവും, ഭാവപ്രകടനങ്ങളും കാഴ്ചക്കാരന് തൊട്ടടുത്തു തന്നെയാണവ എന്ന തോന്നലുളവാക്കുന്നു.
ദാനിയേല്‍ ഇരുപ്പുറപ്പിച്ചിരിക്കുന്ന വെള്ളത്തുണിയുടെ പിന്നിലായി കടുത്ത കറുപ്പുനിറം ഉപയോഗിച്ചിരിക്കുന്നതിനാല്‍ കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ തെളിമയും, കാഴ്ചക്കാരന്റെ ശ്രദ്ധയും ലഭിക്കുന്നു. ചിത്രത്തിലെ ഇരുട്ടും വെളിച്ചവും തമ്മിലുള്ള വൈപരീത്യം ചിത്രത്തെ കൂടുതല്‍ മികവ് ഉള്ളതാക്കുന്നു. ഈ രീതി തന്നെയായിരുന്നു ബറോക്ക് ചിത്രങ്ങളുടെ മുഖമുദ്രയും. കാരണം മുന്‍ പ്രതലത്തിലെ ചിത്രങ്ങളെ പെട്ടെന്ന് എടുത്തറിയാനും കാഴ്ചക്കാരന്റെ ശ്രദ്ധ നേടാനും ഈ രീതി ഏറെ സഹായിക്കുന്നു.
ചിത്രപശ്ചാത്തലം ബൈബിളിലെ പഴയ നിയമമായതുകൊണ്ട് തന്നെ കാഴ്ചക്കാരന്റെ വായനാനുഭവത്തെ കൂടുതല്‍ ഉണര്‍വ്വുള്ളതാക്കാന്‍ ഈ ചിത്രത്തിനു കഴിയും എന്നത് തീര്‍ച്ചയാണ്. ദാനിയേലിന്റെയും സിംഹങ്ങളുടെയും ഭാവപ്രകടനങ്ങളില്‍ നിന്നും ആ രംഗത്തിന്റെ ഭയാനകത്വം ചിത്രം കാണുന്ന ഓരോരുത്തര്‍ക്കും അനുഭവപ്പെടുക തന്നെ ചെയ്യും.
ഈ ചിത്രത്തില്‍ എടുത്തു പറയേണ്ട മറ്റൊരു ഘടകം ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന നിറഭേദം തന്നെയാണ്. സിംഹങ്ങളുടെ ശരീരത്തിലും മുഖത്തും ഉപയോഗിച്ചിരിക്കുന്ന ലഘുവായതും ഇരുണ്ടതുമായ നിറങ്ങളുടെ ഉപയോഗരീതി ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ തന്നെ പ്രാധാനപ്പെട്ടതാണ് ദാനിയേലിന്റെ ശരീരത്തിലും നിറങ്ങള്‍ ഉപയോഗിച്ചിരിക്കുന്ന രീതി. കാരണം പശ്ചാതലത്തിലെ ഇരുണ്ട നിറവും ദാനിയേലിന്റെ ശരീരത്തില്‍ ഉപയോഗിച്ചിരിക്കുന്ന പ്രകാശിതമായ നിറവും ഒന്നിച്ചുവരുമ്പോള്‍ അത് ദാനിയേല്‍ എന്ന കഥാപാത്രത്തെ കൂടുതല്‍ തെളിമയുള്ളതാക്കുന്നു.
ഈ ചിത്രം ഏതൊരു കാഴ്ചക്കാരനിലും പകരുന്ന ഒരു ചിന്തയുണ്ട്. ചിത്രത്തിലെ മുഖ്യ ആകര്‍ഷണ കേന്ദ്രം ദാനിയേല്‍ ആണെന്ന ചിന്ത, എന്നാല്‍ ചിത്രത്തിലെ ദാനിയേല്‍ എന്ന കഥാപാത്രത്തിന്റെ ഇടം ചിത്രത്തിന്റെ മധ്യഭാഗത്തല്ലതാനും. പക്ഷെ ദാനിയേല്‍ എന്ന കഥാപാത്രത്തിനു ചിത്രത്തില്‍ കൊടുത്തിരിക്കുന്ന പ്രാധാന്യം, ഇവിടെ ഉപയോഗിച്ചിരിക്കുന്ന നിറവിന്യാസരീതിയില് നിന്നു തന്നെ വ്യക്തമാണ്. കാരണം സിംഹങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കുന്ന കടുത്ത നിറത്തെ അപേക്ഷിച്ച് ദാനിയേലിന് കുറച്ച് നേരിയ നിറമാണ് ചിത്രകാരന് നല്‍കിയിരിക്കുന്നത്.
ഒരുപക്ഷേ ദാനിയേല്‍ സിംഹകുഴിയില്‍ അവയ്ക്കിടയിലാണെങ്കിലും പ്രാര്‍ത്ഥിക്കുക ആയിരിക്കാം. അനര്‍ത്ഥങ്ങള്‍ ചുറ്റും നില്ക്കുന്ന പടുകുഴിയിലും ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന ഒരു നിസ്സഹായനായ മനുഷ്യന്റെ പ്രതീകമാണ് ദാനിയേല്‍. ചിത്രം സൂക്ഷിച്ചു വീക്ഷിച്ചാല്‍ പ്രതീക്ഷയുടെ ഒരു ആകാശം കാണാം അവിടെ. ദൈവത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവന് ദൈവം തുറന്നിടുന്ന പ്രത്യാശയുടെ ആകാശം. ഒപ്പം ദാനിയേലിന്റെ ഭാവപ്രകടനങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും ഭയം തീണ്ടാത്ത തീക്ഷണതയുള്ള കണ്ണുകള്‍. ഇരുട്ടിന്റെ കുഴിയില്‍ വിശന്നു നില്ക്കുന്ന സിംഹങ്ങള്‍ക്കിടയില്‍ വീണാലും, പേടികൊണ്ട് ശരീരം വിറച്ചില്ല, ഭയം തീണ്ടാത്ത അയാളുടെ കണ്ണുകള്‍ ദൈവത്തിലുള്ള വിശ്വാസത്തിന്റെ പ്രതീകമാണ്. പക്ഷെ ദാനിയേലിന്റെ സ്വാഭാവികമായ ഭയം അയാളുടെ ശരീര ഭാഷയില്‍ നിന്നും വ്യക്തമാകുന്നുണ്ട്താനും. കൂട്ടിച്ചേര്‍ക്കപ്പെട്ട കൈകളും പിണച്ചിട്ടിരിക്കുന്ന കാലുകളിലും നിന്ന് അത് മനസ്സിലാക്കാം.
ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ചിത്രത്തിലെ ഓരോ ഇഞ്ചും ചലനാത്മകമാണ് എന്നുള്ളതാണ്. ഇങ്ങനെ ഒരു ചിത്രം വരച്ചതിലൂടെ ദാനിയേലിനൊപ്പം ആ സിംഹക്കുഴിയിലാണെന്ന അനുഭവം കാഴ്ചക്കാരില്‍ ഉണ്ടാക്കാനാണ് റൂബന്‍സിന്റെ ശ്രമം. താഴെ നിലത്ത് കിടക്കുന്ന തലയോട്ടി ചിത്രീകരിച്ചിരിക്കുന്നതിലൂടെ അനിഷ്ട സൂചകമായ ഒരു പ്രസ്താവനയും നടത്തുന്നു. അതായത് ഒരു പക്ഷെ ദാനിയേലിനെ കാത്തിരിക്കുന്ന വിധിയും അതുപോലെ ഒന്നാവാം എന്ന്. അതോടൊപ്പം ഉപയോഗിച്ചിരിക്കുന്ന ചുവപ്പു നിറത്തിലെ വസ്ത്രം ഇങ്ങനെ ഒരു ചിന്തയ്ക്ക് ആക്കം കൂട്ടാന്‍ വേണ്ടി ആവാം എന്നും പറയപ്പെടുന്നു. കാരണം പ്രതീകാത്മകമായി ഒരു ചോരപ്പുഴയുടെ പ്രതീതി ജനിപ്പിക്കാനാണിത്. ഒഴുകി വരുന്ന ചോരയുടെ ചാല് ഭൂമിയിലേക്ക്, തലയോടിന്റെ സ്ഥലത്തേക്ക് പ്രവഹിക്കുന്നതിന്റെ പ്രതീകമാണിത്. കാരണം അത് ഗാഗുല്ത്തായെത്തന്നെ ഓര്‍മ്മിപ്പിക്കുന്നു. ചിത്രത്തില്‍ കാണുന്ന തലയോട്ടിയും എല്ലിന് കഷണവും അന്തരീക്ഷത്തിന്റെ തന്നെ ഭീകരത വര്‍ദ്ധിപ്പിക്കുന്നുമുണ്ട്.
പോള്‍ റൂബന്‍സിന്റെ അതിസുന്ദരമായ ഈ ചിത്രം വാഷിംഗ്ടണിലെ നാഷണല്‍ ഗാലറി ഓഫ് ആര്‍ട്ടില്‍ ആണ് സൂക്ഷിച്ചിരിക്കുന്നത്. ഈ ചിത്രരചനയ്ക്കായി അദ്ദേഹം മോഡല്‍ ആക്കിയിരിക്കുന്നത് ബ്രൂക്ക്സെല്ലസിലെ വന്യമൃഗശാലയിലെ വടക്കന്‍ ആഫ്രിക്കയില്‍ നിന്നുമുള്ള സിംഹങ്ങളെ ആണ് എന്നാണ് പറയപ്പെടുന്നത്. ഈ ചിത്രത്തെപ്പറ്റി റൂബന്‍സ് തന്നെ പറയുന്നത് ”ജീവന് തുടിക്കുന്ന സിംഹങ്ങള്‍ക്കിടയിലെ ദാനിയേല്‍” എന്ന ഈ ചിത്രം എന്റെ കൈകളാല്‍ തന്നെ രൂപപ്പെട്ടതാണെന്നാണ്.
ഇങ്ങനെ ഒരു ചിത്രം കാഴ്ചക്കാരന് പകരുന്ന ആത്മീയ വെളിച്ചം ദൈവാശ്രയബോധത്തിന്റേതാണ്. കാരണം ഭയാനുഭവങ്ങളുടെ പീഡകള്‍ ചുറ്റും നിന്നാലും നാം വിശ്വസിക്കുന്ന ദൈവം നമ്മെ കൈവിടില്ല എന്ന വലിയ വിശ്വാസമാണ് ദാനിയേലിന്റെ ജീവിത കഥ പറയുന്നത്, ഒപ്പം ഈ ചിത്രവും. നമ്മുടെ തകര്‍ച്ചയും, നൊമ്പരങ്ങളും കാംക്ഷിക്കുന്നവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ദൈവം രക്ഷയുടെ വാതായാനം നമുക്കായി തുറക്കും എന്ന സത്യം വളരെ ലളിതവും ശക്തവുമായ രീതിയില്‍ പറഞ്ഞു വെയ്ക്കാന്‍ ശ്രമിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ഫാ. സാബു മണ്ണട എം. സി.ബി.എസ്.