
1873 ജനുവരി രണ്ടാം തീയതി അലെന്‍സോണിലാണ് ത്രേസ്യ ജനിച്ചത്. പിതാവ് ലൂയീ മാര്‍ട്ടിന്‍, സമ്പന്നനായ ഒരു പട്ടുവ്യാപാരിയായിരുന്നു. അമ്മ സെലിഗ്വരിന്‍, ത്രേസ്യായ്ക്ക് നാലുവയസ്സുള്ളപ്പോള്‍ മരിച്ചു. താമസിയാതെ, ലൂയി മാര്‍ട്ടിന്‍ മക്കളോടൊപ്പം ലിസ്യുവിലേക്ക് താമസംമാറ്റി. കൊച്ചുത്രേസ്യായുടെ ആത്മകഥയിലെ ബാല്യകാലസ്മരണകളിലധികവും ലിസ്യുപട്ടണത്തെ ചുറ്റിപ്പറ്റിയുള്ളതാണ്.
പത്തുവയസ്സുള്ളപ്പോള്‍ ത്രേസ്യായ്ക്ക് ഗുരുതരമായ ഒരു രോഗം പിടിപെട്ടു. ഒരുമാസത്തോളം ആ അവസ്ഥയില്‍ തുടര്‍ന്നു. 1883 മെയ് 13-ാം തീയതി പരിശുദ്ധ മാതാവ് അവള്‍ക്ക് അത്ഭുതകരമായ രോഗസൗഖ്യം നല്‍കി. ത്രേസ്യയുടെ ജീവിതകാലം മുഴുവന്‍ ഈ സംഭവം സ്വാധീനം ചെലുത്തി.
ത്രേസ്യയുടെ സാധാരണവും ആധ്യാത്മികവുമായ ജീവിതങ്ങളില്‍ ഈശോയ്ക്ക് വളരെ സമുന്നതമായ സ്ഥാനമുണ്ടായിരുന്നു. അവളുടെ എഴുത്തുകളിലെ ഓരോ പേജിലും ഈശോ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രഥമ ദിവ്യകാരുണ്യത്തെപ്പറ്റി അവള്‍ പ്രസ്താവിക്കുന്നത് ശ്രദ്ധേയമാണ്: “വളരെ നീണ്ടകാലത്തേക്ക് ഞാനും ഈശോയും പരസ്പരം അറിയുമായിരുന്നു. പക്ഷേ, എന്റെ ദിവ്യകാരുണ്യ സ്വീകരണദിനം ഞങ്ങള്‍ തമ്മിലുള്ള ഒരു ഉരുകിച്ചേരല്‍ നടന്നു. പിന്നീട് ഞങ്ങള്‍ രണ്ടായിരുന്നില്ല. ത്രേസ്യ അപ്രത്യക്ഷയായി; ഈശോമാത്രം നിലനിന്നു.”
വീണ്ടും അവള്‍ പറയുന്നു: “എന്റെ യുവത്വത്തിന്റെ ഹൃദയം പ്രഭാപൂരിതമായപ്പോള്‍ ആ ജ്വാലയെ സ്‌നേഹമെന്നു വിളിച്ചപ്പോള്‍ ഓ! ഈശോ നീ വന്നു, അതിനെ സ്വന്തമാക്കാന്‍. ഓ! നാഥാ നിനക്കു മാത്രമേ എന്റെ ഹൃദയത്തെ നിറയ്ക്കാന്‍ സാധിക്കൂ. കാരണം, നിന്നെ സീമകളില്ലാതെ സ്‌നേഹിക്കുക എന്ന ആവശ്യം എനിക്ക് അനുഭവപ്പെട്ടു.” ‘ദിവ്യകാരുണ്യമാകുന്ന ദേവദാരുവില്‍ ചുറ്റിപ്പടരേണ്ട ഒരു ലതയാണു ഞാന്‍’ എന്ന് ഒരിക്കല്‍ ത്രേസ്യ പറയുകയുണ്ടായി. ഈശോയോട് അനുരൂപരാകാന്‍ ഈശോയുടെ പരിശുദ്ധ ശരീരത്തെ യോഗ്യതയോടുകൂടി സ്വീകരിക്കുന്നതിനെക്കാള്‍ മേന്മയേറിയ മാര്‍ഗമില്ലെന്ന് കൊച്ചുത്രേസ്യ നന്നായി അറിഞ്ഞിരുന്നു.
1889-ല്‍ കൊച്ചുത്രേസ്യാ കര്‍മ്മലമഠത്തില്‍ പ്രവേശിച്ച് സഭാവസ്ത്രം സ്വീകരിച്ചു. 1890 സെപ്തംബര്‍ എട്ടാം തീയതി പ്രഥമ വ്രതവാഗ്ദാനം നടത്തി. 1893-ല്‍ നവസന്യാസിനികളുടെ പരിശീലനത്തില്‍ നിയുക്തയായി. കുറേനാള്‍ ആ ജോലി ഭംഗിയായി നിര്‍വഹിച്ചു. ദിവ്യകാരുണ്യനാഥനോട് ആലോചന ചോദിച്ചാണ് അവള്‍ നവസന്യാസിനികള്‍ക്ക് ഉപദേശം നല്‍കിയിരുന്നത്. എല്ലാ വിജ്ഞാനവും ഈശോയില്‍നിന്നാണ് സ്വീകരിച്ചിരുന്നതെന്ന് നവസന്യാസിനികളോട് ത്രേസ്യ പറഞ്ഞിരുന്നു.
അവസാനകാലത്ത് ക്ഷയരോഗം പിടിപെട്ട ത്രേസ്യ, സ്‌നേഹത്തിന്റെ രക്തസാക്ഷിണിയായിരുന്നു. ദിവ്യമണവാളനായ ഈശോയെപ്പോലെ ക്രൂശിക്കെപ്പടാന്‍ അവള്‍ ആശിച്ചു. 24 വര്‍ഷം മാത്രം നീണ്ടുനിന്ന ജീവിതത്തിന്റെ അന്ത്യഘട്ടം സഹനപൂര്‍ണ്ണമായിരുന്നു. സ്‌നേഹിച്ചുമരിച്ച ഈശോയെ സ്‌നേഹിക്കുകയെന്ന ലക്ഷ്യമായിരുന്നു വിശുദ്ധയുടെ ജീവിതം. 1897 സെപ്തംബര്‍ 30-ാം തീയതി ‘ദൈവമേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു’ എന്നു പറഞ്ഞുകൊണ്ട് കൊച്ചുത്രേസ്യ സ്‌നേഹനാഥനോട് നിത്യമായി ഒന്നുചേരാന്‍ സ്വര്‍ഗത്തിലേക്കു യാത്രയായി.
ഒരു ആഗോള മിഷനറിയാകാന്‍ ആഗ്രഹിച്ച ത്രേസ്യായെ 1928 ല്‍ 11-ാം പീയൂസ് പാപ്പാ മിഷന്‍ മധ്യസ്ഥയായി അംഗീകരിച്ചു. 1997-ല്‍ ‘സഭാപ്രബോധക’ എന്ന സ്ഥാനം ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ, വി. കൊച്ചുത്രേസ്യായ്ക്കു നല്‍കി.
വിചിന്തനം: ദൈവത്തോടു സംസാരിക്കുന്നതിനെക്കാള്‍ ശ്രേഷ്ഠമാണ് ദൈവത്തെ കേള്‍ക്കുന്നത്. ദൈവത്തെക്കുറിച്ചു കേള്‍ക്കുന്നതിനെക്കാള്‍ ശ്രേഷ്ഠമാണ് ദൈവത്തോടു സംസാരിക്കുന്നത് – വി. കൊച്ചുത്രേസ്യാ
ഇതരവിശുദ്ധര്‍: ബാവാ (589-654)/ ഡോഡോ (+750)/ ഫിദാര്‍ല്യൂസ് (+762) ഐറിഷ് ആബട്ട്/ റാള്‍ഫ് ക്രോക്കെറ്റ് (+1588) ഇംഗ്ലീഷ് രക്തസാക്ഷി/ റെമിഗ്യൂസ് (437-533)/ റൊമാനൂസ് (490-556)/ മെലോറ്യസ് അല്‍ബോഡ് (+520) ടാവൂളിലെ മെത്രാന്‍/ വിരിലാ (+1000) ബനഡിക്ടന്‍ ആബട്ട്.
ഫാ. ജെ. കൊച്ചുവീട്ടില്‍