നവംബര്‍ 15: വി. ആല്‍ബെര്‍ട്ട്

ആല്‍ബെര്‍ട്ട് 1206 ല്‍ ജര്‍മനിയിലെ സ്വാബിയായില്‍ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ചു. പാദുവായിലെ പ്രശസ്ത കലാലയങ്ങളില്‍ ചേര്‍ന്നു പഠിച്ചു. വേദശാസ്ത്രങ്ങളില്‍ പ്രാവീണ്യം നേടിയതിനുശേഷം ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു.

പിന്നീട് 1228 ല്‍ കൊളോണില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. അക്കാലത്ത് അധ്യാപനത്തോടൊപ്പം വിവിധ ശാസ്ത്രമേഖലകളില്‍ ഗവേഷണവും തുടര്‍ന്നുകൊണ്ടിരുന്നു. തത്വശാസ്ത്രം, വേദാന്തം, ധര്‍മശാസ്ത്രം, പ്രകൃതിശാസ്ത്രം, തര്‍ക്കം, ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ധാതുവിജ്ഞാനീയം, ഭൂമിശാസ്ത്രം എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങളില്‍ ആല്‍ബെര്‍ട്ട് അസാമാന്യമായ അവഗാഹം നേടുകയും തത്സംബന്ധമായി ഏതാനും ബൃഹദ്ഗ്രന്ഥങ്ങള്‍ രചിക്കുകയുംചെയ്തു. പില്‍ക്കാലത്ത് തോമസ് അക്വിനാസ് പണിതുയര്‍ത്തിയ തത്വശാസ്ത്ര സൗധത്തിന് ബലവത്തായ അസ്തിവാരമിട്ടത് ആല്‍ബെര്‍ട്ടാണ്.

1260 ല്‍ മാര്‍പാപ്പ ആൽബെർട്ടിനെ റേഗെൻസ്ബൂർഗ് രൂപതയുടെ മെത്രാനായി നിയമിച്ചു. അജപാലനവൃത്തി തന്റെ നൈസര്‍ഗീകപ്രവണതകള്‍ക്ക് അനുഗണമല്ല എന്ന് അദ്ദേഹം മനസ്സിലാക്കുകയും അതില്‍നിന്നും ഒഴിവാക്കണമെന്ന് മാര്‍പാപ്പയോട് നിര്‍ബന്ധപൂര്‍വം അപേക്ഷിക്കുകയുംചെയ്തു. തല്‍ഫലമായി ഔദ്യോഗികപ്രതിബദ്ധതയില്‍നിന്നും വിമുക്തിനേടി കൊളോണിലേക്കുതന്നെ മടങ്ങി.

1280 ല്‍ ആല്‍ബെര്‍ട്ട് കൊളോണില്‍ ഏതാനും സന്യാസിസുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് മരണം സംഭവിച്ചു. അന്ത്യനിമിഷത്തില്‍പോലും ശാരീരികാസ്വസ്ഥതകളുടെ ലക്ഷണങ്ങളൊന്നുംതന്നെ അദ്ദേഹത്തില്‍ പ്രകടമായി കാണപ്പെട്ടില്ല. 1931 ല്‍ പീയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പ ആല്‍ബര്‍ട്ടിനെ വിശുദ്ധനായും വേദപാരംഗതനായും നാമകരണം ചെയ്തു.

വിചിന്തനം: നിന്റെ അധമവശത്തെ ഉത്തമവശത്തിനു കീഴ്‌പ്പെടുത്തി നിർത്തുക. ദുരാഗ്രഹങ്ങളെ അനുഗമിക്കാതെ മനഃസാക്ഷിയുടെ സ്വരം ശ്രവിക്കുക.

ഇതരവിശുദ്ധര്‍: അബിബൂസ്(+322) രക്തസാക്ഷി/ സക്കറിയാ(ഒന്നാം നൂറ്റാണ്ട്)/മാലോ/ഡെസിഡേരിയൂസ്(655) കാഹോഴ്‌സിലെ മെത്രാന്‍/ എനുജിന്‍(+422)/ അര്‍നള്‍ഫ് (+871) മെത്രാന്‍/ കാന്റെന്‍ (എട്ടാം നൂറ്റാണ്ട്)/ ലിയോപോള്‍ഡ് (1050-1136) ഓസ്ട്രിയ

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.