തിരുസഭയിലെ അത്യന്തം പ്രക്ഷുബ്ദമായിരുന്ന പതിനാറാം നൂറ്റാണ്ടിലാണ് ദൈവസ്‌നേഹത്തിന്റെയും സഹോദരസ്‌നേഹത്തിന്റെയും വക്താവായിരുന്ന വി. ചാള്‍സ് ജനിച്ചത്. പ്രസിദ്ധമായ മിലാന്‍ പട്ടണത്തില്‍ 1538 ഒക്ടോബര്‍ രണ്ടാം തീയതിയാണ് അതിപ്രശസ്തമായ ബൊറോമിയാ കുടുംബത്തില്‍ വിശുദ്ധന്‍ ഭൂജാതനായത്. കാനന്‍ നിയമത്തിലും സിവില്‍ നിയമത്തിലും ഉന്നതമായ വിജയം നേടിയ ചാള്‍സ് ഡോക്ടര്‍ ബിരുദത്തിന് അര്‍ഹനാവുകയും ചെയ്തു.
അദ്ദേഹത്തിന്റെ ഇരുപതാമത്തെ വയസ്സില്‍ പിതാവ് നിര്യാതനായി. പിതാവിന്റെ അകാലനിര്യാണത്തോടെ കുടുംബകാര്യങ്ങള്‍ നോക്കേണ്ടതിനായി വിശുദ്ധന്‍ സ്വഗൃഹത്തിലെത്തി. ഈ അവസരത്തിലാണ് അദ്ദേഹത്തിന്റെ മാതൃസഹോദരനായിരുന്ന കര്‍ദിനാള്‍ ദെ മെദിച്ചി മാര്‍പാപ്പായായി തെരഞ്ഞെടുക്കപ്പെട്ടത്. പീയൂസ് നാലാമന്‍ എന്ന നാമം സ്വീകരിച്ച അദ്ദേഹത്തെ വിശുദ്ധന്‍ ഉടന്‍തന്നെ സന്ദര്‍ശിക്കുകയും കുറച്ചുനാള്‍ അവിടെ തങ്ങുകയും ചെയ്തു. 1562 ല്‍ വിശുദ്ധന്റെ സഹോദരനും നിര്യാതനായി. അതോടെ വിശുദ്ധന്‍ കുടുംബജീവിതം അവലംബിക്കണമെന്ന് കുടുംബാംഗങ്ങള്‍ നിര്‍ബന്ധിച്ചു. പക്ഷേ, ഒരു വൈദികനാകാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
ബാല്യത്തില്‍ത്തന്നെ ആസ്ഥാനപട്ടവും മറ്റു ചെറിയ പട്ടങ്ങളും സ്വീകരിച്ചിരുന്ന ചാള്‍സ് 1563 ല്‍ പുരോഹിതനായി. അതിനുശേഷം കുറച്ചുനാള്‍ വിശുദ്ധന്‍ വയോവൃദ്ധനായ പരിശുദ്ധ പിതാവിനെ ശുശ്രൂഷിച്ചു. അധികം താമസിയാതെ വിശുദ്ധനെ മിലാന്‍ രൂപതയുടെ മെത്രാനായി നിയമിച്ചു. ഏതാണ്ട് ഇതേ സമയത്താണ് ട്രെന്റ് സൂനഹദോസ് ആരംഭിച്ചത്. സൂനഹദോസിന്റെ വിജയകരമായ പര്യവസാനത്തിന് ഒരു പരിധിവരെ വിശുദ്ധനായിരുന്നു കാരണക്കാരന്‍.
സൂനഹദോസിനുശേഷം വിശുദ്ധന്‍ മിലാനില്‍ തിരിച്ചെത്തി രൂപതാഭരണം ഏറ്റെടുത്തു. രണ്ടായിരത്തോളം ദൈവാലയങ്ങളും നൂറ്റിയെഴുപതോളം ആശ്രമങ്ങളും മൂവായിരത്തോളം വൈദികരുമടങ്ങിയ മിലാന്‍ രൂപതയില്‍ അനിവാര്യമായിരുന്ന പല പരിഷ്‌കാരങ്ങളും വിശുദ്ധന്‍ നടപ്പിലാക്കി. സന്യാസാശ്രമങ്ങളെയെല്ലാം തന്നെ ഇക്കാലങ്ങളില്‍ വിശുദ്ധന്‍ നവീകരിച്ചു.
1570 ല്‍ മിലാനിലുണ്ടായ ക്ഷാമം വിശുദ്ധന്റെ ദീനാനുകമ്പയെ വെളിവാക്കുന്നതായിരുന്നു. ജനങ്ങളെ സഹായിക്കേണ്ടിയിരുന്ന ഉദ്യോഗസ്ഥരെല്ലാം അവിടെനിന്ന് പ്രാണരക്ഷാര്‍ഥം ഓടിയൊളിച്ചപ്പോഴും വിശുദ്ധന്‍ തന്റെ ജനത്തോടൊപ്പം അവിടെത്തന്നെ താമസിച്ചു. തന്റെ സമ്പാദ്യത്തില്‍ ഒരു ചില്ലിക്കാശുപോലും അവശേഷിക്കാതെ ദരിദ്രര്‍ക്കുവേണ്ടി അദ്ദേഹം ചിലവഴിച്ചു. ദിവസവും ഏകദേശം അരലക്ഷത്തിലേറെ പേരെ അദ്ദേഹം പോറ്റിയിരുന്നു.
എല്ലാവരെയും സ്‌നേഹിച്ച, സഹായിച്ച ചാള്‍സ് ബൊറോമിയ എന്ന ദൈവികമനുഷ്യന്‍ തന്റെ നാല്പത്തിയാറാമത്തെ വയസ്സില്‍ 1584 നവംബര്‍ മൂന്നാം തീയതി സ്വര്‍ഗീയസമ്മാനത്തിനായി യാത്രയായി. 1610 ല്‍ ചാള്‍സ് ബൊറോമിയായെ വിശുദ്ധനായി നാമകരണം ചെയ്തു.
വിചിന്തനം: ‘ജീവിതക്ലേശങ്ങള്‍ സന്തോഷപൂര്‍വം സഹിക്കുക. സ്വര്‍ഗത്തിലേക്കുള്ള കോവണിപ്പടിയായി അവയെ മാറ്റുക.’
ഇതരവിശുദ്ധര്‍: ബിണ്‍സ്റ്റാന്‍(+934)വിഞ്ചെസ്റ്ററിലെ മെത്രാന്‍/ക്ലാതൂസ് (+875)റൂവെന്‍/ഒളിംപസ് (+846)സന്യാസി/ഫിലോഗസും പത്രോബാസും (ഒന്നാം നൂറ്റാണ്ട്)/പിരിയൂസ്(+309)/വിറ്റാലിസ്(+304)രക്തസാക്ഷി/മോഡെസ്റ്റാ(+680)ബനഡിക്ടന്‍ ആബസ്
ഫാ. ജെ. കൊച്ചുവീട്ടില്‍