നവംബര്‍ 3: വി. മാര്‍ട്ടിന്‍ ഡി പോറസ്

നീഗ്രോകളുടെ അപ്പസ്‌തോലന്‍ എന്നറിയപ്പെടുന്ന വി. മാര്‍ട്ടിന്‍ ഡി പോറസ് 1579 ഡിസംബര്‍ 9 -ാം തീയതി പ്രശസ്തമായ ലീമാ എന്ന സ്ഥലത്ത് ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ഒരു സ്പാനിഷ് പ്രഭുവും മാതാവ് ഒരു നീഗ്രോ സ്ത്രീയുമായിരുന്നു. മാര്‍ട്ടിന്റെ ചെറുപ്രായത്തില്‍ത്തന്നെ പിതാവ് അവരെ ഉപേക്ഷിച്ചുപോയി. എങ്കിലും വല്ലപ്പോഴും ചില സ്വര്‍ണ്ണനാണയങ്ങള്‍ അദ്ദേഹം കുടുംബത്തിന് അയച്ചുകൊടുത്തിരുന്നു.

ബാലനായിരിക്കുമ്പോള്‍ത്തന്നെ ദരിദ്രരോട് ഏറെ സ്‌നേഹവും സഹതാപവും മാര്‍ട്ടിന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പാവപ്പെട്ടവരുടെ കഷ്ടപ്പാടുകള്‍ അവന്റെ പിഞ്ചുഹൃദയത്തെ നൊമ്പരപ്പെടുത്തി. അവരുടെ കണ്ണീര് തുടച്ചുമാറ്റുന്നതില്‍ അവന്‍ എന്തെന്നില്ലാത്ത ആനന്ദം കണ്ടെത്തി. ഭക്ഷണം വാങ്ങുന്നതിനായി അമ്മ കൊടുത്തിരുന്ന പണം പോലും പലപ്പോഴും വിശുദ്ധന്‍ സാധുക്കള്‍ക്ക് ദാനം ചെയ്യുമായിരുന്നു.

മാര്‍ട്ടിന് ഏകദേശം എട്ടുവയസ്സായപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് തിരിച്ചുവന്ന് അവരെ ഗ്വയാക്കിലേക്കു കൊണ്ടുപോയി. അവിടെ വച്ചാണ് മാര്‍ട്ടിന്‍ എഴുതാനും വായിക്കാനും പഠിക്കുന്നത്. രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം തിരികെവന്ന മാര്‍ട്ടിന്‍, നാട്ടിലെ ഒരു ഡോക്ടറുടെ സഹായിയായി ജോലിയില്‍ പ്രവേശിച്ചു. ഇത് അവന് ഏറെ ആനന്ദപ്രദമായിരുന്നു. കാരണം രോഗികളെ ശുശ്രൂഷിക്കാമല്ലോ?

ഈ ജോലിത്തിരക്കുകള്‍ക്കിടയിലും ആധ്യാത്മികഗ്രന്ഥങ്ങള്‍ വായിക്കുന്നതില്‍ മാര്‍ട്ടിന്‍ അത്യുത്സാഹം പ്രകടിപ്പിച്ചിരുന്നു. യേശുക്രിസ്തുവിനെയും പരിശുദ്ധ കന്യകയെയും പരിശുദ്ധാത്മാവിനെയും പുണ്യവാന്മാരെയുമൊക്കെ കുറിച്ച് അവന്‍ ധാരാളം വായിച്ചിരുന്നു. പകല്‍ മുഴുവന്‍ കഠിനാധ്വാനം ചെയ്തിരുന്ന മാര്‍ട്ടിന്‍, രാത്രിയുടെ ഏകാന്തതയില്‍ പ്രാര്‍ഥനയ്ക്കും പഠനത്തിനുമായി സമയം കണ്ടെത്തി.

പതിനഞ്ചാമത്തെ വയസ്സില്‍ മാര്‍ട്ടിന്‍ ലീമായിലെ ഡൊമിനിക്കന്‍ ആശ്രമത്തില്‍ ഒരു പരിചാരകനായി ചേര്‍ന്നു. അവിടെ ഏറ്റവും ഹീനമെന്നു കരുതപ്പെടുന്ന ജോലികള്‍ ചെയ്യുന്നതിലായിരുന്നു മാര്‍ട്ടിന്റെ ആനന്ദം. മാര്‍ട്ടിന്റെ ജീവിതവിശുദ്ധി തിരിച്ചറിഞ്ഞ അധികാരികള്‍ ഒമ്പതു വര്‍ഷങ്ങള്‍ക്കുശേഷം സഭയിലെ ഒരു തുണസഹോദരനായി മാര്‍ട്ടിനെ സ്വീകരിച്ചു. പുതിയ ജീവിതത്തില്‍ അത്ഭുതപൂര്‍വമായ തീക്ഷ്ണത മാര്‍ട്ടിന്‍ പ്രദര്‍ശിപ്പിച്ചു.

ലീമാ പട്ടണത്തിലെയും പരിസരപ്രദേശങ്ങളിലെയും പാവപ്പെട്ട രോഗികള്‍ കൂട്ടം കൂട്ടമായി വിശുദ്ധന്റെ പക്കല്‍ ഓടിക്കൂടി. മനുഷ്യരാശിയോടുള്ള സ്‌നേഹത്താല്‍ അദ്ദേഹത്തിന്റെ ഹൃദയം സദാ ജ്വലിച്ചിരുന്നു. എല്ലാത്തരം ആളുകളെയും സഹായിക്കാന്‍ തയ്യാറായിരുന്ന വിശുദ്ധന്‍, ദിവസവും ഇരുനൂറോളം പേര്‍ക്ക് ആഹാരം നല്‍കിയിരുന്നു. രണ്ടായിരത്തോളം ഡോളറാണ് അദ്ദേഹം സാധുക്കള്‍ക്കായി ആഴ്ചയില്‍ ദാനം ചെയ്തിരുന്നത്. ഇതെല്ലാം അദ്ദേഹം ധനവാന്മാരില്‍നിന്ന് യാചിച്ചുവാങ്ങിയതായിരുന്നു. വിശുദ്ധന്റെ പരിശ്രമഫലമായാണ് ‘ഹോളി ക്രോസ്’ എന്ന അനാഥാലയം സ്ഥാപിതമായത്. ചെല്ലുന്നിടത്തെല്ലാം ശാന്തിയും സമാധാനവും അദ്ദേഹം പ്രദാനം ചെയ്തിരുന്നു. അതിനാലാവാം ‘സാധുക്കളുടെ പിതാവ്’ എന്നു ലീമാ നിവാസികള്‍ അദ്ദേഹത്തെ വിളിച്ചത്.

വിശുദ്ധന്‍ ജീവിതകാലം മുഴുവന്‍ തെക്കേ അമേരിക്കയിലാണ് ചെലവഴിച്ചത്. എങ്കിലും അദ്ദേഹം അത്ഭുതകരമായി ആഫ്രിക്കയിലെ ക്രിസ്തീയ അടിമകളെ സഹായിച്ചതായും മെക്‌സിക്കോയിലും ജപ്പാനിലും ചൈനയിലുമുള്ള സാധുക്കളെയും രോഗികളെയും ശുശ്രൂഷിച്ചതിനും വിശ്വാസയോഗ്യമായ സാക്ഷ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1639 നവംബര്‍ മൂന്നാം തീയതിയാണ് അദ്ദേഹം ഈലോകവാസം വെടിഞ്ഞത്.

വിചിന്തനം: ‘നീ ചെയ്യുന്നത് നന്നായി ചെയ്യുക. എന്റെ മുന്തിരിത്തോട്ടത്തില്‍ വിശ്വസ്തതയോടെ യത്‌നിക്കുക. ഞാന്‍ നിനക്കു പ്രതിഫലം തരും.’

ഇതരവിശുദ്ധര്‍: അസെപ്‌സിമാസ് (അഞ്ചാം നൂറ്റാണ്ട്)/ ഡോംനൂസ് (+657) മെത്രാന്‍/ ക്രിസ്റ്റാളൂസ് (ഏഴാം നൂറ്റാണ്ട്) എലേരിയൂസ് (ആറാം നൂറ്റാണ്ട്)/ വാലന്റീനിയന്‍ (+500) സലേനോയിലെ മെത്രാന്‍/ ഇംഗ്ലാത്തിയൂസ് (+966) സ്‌കോട്ടീഷ് മെത്രാന്‍/ ജെര്‍മ്മാനൂസ് (+250) രക്തസാക്ഷി/ ഫ്‌ളോറസ് (+389) ലോദ്വിലെ ആദ്യ മെത്രാന്‍/ഹര്‍ബട്ട് (+727) മാസ്ട്രിനിലെ മെത്രാന്‍

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.