നവംബര്‍ 29: വാഴ്ത്ത. ഫ്രാന്‍സിസ് ആന്റണി ഫസാനി

തെക്കുകിഴക്കേ ഇറ്റലിയിലെ ലുച്ചേരായില്‍ 1681 ല്‍ ഒരു ദരിദ്ര കര്‍ഷക കുടുംബത്തിലായിരുന്നു വാഴ്ത്ത. ഫ്രാന്‍സിസ് ആന്റണി ഫസാനിയുടെ ജനനം. സ്ഥലത്തെ ഫ്രാന്‍സിസ്‌ക്കന്‍ സന്യസ്തരുടെ കീഴില്‍ വിദ്യാഭ്യാസം നടത്തി. ഭക്തജീവിതം നയിച്ചിരുന്ന ഫ്രാന്‍സിസ് 14-ാമത്തെ വയസ്സില്‍ ഫ്രാന്‍സിസ്കന്‍ സഭാവസ്ത്രം സ്വീകരിച്ചു. അദ്ദേഹം സഭാനിയമങ്ങള്‍ കൃത്യമായി പാലിച്ചിരുന്നു.

1705 ല്‍ പൗരോഹിത്യം സ്വീകരിക്കുകയും അസ്സീസി ബസിലിക്കയോടു ചേര്‍ന്നുള്ള ആശ്രമത്തില്‍ താമസിച്ച് പഠനം തുടരുകയും ചെയ്തു. രണ്ടുവര്‍ഷം കൊണ്ട് ദൈവശാസ്ത്രത്തില്‍ ഉന്നതബിരുദം നേടി. പിന്നീട് സഭാവക കോളജില്‍ തത്വശാസ്ത്ര അധ്യാപകനായി നിയമിതനായി. ആശ്രമശ്രേഷ്ഠന്‍, പ്രൊവിന്‍ഷ്യൾ  തുടങ്ങിയ പല ഉന്നതപദവികളും അദ്ദേഹം അലങ്കരിച്ചു.

ദൈവദത്തമായ നിരവധി കഴിവുകള്‍ ആന്റണിക്കുണ്ടായിരുന്നു. ഉജ്വല പ്രാസംഗികന്‍, ദരിദ്രരുടെ സ്‌നേഹിതന്‍, ഹതഭാഗ്യരുടെ സുഹൃത്ത്, മിഷനറി, ധ്യാനപ്രഭാഷകന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രശോഭിച്ചു. നിരവധി മണിക്കൂറുകള്‍ കുമ്പസാരിപ്പിക്കുന്നതിനായി പാപവിമോചനവേദിയില്‍ ശുശ്രൂഷ ചെയ്തു. പൗരോഹിത്യശുശ്രൂഷ, പരിഹാരജീവിതം, എന്നിവയില്‍ ജാഗരൂകനായിരുന്ന ഫ്രാന്‍സിസ് ആന്റണി ദൈവജനത്തിന്റെ നന്മയ്ക്കുവേണ്ടി 36 വര്‍ഷം കഠിനാധ്വാനം ചെയ്തു. ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കുക തന്റെ പ്രത്യേക ദൗത്യമായി കരുതി അതിനുവേണ്ടി തീവ്രമായി യത്‌നിച്ചിരുന്നു. 1742 ല്‍ ഫ്രാന്‍സിസ് ദൈവസന്നിധിയിലേക്കു യാത്രയായി.

വിചിന്തനം: ക്രിസ്തുമാര്‍ഗവും സത്യവും ജീവനുമാണ്. മാര്‍ഗമില്ലാതെ യാത്ര ചെയ്യുക സാധ്യമല്ല. സത്യമില്ലാതെ അറിവില്ല. ജീവനില്ലാതെ ജീവിതമില്ല.

ഇതരവിശുദ്ധര്‍ : സാറ്റര്‍ണിനൂസ്/ സന്ത്വെന്‍ (ആറാം നൂറ്റാണ്ട്)/ ഹാര്‍ഡോയില്‍ (ഏഴാം നൂറ്റാണ്ട്)/റാഡ്‌ബോഡ് (850-917) മെത്രാന്‍/ ഫിലോമിനൂസ് (+275) രക്തസാക്ഷി/ ബ്രെണ്ഡന്‍ (+573)/ ഈജെള്‍വിന്‍ (ഏഴാം നൂറ്റാണ്ട്)/ ഗുള്‍സ്താന്‍ (+1010)/ ഇല്ലുമിനാത്താ (മൂന്നാം നൂറ്റാണ്ട്)

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.