നവംബര്‍ 28: വി. കാതറിന്‍ ലബൂര്‍

ഫ്രാന്‍സിലെ ബര്‍ഗന്റിയില്‍ 1806 ല്‍ ഒരു കര്‍ഷകന്റെ മകളായി കാതറിന്‍ ജനിച്ചു. ചെറുപ്പം മുതല്‍ തീക്ഷ്ണത നിറഞ്ഞ ഭക്തി അവള്‍ അഭ്യസിച്ചിരന്നു. അനേകം മൈല്‍ കാല്‍നടയായി സഞ്ചരിച്ചാണ് പ്രതിദിനം പരിശുദ്ധ കുര്‍ബാനയില്‍ അവൾ പങ്കെടുത്തിരുന്നത്.

അവള്‍ക്ക് എട്ടു വയസ്സുള്ളപ്പോള്‍ അമ്മ നിര്യാതയായി. പിതാവിന്റെ ഇഷ്ടക്കേട് അവഗണിച്ചുകൊണ്ട് അവള്‍ ‘ഉപവിയുടെ സഹോദരികള്‍’ എന്ന സന്യാസിനീ സമൂഹത്തില്‍ ചേര്‍ന്നു. അന്നുമുതല്‍ പ്രാര്‍ഥനയിലും പരിഹാരപ്രവൃത്തികളിലും കാതറിന്‍ കൂടുതല്‍ വ്യാപൃതയായി. പ്രാര്‍ഥനാജീവിതത്തില്‍ മുന്നേറിയ കാതറിന് അതിസ്വാഭാവികമായ ദര്‍ശനങ്ങളുണ്ടായി. പരിശുദ്ധ കുര്‍ബാനയില്‍ കര്‍ത്താവിനെ അവള്‍ യഥാര്‍ഥത്തില്‍ കണ്ടുകൊണ്ടിരുന്നു. ത്രിത്വത്തിന്റെ ഞായറാഴ്ച ക്രിസ്തുരാജന്റെ പ്രത്യേകമായ ദര്‍ശനം അവള്‍ക്കുണ്ടായി.

ദൈവമാതാവിന്റെ മൂന്നു ദര്‍ശനങ്ങള്‍ അവള്‍ക്കു ലഭിച്ചു. രണ്ടാമത്തെ ദര്‍ശനത്തില്‍, കന്യകാമറിയം സര്‍പ്പത്തിന്റെ തലയില്‍ ചവിട്ടിനില്‍ക്കുന്നതും ഇരുകരങ്ങളും മലര്‍ത്തിപ്പിടിച്ചിരിക്കുന്നതും അവയില്‍നിന്ന് രശ്മികള്‍ വീശുന്നതും ചുറ്റുമായി നീണ്ട വൃത്താകൃതിയില്‍, സ്വര്‍ണ്ണലിപികളില്‍ ‘പാപം കൂടാതെ ഉത്ഭവിച്ച മറിയമേ, അങ്ങയില്‍ അഭയം തേടുന്ന ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ’ എന്ന് എഴുതിയിരിക്കുന്നതും കണ്ടു. അതോടൊപ്പം അവള്‍ കേട്ട സ്വരമിതാണ്. “ഈ ദര്‍ശനത്തിന്റെ രീതിയില്‍ ഒരു മെഡലുണ്ടാക്കുക. ശരണത്തോടുകൂടി ധരിക്കുന്നവര്‍ക്ക് അതുവഴി ധാരാളം അനുഗ്രഹങ്ങള്‍ ലഭിക്കും.” മെഡലിന്റെ മറുവശത്ത് ‘M’ എന്ന അക്ഷരവും അതിനുമുകളില്‍ കുരിശും ഇരുവശങ്ങളില്‍ മുള്‍മുടി വലയം ചെയ്തിട്ടുള്ള ഈശോയുടെ തിരുഹൃദയവും പുഷ്പമുടി വലയം ചെയ്തിട്ടുള്ളതും ഒരു വാള്‍ കൊണ്ടു പിളര്‍ക്കപ്പെട്ട കന്യകാമറിയത്തിന്റെ ഛായയും ചിത്രീകരിച്ചിരിക്കണം. ഈ മെഡല്‍വഴി നിരവധി അത്ഭുതങ്ങള്‍ നടന്നതിനാല്‍ ‘അത്ഭുത മെഡല്‍’ എന്നപേരില്‍ ഇന്നും ഇത് ക്രൈസ്തവലോകത്ത് പ്രചാരത്തിലിരക്കുന്നു. 1876 ല്‍ മരണമടഞ്ഞ കാതറീനെ 1947 ല്‍ വിശുദ്ധയായി നാമകരണം ചെയ്തു.

വിചിന്തനം: നമുക്ക് ധീരതാപൂര്‍വം  അവിടുത്തെ അനുഗമിക്കാം. യാതൊന്നും ഭയപ്പെടേണ്ട. യുദ്ധത്തില്‍ പൗരുഷത്തോടെ പടവെട്ടി മരിക്കാന്‍ നാം സന്നദ്ധരാകണം. കുരിശില്‍നിന്നും പേടിച്ചോടി, നമ്മുടെ മഹത്വത്തിന് കളങ്കം വരുത്തരുത്.

ഇതരവിശുദ്ധര്‍ : ആന്‍ഡ്രൂ ട്രോങ്ങ് (+1835)/ ഫിയോഞ്ചു ബാഗോറിലെ ആബട്ട്/ വലേറിയന്‍ (അഞ്ചാം നൂറ്റാണ്ട്) ആഫ്രിക്കന്‍ മെത്രാന്‍/ഹിപ്പോളിത്തൂസ് (+775) / റൂഫുസും കൂട്ടരും (+304) റോമന്‍ രക്തസാക്ഷികള്‍/ ജെയിംസ് (1391-1476)

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.