ചെറുപ്പം മുതലേ അഗാധമായ ദൈവഭക്തിയിലും പ്രാര്‍ഥനയിലും എളിമയിലും വളര്‍ന്നുവന്ന വി. മാക്‌സിമൂസിന്റെ ജനനം പ്രൊവെന്‍സിലായിരുന്നു. മാതാപിതാക്കളുടെ ജീവിതവിശുദ്ധിയും സന്മാതൃകയും കൊച്ചുമാക്‌സിമൂസിന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിരുന്നു. ആ സന്മാതൃകകള്‍ പിന്തുടര്‍ന്ന മാക്‌സിമൂസ് തന്റെ ജീവിതം പൂര്‍ണ്ണമായി ദൈവത്തിനു സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.
യുവാവായ മാക്‌സിമൂസ് ലോകബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് തന്റെ പിതൃസ്വത്ത് മുഴുവന്‍ ദരിദ്രര്‍ക്ക് ദാനം ചെയ്തശേഷം ലെറിന്‍ ആശ്രമത്തില്‍ ചേര്‍ന്നു. ആ ആശ്രമത്തിന്റെ സ്ഥാപകനും അബട്ടും വി. ഹൊനൊരാത്തൂസായിരുന്നു. 426 ല്‍ ഹൊനൊരാത്തൂസ് ആള്‍സിലെ ആര്‍ച്ചുബിഷപ്പായി അഭിഷിക്തനായതോടെ ജീവിതവിശുദ്ധിയില്‍ ഏവര്‍ക്കും മാതൃകയായിരുന്ന മാക്‌സിമൂസിനെ പ്രസ്തുത ആശ്രമത്തിന്റെ ആബട്ടായി തിരഞ്ഞെടുത്തു. തന്നില്‍ നിക്ഷിപ്തമായ പുതിയ ചുമതല അങ്ങേയറ്റം വിശ്വസ്തതയോടും വിനയത്തോടും കൂടി മാക്‌സിമൂസ് നിറവേറ്റി.
മാക്‌സിമൂസിന്റെ കാലത്ത് ആശ്രമത്തില്‍ വിശുദ്ധിയും വലിയ ഐക്യവും യോജിപ്പും നിലനിന്നിരുന്നു. അങ്ങേയറ്റം വിനയത്തോടു കൂടെയുള്ള മാക്‌സിമൂസിന്റെ പെരുമാറ്റം എണ്ണത്തില്‍ വളരെ കൂടുതലുണ്ടായിരുന്ന ആശ്രമവാസികളില്‍ അനുസരണം മധുരിതമാക്കി മാറ്റി. ഈ കാലത്ത് അവിടുത്തെ സന്യാസികള്‍ ജീവിതവിശുദ്ധിയിലും ജ്ഞാനത്തിലും പ്രശസ്തരായിത്തീര്‍ന്നു. അനേകര്‍ മാക്‌സിമൂസിന്റെ ഉപദേശങ്ങള്‍ക്കായി ദിവസവും ആശ്രമത്തില്‍ എത്തിക്കൊണ്ടിരുന്നു.
433 ല്‍ റീസു രൂപതയ്ക്ക് പുതിയൊരു മെത്രാനെ ആവശ്യമായിവന്നു. അവിടുത്തെ ജനങ്ങളും വൈദികരും മാക്‌സിമൂസിനെ പുതിയ മെത്രാനായി നിയമിക്കാന്‍ ആഗ്രഹിച്ചു. ഇത് മനസ്സിലാക്കിയ അദ്ദേഹം ഉടന്‍തന്നെ അവിടെനിന്നും ഒളിച്ചോടി. പക്ഷേ, അധികം വൈകാതെ ജനങ്ങള്‍ അദ്ദേഹത്തെ കണ്ടെത്തി. അതോടെ മെത്രാന്‍സ്ഥാനം ഏറ്റെടുക്കാന്‍ മാക്‌സിമൂസ് നിര്‍ബന്ധിതനായി. മെത്രാന്‍സ്ഥാനം ഏറ്റെടുത്തശേഷവും ഒരു സന്യാസിയെപ്പോലെ ജീവിച്ച മാക്‌സിമൂസ് 460 ല്‍ തന്റെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
വിചിന്തനം: ദൈവത്തിന്റെ സ്‌നേഹവും അനുഗ്രഹവും അപഹരിച്ചേക്കാവുന്ന സാര്‍വലൗകിക സന്തോഷങ്ങളെയും ഉപേക്ഷിക്കുക.
ഇതരവിശുദ്ധര്‍ : ജെയിംസ് ഇന്റര്‍സീഡൂസ് /ബില്‍ഹില്‍ഡ് (+710). വിര്‍ജിലൂസ് (700-784) മെത്രാന്‍/ ഫെര്‍ഗൂസ് (+721) ഐറിഷ് മെത്രാന്‍/ വി. അക്കാസിയൂസ് ഫാകുന്തൂസ് (+300)/ വെര്‍ജില്‍ (700784)/ അപ്പോളിനാരിസ് (+828) മോണ്‍ഡേ കാസിനോയിലെ ആബട്ട്/ വലേറിയന്‍(+389) അക്വീലിയായിലെ മെത്രാന്‍/ സെവേറിനൂസ് (+540) സന്യാസി/ ഗാല്‍ഗോ (ആറാം നൂറ്റാണ്ട്)
ഫാ. ജെ. കൊച്ചുവീട്ടില്‍