നവംബര്‍ 24: വി. കോള്‍മാന്‍

അയര്‍ലണ്ടില്‍ ജനിച്ച കോള്‍മാന്‍, അയോണാ ദ്വീപില്‍ വി. കൊളുംബയുടെ ആശ്രമത്തില്‍ അംഗമായി ചേര്‍ന്നു. പിന്നീട് ലിന്‍ഡിസ്ഫാണിലെ മെത്രാനായി നിയമിക്കപ്പെട്ടു. സഭയില്‍ നിലനിന്നുപോന്ന റോമന്‍ കെല്‍റ്റിക് പാരമ്പര്യങ്ങള്‍ പരസ്പരഭിന്നമായിരുന്നു. തത്സംബന്ധമായ അഭിപ്രായസംഘര്‍ഷം ശക്തമായപ്പോള്‍ വിറ്റ്ബിയില്‍ ഒരു സൂനഹദോസ് വിളിച്ചുകൂട്ടി. നോര്‍ത്തംബ്രിയാ രാജാവായിരുന്ന ഓസ്വാള്‍ഡിന്റെ ആഭിമുഖ്യത്തില്‍ വിറ്റ്ബിയില്‍ സൂനഹദോസ് സമ്മേളിച്ചു. വി. വിൽഫ്രഡും വി. അജില്‍ബര്‍ട്ടും റോമന്‍പാരമ്പര്യത്തെ ശക്തിയുക്തം പിന്താങ്ങി. കോള്‍മാനാവട്ടെ, സ്‌കോട്ടിഷ് പാരമ്പര്യത്തില്‍ ഉറച്ചുനിന്നു. അവസാനം റോമന്‍ പാരമ്പര്യം സ്വീകരിക്കാന്‍ സൂഹനദോസില്‍ തീരുമാനമായി. പക്ഷേ, കോള്‍മാന് ഈ തീരുമാനം സ്വീകരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം റോമന്‍ പാരമ്പര്യങ്ങള്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ലെന്നു മാത്രമല്ല, മെത്രാന്‍പദം വെടിഞ്ഞ് തന്നോടൊപ്പമുണ്ടായിരുന്ന ഐറിഷ് സന്യാസിമാരെയും ഇംഗ്ലീഷ് സന്യാസിമാരെയും കൂട്ടി അയോണായിലേക്കും പിന്നീട് അയര്‍ലണ്ടിലേക്കും പോയി. ഇനിഷ്‌ബോഫിന്‍ ദ്വീപില്‍ ഒരു ആശ്രമം പണിയിച്ച് സ്വദേശീയ പാരമ്പര്യങ്ങള്‍ പുലര്‍ത്തിക്കൊണ്ട് സന്യാസജീവിതം നയിച്ചു.

ഏറെനാള്‍ കഴിയുന്നതിനുമുമ്പ് വീണ്ടും പ്രശ്നങ്ങള്‍ തലപൊക്കി. ഐറിഷ് – ഇംഗ്ലീഷ് സന്യാസിമാര്‍ തങ്ങളുടെ വിഭിന്നതാല്പര്യങ്ങളെ ചൊല്ലി പരസ്പരം ഇടഞ്ഞു. അതിനാല്‍ കോള്‍മാന്‍ മായോവില്‍ രണ്ടാമതൊരു ഭവനം പണിയിച്ച് ഇംഗ്ലീഷ് സന്യാസിമാരെ അങ്ങോട്ടു മാറ്റിപ്പാര്‍പ്പിച്ചു. മരണംവരെ കോള്‍മാന്‍ തന്നെ രണ്ടു ഭവനങ്ങളുടെയും നിയന്താവായി തുടരുകയുംചെയ്തു.

വിചിന്തനം: നിന്നെത്തന്നെ പൂര്‍ണ്ണമായി ജയിക്കുന്നുവെങ്കില്‍ മറ്റുള്ളവയെല്ലാം എളുപ്പത്തില്‍ നിനക്കു കീഴടങ്ങിക്കൊള്ളും.

ഇതരവിശുദ്ധര്‍ : കൊളുബാനൂസ് (540-615)/ ക്രിസോഗോണസ്/ ആന്‍ഡ്രൂ (19-ാം നൂറ്റാണ്ട്)/ അലക്‌സാണ്ടര്‍ (+361)/ ബര്‍ണാര്‍ഡ് സ്യൂ (1755-1838) വിയറ്റ്‌നാമിലെ രക്തസാക്ഷി/ വിന്‍സെന്റ ് (1732-1773) രക്തസാക്ഷി/ ഫേമിനാ (+303) റോമന്‍ രക്തസാക്ഷിയായ കന്യക/ സ്റ്റീഫന്‍/ ഫ്‌ളോറയും മേരിയും (+856) കൊര്‍ഡോബായിലെ രക്തസാക്ഷികള്‍/ റോമാനൂസ് (+385)

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.