ഒമ്പതാം ശതകത്തില്‍ ഡാനിഷ് സൈന്യത്തിന്റെ നിരന്തരമായ ആക്രമണങ്ങളെ തുടര്‍ന്ന് 855 ലെ ക്രിസ്തുമസ് ദിനത്തില്‍ നോര്‍ഫോക്കിലെ വൈദികരും പ്രഭുക്കന്മാരും ചേര്‍ന്ന് അറ്റില്‍ബ റോവില്‍വച്ച് കേവലം 14 വയസ്സ് പ്രായമായ എഡ്മണ്ട് എന്ന രാജകുമാരനെ തങ്ങളുടെ ഭരണാധികാരിയായി വാഴിച്ചു. അനേകം വിശിഷ്ടഗുണങ്ങളുടെ വിളനിലമായിരുന്ന എഡ്മണ്ട്, സങ്കീര്‍ത്തനങ്ങള്‍ ആദ്യന്തം ഹൃദിസ്ഥമാക്കിക്കൊണ്ട് പ്രതിദിനം മുടക്കം കൂടാതെ ദൈവാലയശുശ്രൂഷയില്‍ പങ്കെടുത്തുപോന്നു. സുദൃഢമായ ദൈവഭക്തിയും ധര്‍മനിഷ്ഠയുംകൊണ്ട് ജനങ്ങള്‍ക്ക് സമര്‍ഥമായ നേതൃത്വം നല്‍കുകയും ചെയ്തു. അങ്ങനെയിരിക്കെ, ആക്രമണകാരികളായ ഡാനിഷ് സൈന്യങ്ങള്‍ നാടും നഗരങ്ങളും കൊള്ളയടിക്കുകയും കണ്ണില്‍ക്കണ്ടവരെയെല്ലാം കൊന്നൊടുക്കുകയും ചെയ്തു.
തദവസരത്തില്‍ എഡ്മണ്ട് തികഞ്ഞ ദൈവാശ്രയബോധത്തോടുകൂടി ഗോലിയാത്തിനോട് യുദ്ധം ചെയ്ത ദാവീദിനെപ്പോലെ സധൈര്യം അവരെ നേരിടാന്‍ തീരുമാനിച്ചു. സുസജ്ജമായ ഒരു സൈന്യവ്യൂഹത്തോടുകൂടി രണഭൂമിയിലേക്കു പുറപ്പെട്ടു. തെറ്റ്‌ഫോര്‍ഡില്‍ വച്ചുണ്ടായ യുദ്ധത്തില്‍ ശത്രുക്കള്‍ക്കു കനത്ത തിരിച്ചടി നല്‍കി. എന്നാല്‍ താരതമ്യേന വലിയ സൈന്യബലം സമാര്‍ജിച്ചുകൊണ്ട് ശത്രുസൈന്യം തിരിച്ചുവന്നു. വീണ്ടും യുദ്ധം കൊടുമ്പിരി കൊണ്ടു. എഡ്മണ്ട് കിണഞ്ഞുശ്രമിച്ചിട്ടും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ സഫോക്കിലെ ഒരു കൊട്ടാരത്തിലേക്കു പിന്‍വാങ്ങി.
ആക്രമണകാരികളുടെ നേതാവ് ഇങ്കുവാര്‍ എഡ്മണ്ടിനോടു രമ്യതപ്പെടുന്നതിനുവേണ്ടി മതനിയമങ്ങള്‍ക്കും സാമൂഹ്യനീതിക്കും വിരുദ്ധമായ ഏതാനും സന്ധിവ്യവസ്ഥകള്‍ ഉന്നയിച്ചു. എന്നാല്‍ എഡ്മണ്ടിന് അവ സ്വീകാര്യമായിരുന്നില്ല. അതിനാല്‍ വീണ്ടും യുദ്ധം തുടര്‍ന്നു. രണഭൂമിയില്‍ വച്ച് ശത്രുക്കള്‍ തന്ത്രപൂര്‍വം എഡ്മണ്ടിനെ പിടികൂടി. വീണ്ടും ഇങ്കുവര്‍ പഴയ വ്യവസ്ഥകള്‍ തന്നെ ഉന്നയിച്ചു. എന്നാല്‍ എഡ്മണ്ട് അപ്പോഴും അവയെ അവജ്ഞയോടുകൂടി തള്ളിക്കളയുകയാണ് ചെയ്തത്. തന്മൂലം ഇങ്കുവര്‍ കോപാവിഷ്ഠനായി എഡ്മണ്ടിനെ ഒരു മരത്തോടു ചേര്‍ത്തുകെട്ടി ചമ്മട്ടി കൊണ്ട് കഠിനമായി പ്രഹരിക്കാന്‍ ഭടന്മാര്‍ക്ക് ആജ്ഞ നല്‍കി.
എഡ്മണ്ട് ഈശ്വരനാമം ഉച്ചരിച്ചുകൊണ്ട് പീഡനങ്ങള്‍ ക്ഷമാപൂര്‍വം സഹിച്ചു. പിന്നീട് ഭടന്മാര്‍ അദ്ദേഹത്തിന്റെ ശരീരത്തിലുടനീളം അസ്ത്രങ്ങള്‍ എയ്ത് കീറിമുറിച്ചു. പെട്ടെന്ന് മരണം സംഭവിക്കാതിരിക്കത്തക്കവണ്ണമാണ് അവര്‍ അസ്ത്രങ്ങള്‍ പ്രയോഗിച്ചത്. ഒടുവില്‍ ഇങ്കുവാര്‍ തന്നെ അദ്ദേഹത്തെ ബന്ധനവിമുക്തനാക്കിയതിനുശേഷം ശിരച്ഛേദം ചെയ്തു.
ഹോക്‌സണില്‍ സംസ്‌കരിക്കപ്പെട്ട മൃതദേഹം 903 ല്‍ ബോഡ്രിക്‌സ്‌വര്‍ത്തിലേക്കും 1010 ല്‍ അവിടെനിന്നും ലണ്ടനിലെ വി. ഗ്രിഗോരിയോസിന്റെ ദൈവാലയത്തിലേക്കും മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു.
വിചിന്തനം: എന്റെ രക്ഷകാ, ഒന്നുകില്‍ അങ്ങ് എന്റെ ജീവന്‍ സ്വീകരിക്കുക. അല്ലെങ്കില്‍ പാപത്തില്‍നിന്ന് എന്നെ അകറ്റിനിർത്തുക.
ഇതരവിശുദ്ധര്‍ : ബാഡ്ഡൂസും കൂട്ടരും രക്തസാക്ഷികള്‍/അസേലിയൂസ് (+304) ആഫ്രിക്കയിലെ രക്തസാക്ഷി/ ബനീത്തു (+477) മിലാനിലെ മെത്രാാേലീത്താ/ ഡാനിയൂസ് (+300) / ഇവാല്‍ (ആറാം നൂറ്റാണ്ട്) ഇംഗ്ലണ്ടിലെ മെത്രാന്‍/ നേഴ്‌സസ്- രക്തസാക്ഷിയായ പേഴ്‌സ്യല്‍ മെത്രാന്‍/ മാക്‌സെന്റ്യ- രക്തസാക്ഷിയായ ഐറിഷ് കന്യക/ യൂഡോ(+760) ബെനഡിക്റ്റന്‍ ആബട്ട്/ വാലോയിസിലെ ഫെലിക്‌സ് (+1212) സന്യാസി
ഫാ. ജെ. കൊച്ചുവീട്ടില്‍