ഇംഗ്ലീഷ് രാജാവായ വി. എഡ്‌വേര്‍ഡിന്റെ സഹോദരപുത്രിയായിരുന്നു വി. മാര്‍ഗരറ്റ്. ഉത്കൃഷ്ടമായ രീതിയില്‍ സുകൃതങ്ങള്‍ അഭ്യസിച്ചിരുന്ന മാര്‍ഗരറ്റിനെ 1057 ല്‍ സ്‌കോട്‌ലണ്ടിലെ രാജാവായ മാല്‍ക്കോം വിവാഹം കഴിച്ചു. സംസ്കാരശൂന്യനും ക്രൂരസ്വഭാവക്കാരനുമായിരുന്ന മാല്‍ക്കോമില്‍ രാജ്ഞിയുടെ സുകൃതമാതൃകകള്‍ എന്തെന്നില്ലാത്ത പരിവര്‍ത്തനങ്ങള്‍ ഉളവാക്കി. അവളുടെ സൗമ്യശീലവും വിനീതപ്രകൃതവും രാജാവിന്റെ ക്രൂരസ്വഭാവത്തെ ക്രമേണ മയപ്പെടുത്തി. ക്രമേണ അദ്ദേഹം മതാനുഷ്ഠാന തൽപരനും നീതിനിഷ്ഠനുമായ ഒരു ഭരണാധികാരിയായിത്തീര്‍ന്നു. അങ്ങനെ സ്‌കോട്‌ലണ്ട് ഭരിച്ച രാജാക്കന്മാരുടെ ഗണത്തില്‍ അസൂയാര്‍ഹമായ ഒരു സ്ഥാനം അദ്ദേഹത്തിനു ലഭിച്ചു.
തന്റെ ഭാര്യയെ അതിയായി സ്‌നേഹിച്ചിരുന്ന രാജാവ് ഗാര്‍ഹികഭരണം മുഴുവന്‍ വിശുദ്ധയെ ഏൽപിച്ചു. മാത്രമല്ല, രാജ്യഭരണകാര്യങ്ങളില്‍ മാര്‍ഗരറ്റിന്റെ ഉപദേശം തേടുകയും ചെയ്തിരുന്നു. സുകൃതികളായ എട്ടു സന്താനങ്ങളെ നല്‍കിക്കൊണ്ട് ദൈവം അവരുടെ ദാമ്പത്യത്തെ അനുഗ്രഹിച്ചു. മക്കളെ ദൈവഭക്തിയില്‍ വളര്‍ത്തുന്നതില്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
രാജ്യത്തെ മുഴുവന്‍ തന്റെ കുടുംബമായി കണ്ടിരുന്ന രാജ്ഞി, വിധവകളെയും അനാഥരെയും പീഡിതരെയും സവിശേഷം ശുശ്രൂഷിച്ചുപോന്നു. ദിവസവും ഭക്ഷണത്തിനുമുമ്പ് ഒമ്പതു കുട്ടികള്‍ക്കും 24 ദരിദ്രര്‍ക്കും ആഹാരം നല്‍കുന്നത് വിശുദ്ധയുടെ പതിവായിരുന്നു. രാവിലെ കുര്‍ബാന കഴിഞ്ഞുവരുമ്പോള്‍ ആറു ദരിദ്രരുടെ പാദങ്ങള്‍ കഴുകി അവര്‍ക്ക് ധര്‍മം കൊടുത്തിരുന്നു. നോമ്പുകാലങ്ങളില്‍ സാധാരണയായി ഏതാണ്ട് മുന്നൂറോളം ദരിദ്രരെ രാജ്ഞി കൊട്ടാരത്തില്‍ സംരക്ഷിച്ചിരുന്നു.
വിശുദ്ധജീവിതം നയിച്ചിരുന്ന രാജ്ഞി ഒരു രോഗം ബാധിച്ചു കിടപ്പിലായി. ഈ അവസരത്തിലാണ് രാജാവ് ഇംഗ്ലീഷ് സൈന്യവുമായി ഏറ്റുമുട്ടിയത്. അദ്ദേഹത്തിന്റെ സൈന്യം ഇംഗ്ലീഷ് കോട്ടയെ വളയുകയും അവരെ പരിപൂര്‍ണ്ണമായി കീഴടക്കുകയും ചെയ്തിരുന്നു. പക്ഷേ, ചരിത്രത്തില്‍ കുപ്രസിദ്ധമായിത്തീര്‍ന്ന അതിനിന്ദ്യമായ വിശ്വാസവഞ്ചനയാല്‍ അദ്ദേഹം കൊല്ലപ്പെട്ടു. മാല്‍ക്കോമിന്റെ സൈന്യത്തോടു പരാജയപ്പെട്ട ഇംഗ്ലീഷ് സൈന്യത്തിന്റെ ഗവര്‍ണര്‍ കോട്ടയുടെ താക്കോല്‍ ഏൽപിക്കാന്‍ രാജാവിനെ സമീപിച്ചു. ഈ സമയത്ത് വഞ്ചകനായ ഗവര്‍ണര്‍ തന്റെ കുന്തമെടുത്ത് മാല്‍ക്കോമിന്റെ കണ്ണില്‍ കുത്തി. വിശ്വാസവഞ്ചന കാട്ടിയ ഗവര്‍ണറെ വധിക്കാന്‍ പാഞ്ഞടുത്ത മാല്‍ക്കോമിന്റെ പുത്രന്‍ എഡ്‌വേര്‍ഡിനെയും ഗവര്‍ണര്‍ വധിച്ചു.
രോഗിണിയായി കിടന്നിരുന്ന രാജ്ഞി ഈ ദുഃഖവാര്‍ത്ത കേട്ടപ്പോള്‍ അവര്‍ ഇപ്രകാരം മന്ത്രിച്ചു: “എന്റെ മരണസമയത്ത് ഇത്ര കഠിനമായ ഒരു വ്യഥ ഞാൻ അനുഭവിക്കുന്നതിന് തിരുമനസ്സായ സര്‍വശക്തനായ ദൈവത്തിനു സ്തുതി.” 1093 നവംബര്‍ 16-ാം തീയതി തന്റെ നാല്പത്തിയേഴാമത്തെ വയസ്സില്‍ മാര്‍ഗരറ്റ് ഇഹലോകവാസം വെടിഞ്ഞു.
വിചിന്തനം: ”ഒരാള്‍ തന്റെ ജീവിതകാലത്ത് എത്ര കുര്‍ബാനകളില്‍ ശരിയാംവിധം പങ്കുചേര്‍ന്നിട്ടുണ്ടോ അത്രയും വിശുദ്ധരെ അയാളുടെ മരണസമയത്ത് അയാളെ ആശ്വസിപ്പിക്കാനും സംരക്ഷിക്കാനുമായി ഞാന്‍ അയയ്ക്കാം” – ഈശോ വി. ജത്രൂദിന് വെളിപ്പെടുത്തിയത്.
ഇതരവിശുദ്ധര്‍ : സ്‌കോട്‌ലണ്ടിലെ മാര്‍ഗരറ്റ് (1046-1093)/ അഫാന്‍ (ആറാം നൂറ്റാണ്ട്) വെയില്‍സിലെ മെത്രാന്‍/ വി. ജര്‍ത്രൂദ് (+1260)/ ആഫ്രിക്കൂസ് (ഏഴാം നൂറ്റാണ്ട്)/ അല്‍ഫ്രിക്ക് (+1005) കാന്റര്‍ബറിയിലെ മെത്രാന്‍/ വി. ആഗ്നസ് അസ്സീസി (1198-1253) എല്‍പിഡിയൂസും കൂട്ടരും (+362)രക്തസാക്ഷികള്‍/ഗൊബ്രെയിന്‍ (+725) വാന്നെസിലെ മെത്രാന്‍/ഹ്യൂ ലിങ്കണ്‍ (1140-1200)/ ലിബ്യൂണ്‍(+773)/ ജോസഫ് മൊസ്‌ക്കാട്ടി (1880-1927)
ഫാ. ജെ. കൊച്ചുവീട്ടില്‍