ഡബ്ലിനിലെ രാജകുടുംബത്തില്‍ 1125 ല്‍ ലോറന്‍സ് ഒര്‍ടൂള്‍ ജനിച്ചു. പത്താമത്തെ വയസ്സില്‍ ജാമ്യത്തടവുകാരനായി ലിന്‍ടെറിലേ രാജാവിനു നല്‍കപ്പെട്ടു. രാജാവിന്റെ നിര്‍ദയമായ പെരുമാറ്റം നിമിത്തം ഗ്ലൈന്റുലോക്കിലെ മെത്രാന്റെ പക്കല്‍ അവനെ ഏൽപിക്കാനിടയായി. മെത്രാന്റെ സംരക്ഷണയില്‍ പ്രാര്‍ഥനാജീവിതത്തില്‍ അവന്‍ വളര്‍ന്നു.
മെത്രാന്റെ മരണശേഷം ലോറന്‍സ് ആശ്രമാധിപനായി നിയമിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹത്തിന് 25 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. 1162 ല്‍ ഡബ്ലിന്‍ മെത്രാപ്പോലിത്തയായി ലോറന്‍സ് നിയമിക്കപ്പെട്ടു. മെത്രാന്‍ സ്ഥാനാരോഹണത്തിനുശേഷവും അദ്ദേഹം സന്യാസവസ്ത്രം ധരിക്കുകയും സന്യസ്തരോടൊത്ത് ഭക്ഷിക്കുകയും ചെയ്തിരുന്നു. രാത്രിജപം സന്യസ്തരോടൊപ്പം ചൊല്ലിയശേഷം ദീര്‍ഘനേരം ദിവ്യകാരുണ്യസന്നിധിയില്‍ പ്രാർഥിക്കുക പതിവായിരുന്നു.
ചമ്മട്ടിയടിയാല്‍ സ്വയം പീഡിപ്പിച്ചിരുന്ന അദ്ദേഹം, അനുദിനം മുപ്പതുപേരെ തന്നോടൊപ്പമിരുത്തി ഭക്ഷണം നല്‍കിയിരുന്നു. 1179 ലെ ലാറ്ററന്‍ സൂനഹദോസില്‍ അദ്ദേഹം പങ്കെടുത്തു. അലക്‌സാണ്ടര്‍ തൃതിയന്‍ മാര്‍പാപ്പ അദ്ദേഹത്തെ അയര്‍ലണ്ടിന്റെ പേപ്പല്‍ പ്രതിനിധിയായി നിയമിച്ചു. അയര്‍ലണ്ടും ഇംഗ്ലണ്ടും തമ്മിലുള്ള തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ത്ത് സമാധാനം സ്ഥാപിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നോര്‍മണ്ടിയിലായിരിക്കുമ്പോള്‍ അദ്ദേഹത്തിന് പനി പിടിപ്പെട്ടു. 1180 നവംബര്‍ 14-ാം തീയതി ലോറന്‍സ് നിര്യാതനായി. 1226 ല്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.
വിചിന്തനം: എനിക്ക് അങ്ങയുടെ പ്രസാദവരമുള്ളപ്പോള്‍ നിരവധി പരീക്ഷകളും അനര്‍ഥങ്ങളും ഉണ്ടായാലും ഞാന്‍ ഒന്നിനെയും ഭയപ്പെടുകയില്ല.
ഇതരവിശുദ്ധര്‍: അല്‍ബെറിക്ക് (+784) യൂട്രെക്ടിലെ മെത്രാന്‍/ ക്ലമെന്തിനൂസ് രക്തസാക്ഷി/ ഹൈപാഷിയൂസ് (+325) ഗ്രാന്‍ഗ്രായിലെ മെത്രാന്‍/ സെറാപിയോണ്‍ (+252) അലക്‌സാണ്ട്രിയായിലെ രക്തസാക്ഷി/നാര്‍ണിയിലെ വാഴ്ത്തപ്പെട്ട ലൂസി (1476-1544)/ ഡുബ്രിക്കൂസ് (+550)/ ഗ്രിഗറി(1296-1359)/ വെനാരാന്താ (രണ്ടാം നൂറ്റാണ്ട്) ഗോളിലെ രക്തസാക്ഷിയായ കന്യക/ ക്ലെമെന്റിനൂസ്-രക്തസാക്ഷി/ മൊഡാനിക് (എട്ടാം നൂറ്റാണ്ട്) സ്‌കോട്ടിഷ് മെത്രാന്‍
ഫാ. ജെ. കൊച്ചുവീട്ടില്‍