മാര്‍ച്ച് 31: വി. ബഞ്ചമിന്‍

പേര്‍ഷ്യയില്‍ നാലാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ആരംഭിച്ച ക്രിസ്തുമത മര്‍ദനം അതിഭീകരമായിരുന്നു. അനേകായിരങ്ങള്‍ ഈ കാലഘട്ടത്തില്‍ തങ്ങളുടെ വിശ്വാസത്തിന്റെപേരില്‍ മരണമടഞ്ഞു. അബദാസ് എന്ന പേരോടുകൂടിയ ഒരു കത്തോലിക്കാ മെത്രാന്‍ പേര്‍ഷ്യയിലെ ഒരു അമ്പലത്തിനു തീയിട്ടു എന്നതാണ് മതമര്‍ദനത്തിന് കാരണമെന്നു പറയപ്പെടുന്നു. ഏകദേശം 40 വര്‍ഷം നീണ്ടുനിന്ന പീഡനകാലത്ത് വാക്കുകള്‍കൊണ്ട് വിവരിക്കാനാവാത്തവിധം ക്രൂരമായ പീഡനങ്ങള്‍ക്കാണ് ക്രൈസ്തവര്‍ ഇരയായത്. ഇവരില്‍ പ്രമുഖനാണ് ഡീക്കനായ വി. ബഞ്ചമിന്‍.

ബാരനെസ്സ് രാജാവിന്റെ ഭരണകാലത്താണ് ബെഞ്ചമിന്‍ പിടിക്കപ്പെടുന്നത്. അദ്ദേഹത്തെ ക്രൂരമായി മര്‍ദിച്ചതിനുശേഷം ഏകദേശം ഒരുവര്‍ഷത്തോളം കാരാഗൃഹത്തിലടച്ചു. ഒരുവര്‍ഷത്തിനു ശേഷം, ഇനിമേലില്‍ ക്രിസ്തുമതം പ്രസംഗിക്കരുതെന്ന കര്‍ശന താക്കീതോടുകൂടി ബഞ്ചമിനെ കാരാഗൃഹത്തില്‍നിന്നു മോചിപ്പിച്ചു. എന്നാല്‍, ബഞ്ചമിന്‍ പൂര്‍വാധികം ഉത്സാഹത്തോടെ ക്രൈസ്തവമതം പ്രചരിപ്പിക്കുകയും പീഡകളേറ്റവരെ ആശ്വസിപ്പിക്കുകയും ചെയ്തു.

അധികം വൈകാതെ തന്നെ ഈ വാര്‍ത്ത രാജാവിന്റെ ചെവികളിലെത്തി. ഉടന്‍ ബഞ്ചമിന്‍ രാജസന്നിധിയില്‍ ഹാജരാക്കപ്പെട്ടു. വിചാരണയില്‍ ക്രിസ്തുമതവിശ്വാസം തള്ളിപ്പറയാന്‍ തയ്യാറാകാതിരുന്നതിനാല്‍ ബഞ്ചമിനെ ക്രൂരമായ പീഡകള്‍ക്കു വിധേയമാക്കാന്‍ രാജാവ് കൽപന നൽകി. അദ്ദേഹത്തിന്റെ കൈകാലുകളുടെ വിരലുകളിലെ നഖങ്ങളുടെ കീഴിലുള്ള മാംസത്തില്‍ ആണികള്‍ കയറ്റി. വീണ്ടുംവീണ്ടും ഇത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇതുപോലെ ശരീരത്തിലെ മൃദുലമായ മറ്റു ഭാഗങ്ങളിലും ആണി കയറ്റിക്കൊണ്ടിരുന്നു. അവസാനം ഒരു കുറ്റി വയറില്‍ കയറ്റി കുടല്‍ ഭേദിച്ചു. ഉടന്‍തന്നെ അദ്ദേഹത്തിന്റെ ദിവ്യാത്മാവ് സ്വര്‍ഗത്തിലേക്കു പറന്നുയര്‍ന്നു. 424 ലായിരുന്നു അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം.

വിചിന്തനം: ”എന്നില്‍ യാതൊരു കുറവും ഉള്ളതായി ഞാനറിയുന്നില്ല. എങ്കിലും അത് എന്റെ നീതീകരണത്തിനു മതിയായ കാരണമാകുന്നില്ല. എന്തുകൊണ്ടെന്നാല്‍, അങ്ങയുടെ കാരുണ്യത്തെ മാറ്റിവച്ചാല്‍ ജീവനുള്ളവരാരും അങ്ങയുടെ സന്നിധിയില്‍ നീതിമാന്മാരായിരിക്കില്ല.”

ഫാ. ജെ. കൊച്ചുവീട്ടിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.