
പാലസ്തീനായില്‍ 525 ലാണ് വി. ജോണ്‍ ക്ലൈമാക്‌സ് ജനിച്ചത്. ക്രൈസ്തവഭക്തിയില്‍ വളര്‍ന്നുവന്ന ജോണ്‍ പഠനകാര്യങ്ങളില്‍ അസാമാന്യമായ സാമർഥ്യം പ്രദര്‍ശിച്ചിരുന്നു. എന്നാല്‍, പതിനാറാമത്തെ വയസില്‍ ലൗകിക ആര്‍ഭാടങ്ങളെല്ലാം ഉപേക്ഷിച്ച് അദ്ദേഹം സന്യാസജീവിതത്തിലേക്കു പ്രവേശിച്ചു.
പുണ്യവാനായിരുന്ന മര്‍ട്ടീനിയൂസ് എന്ന സന്യാസിയുടെ ശിക്ഷണം സ്വീകരിച്ച ജോണ്‍, സീനായുടെ മലഞ്ചെരുവില്‍ ഒരു കുടിലില്‍ താമസമാരംഭിച്ചു. അവിടെ തീക്ഷ്ണതയോടെ അദ്ദേഹം പുണ്യങ്ങള്‍ അഭ്യസിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ എളിമയും സ്വയംനിഗ്രഹവും മൗനവുമൊക്കെ ഏവര്‍ക്കും മാതൃകയായിരുന്നു. ജോണ്‍ ഒരുകാലത്ത് തിരുസഭയുടെ ദീപമായി പ്രശോഭിക്കുമെന്ന് ഒരു വൃദ്ധസന്യാസി ഇവിടെവച്ച് പ്രവചിച്ചിരുന്നു.
ഗുരുവിന്റെ മരണശേഷം ജോണ്‍ ഏകാന്തജീവിതം ആരംഭിച്ചു. അന്നുമുതല്‍ വിശുദ്ധന്മാരുടെ ജീവചരിത്രവും അവരുടെ ഗ്രന്ഥങ്ങളും തീക്ഷ്ണതയോടെ പഠിക്കാനും ധ്യാനിക്കാനും ആരംഭിച്ചു. നിരന്തരമായ പ്രാര്‍ഥനയിലൂടെയും ഉപവാസത്തിലൂടെയും തന്റെ ജീവിതവിശുദ്ധിയെ ജോണ്‍ സംരക്ഷിച്ചുപോന്നു. വേദഗ്രന്ഥത്തിലും സഭാപിതാക്കന്മാരുടെ ഗ്രന്ഥങ്ങളിലും പണ്ഡിതനായിരുന്ന വിശുദ്ധന്റെ ജ്ഞാനവും ജീവിതവിശുദ്ധിയും കേട്ടറിഞ്ഞ അനേകം ജനങ്ങള്‍ ഉപദേശങ്ങള്‍ക്കായി അദ്ദേഹത്തെ സന്ദര്‍ശിച്ചുകൊണ്ടിരുന്നു.
ജോണിന്റെ വാസസ്ഥലം പരസ്യമായതോടെ ഏകാന്തതയ്ക്കും ധ്യാനത്തിനുമായി അദ്ദേഹം മറ്റൊരു സ്ഥലത്തേക്കു താമസം മാറി. എഴുപത്തിയഞ്ചാമത്തെ വയസ്സില്‍ സീനായ് മലയിലെ സന്യാസികളുടെ ശ്രേഷ്ഠനായി ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെവച്ചാണ് ജോണ്‍ തന്റെ പ്രശസ്തമായ ‘ക്ലൈമക്‌സ്’ എന്ന ഗ്രന്ഥം രചിച്ചത്. വിശുദ്ധന്‍ തന്റെ ജീവിതത്തില്‍ അനുഷ്ഠിച്ചിരുന്ന നിയമങ്ങളുടെ സംക്ഷേപമാണ് ഈ പുസ്തകം. ഈ ഗ്രന്ഥമാണ് വിശുദ്ധന്റെ നാമത്തിനു കാരണം.
സ്ഥാനമാനങ്ങള്‍ തന്റെ മനസ്സിനെ വ്യഗ്രചിന്തകളിലേക്കു നയിക്കുന്നു എന്നു മനസ്സിലാക്കിയ വിശുദ്ധന്‍, ആശ്രമശ്രേഷ്ഠസ്ഥാനം ഒഴിയുകയും വീണ്ടും ഏകാന്തജീവിതം ആരംഭിക്കുകയും ചെയ്തു. 605 മാര്‍ച്ച് 30-ാം തീയതി ജോണ്‍ തന്റെ സ്‌നേഹനാഥന്റെ പക്കലേക്കു യാത്രയായി.
വിചിന്തനം: ”ഇന്ദ്രിയനിഗ്രഹവും വികാരനിയന്ത്രണവും രക്ഷയ്ക്ക് അത്യാന്താപേക്ഷിതമാണ്. ബാഹ്യവസ്തുക്കളില്‍ കുടുങ്ങിക്കിടക്കുന്ന ആത്മാവ് ദൈവത്തിനു യോഗ്യമല്ല. ദുരാശകള്‍ക്ക് വശംവദമായ ആത്മാവിന് ദൈവത്തെ തൃപ്തിപ്പെടുത്താന്‍ ആഗ്രഹമുണ്ടാവുകയില്ല.”
ഫാ. ജെ. കൊച്ചുവീട്ടിൽ