
ജര്‍മ്മനിയുടെ ഒരു ഭാഗമായ ഫ്രീസ്ലാന്‍ഡില്‍ 743 ലാണ് ലൂഡ്‌ഗെര്‍ ജനിച്ചത്. തന്റെ പുത്രനെ ദൈവഭക്തിയില്‍ വളര്‍ത്തുന്നതിന് മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വി. ബോനിഫസിന്റെ ശിഷ്യനായ വി. ഗ്രിഗറിയുടെ ശിക്ഷണത്തിലാണ് ലൂഡ്‌ഗെര്‍ വളര്‍ന്നുവന്നത്. കുട്ടിയുടെ ആധ്യാത്മിക പുരോഗതിയില്‍ സന്തുഷ്ടനായ വി. ഗ്രിഗറി അവന് ആസ്തപ്പാട് പട്ടം നല്‍കി.
പൗരോഹിത്യം സ്വീകരിച്ച ലൂഡ്‌ഗെര്‍ വൈദികന്‍ എന്ന നിലയില്‍ അനേകരെ മാനസാന്തരപ്പെടുത്തുകയും പല ആശ്രമങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. വിജാതീയരായ സാക്‌സന്മാരുടെ ആക്രമണം നിമിത്തം ലൂഡ്‌ഗെര്‍ കുറെക്കാലത്തേക്ക് ഇറ്റലിയില്‍ വസിച്ചു. മൂന്നര വര്‍ഷം മോന്തെകസീനോ ആശ്രമത്തില്‍ പ്രാര്‍ഥനയിലും ധ്യാനത്തിലും കഴിഞ്ഞുകൂടി. 787 ല്‍ കാര്‍ളമാന്‍ ചക്രവര്‍ത്തി സാക്‌സന്മാരെ പരാജയപ്പെടുത്തി. താമസിയാതെ ലൂഡ്‌ഗെര്‍ തിരിച്ചെത്തി മിഷനറി പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. 802 ല്‍ അദ്ദേഹം മ്യൂണ്‍സ്റ്ററിലെ മെത്രാനായി അഭിഷിക്തനായി. മെത്രാന്‍സ്ഥാനം സ്വീകരിച്ച ശേഷവും ഉപവാസം, ജാഗരണം മുതലായവയ്ക്കൊന്നും അദ്ദേഹം കുറവ് വരുത്തിയില്ല. രഹസ്യമായി ഉള്ളില്‍ ധരിച്ചിരുന്ന രോമക്കുപ്പായത്തെപ്പറ്റി പരിചിതര്‍പോലും അറിയുന്നത് അദ്ദേഹത്തിന്റെ മരണത്തിന് അൽപം മുൻപു മാത്രമാണ്.
ദൈവവചനം വ്യാഖ്യാനിക്കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. ദരിദ്രരോട് സ്‌നേഹവും ധനികരോട് ദൃഢതയും പ്രകാശിപ്പിച്ചുപോന്നു. പ്രാര്‍ഥനയുടെയും തിരുക്കര്‍മ്മങ്ങളുടെയും സമയത്ത് പ്രത്യേകം ശ്രദ്ധ വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. പ്രാര്‍ഥനാവേളകളില്‍ ഇതരകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്ന വൈദികരെ അദ്ദേഹം കര്‍ശനമായി ശാസിച്ചിരുന്നു. 809 ല്‍ ദൈവം മുന്‍കൂട്ടി അറിയിച്ചതനുസരിച്ച് അദ്ദേഹം സ്വര്‍ഗനാട്ടിലേക്കു യാത്രയായി.
വിചിന്തനം: “ഞാന്‍ ലോകത്തെ സ്‌നേഹിക്കുന്നെങ്കില്‍ ലോകസുഖങ്ങളില്‍ സന്തോഷിക്കുകയും ലോകാരിഷ്ടതകളില്‍ ദുഃഖിക്കുകയും ചെയ്യും. ഞാന്‍ ആത്മാവിനെ സ്‌നേഹിക്കുന്നെങ്കില്‍ ആത്മീയകാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നതായിരിക്കും എന്റെ സന്തോഷം.”
ഫാ. ജെ. കൊച്ചുവീട്ടില്‍