
ബ്രിട്ടനിലെ രാജാവായിരുന്ന ‘എഡ്വേര്‍ഡ് ദി കണ്‍ഫസ്സറു’ടെ സമകാലികനാണ് ആല്‌ഫ്വോള്‍ഡ്. വിഞ്ചെസ്റ്ററില്‍ സന്യാസി ആയിരിക്കുമ്പോള്‍ ഷെര്‍ബോണിലെ മെത്രാനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
വൈദികരുള്‍പ്പെടെ സമകാലിക സമൂഹം മുഴുവന്‍ അമിതമായി ലൗകികസുഖങ്ങള്‍ അനുഭവിച്ചപ്പോള്‍, വെറും പച്ചവെള്ളവും മോശമായ അൽപം റൊട്ടിയും കൊണ്ടുമാത്രം ജീവന്‍ നിലനിര്‍ത്തിയ ആല്‌ഫ്വോള്‍ഡ്, സമാനഗുണങ്ങളോടു കൂടിയ വി. കൂത്ബര്‍ട്ടിനോട് സവിശേഷമായ ബഹുമാനം പ്രദര്‍ശിപ്പിച്ചിരുന്നു. ജീവിതസായാഹ്നത്തില്‍ ഒരിക്കല്‍ വി. കൂത്ബര്‍ട്ടിന്റെ ഭൗതികാവശിഷ്ടങ്ങള്‍ വണങ്ങാന്‍ ഡാര്‍ഹാമില്‍ വന്നു. ശവകുടീരം തുറന്നപ്പോള്‍ ആല്‌ഫ്വോള്‍ഡ്, സമീപത്തു നില്‍ക്കുന്ന ഒരു സുഹൃത്തിനോടെന്നവണ്ണം കൂത്ബര്‍ട്ടിനോട് സംഭാഷണം നടത്തി.
മറ്റൊരിക്കല്‍ ആല്‌ഫ്വോര്‍ഡും ഗോഡ്വിന്‍ പ്രഭുവും തമ്മില്‍ ഗുരുതരമായ അഭിപ്രായസംഘര്‍ഷം ഉണ്ടായി. പെട്ടെന്ന് ഗോഡ്വിന്‍ പ്രഭു രോഗബാധിതനായിത്തീര്‍ന്നെന്നും ആല്‌ഫ്വോള്‍ഡിനോട് ക്ഷമ ചോദിക്കുന്നതുവരെ രോഗം ഏറ്റവും ആശങ്കാജനകമായി തുടര്‍ന്നുവെന്നും പറയപ്പെടുന്നു. അതികര്‍ക്കശമായ ചര്യകളോടുകൂടി താപസജീവിതം നയിച്ചിരുന്ന ആ പുണ്യപുരുഷന്‍ 1058 ല്‍ നിര്യാതനായി.
വിചിന്തനം: ”ദൈവമേ, എത്ര പ്രാവശ്യം ആരില്‍ നിന്നൊക്കെ സഹിക്കാന്‍ അങ്ങ് തിരുമനസ്സായാലും അവയൊക്കെ അങ്ങയുടെ സ്‌നേഹത്തെപ്രതി സഹിക്കാനും അങ്ങയെ സ്‌നേഹിക്കാനും സാധിക്കുന്നത് ഒരു ദിവ്യവരമാണ്.”
ഫാ. ജെ. കൊച്ചുവീട്ടില്‍