
ഇറ്റലിയിലെ കാപുവായിലാണ് ആള്‍ദെമാര്‍ ജനിച്ചത്. അദ്ദേഹം മോണ്ടി കാസ്സിനോ ആശ്രമത്തില്‍ ചേര്‍ന്ന് സന്യാസിയായി. സന്യാസാര്‍ഥിനികള്‍ക്കുവേണ്ടി അലോറാ രാജ്ഞി കാപുവായില്‍ ഒരു ആശ്രമം സ്ഥാപിച്ചപ്പോള്‍ ആള്‍ദെമാര്‍ അതിന്റെ നിയന്താവായി നിയോഗിക്കപ്പെട്ടു.
ചുരുങ്ങിയ കാലത്തിനുള്ളില്‍ ആള്‍ദെമാര്‍ അദ്ഭുതപ്രവര്‍ത്തകനായി അറിയപ്പെടാന്‍ തുടങ്ങി. അതോടുകൂടി മോണ്ടി കാസ്സിനോവിലെ അധികാരികള്‍ ആള്‍ദെമാറിനെ തിരികെവിളിച്ചു. എന്നാല്‍, രാജ്ഞി അദ്ദേഹത്തെ വിട്ടയയ്ക്കാന്‍ തയ്യാറായില്ല. തന്മൂലം അധികാരികള്‍ തമ്മില്‍ അഭിപ്രായസംഘര്‍ഷവും വഴക്കുമുണ്ടായി. പ്രതിസന്ധി ഒഴിവാക്കുന്നതിനുവേണ്ടി ആള്‍ദെമാര്‍ ബോവിയാനോവിലേക്കു പോയി മൂന്ന് സന്യാസ സഹോദരന്മാരോടു കൂടി പാര്‍ത്തു.
പക്ഷേ, പ്രസ്തുത സന്യാസ സഹോദരന്മാരില്‍ ഒരാള്‍ക്ക് എന്തുകൊണ്ടോ ആള്‍ദെമാറിനോട് അത്യധികമായ നീരസം തോന്നി. നീരസം ശത്രുതയായി വളര്‍ന്ന് ഒരുദിവസം അയാള്‍ ആള്‍ദെമാറിനെ കൊല്ലാന്‍വേണ്ടി ചൂണ്ടവില്ല് പ്രയോഗിച്ചു. ദൈവാനുഗ്രഹത്താല്‍ ആള്‍ദെമാര്‍ രക്ഷപെടുകയും കൊല്ലാൻ ശ്രമിച്ച ആളുടെ തന്നെ കൈയ്ക്ക് മുറിവേല്‍ക്കുകയും ചെയ്തു. അപ്പോള്‍ ആള്‍ദെമാര്‍ അയാളെ ദ്വേഷിക്കുകയല്ല, സ്‌നേഹിക്കുകയും ശുശ്രൂഷിക്കുകയുമാണു ചെയ്തത്. പിന്നീട്, ആള്‍ദെമാര്‍ അബ്രൂസിയില്‍ വലിയ ഒരു ആശ്രമം സ്ഥാപിച്ചു. ക്രമേണ മറ്റു പലയിടങ്ങളിലും ആ ആശ്രമത്തിന് ശാഖാഭവനങ്ങള്‍ ഉണ്ടായി. ആള്‍ദെമാര്‍ തന്നെ അവയെല്ലാം നിയന്ത്രിച്ചുപോന്നു.
അദ്ദേഹം മൃഗങ്ങളോടും പക്ഷികളോടും അത്യധികമായ സ്‌നേഹവാത്സല്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തന്റെ വസതിയില്‍ തന്നെ തേനീച്ചകളെയും പക്ഷികളെയും വളര്‍ത്തുന്നതിലും അവയോടു സല്ലപിക്കുന്നതിലും സജീവതാല്‍പര്യം പ്രദര്‍ശിപ്പിച്ചിരുന്നു. 1080 ല്‍ അദ്ദേഹം ആശ്രമങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പര്യടനം നടത്തിക്കൊണ്ടിരുന്നതിനിടയില്‍ പനി ബാധിച്ചു മരണമടഞ്ഞു.
വിചിന്തനം: ”ദൈവത്തിനുവേണ്ടി ജീവിക്കുന്നത് എത്ര ഉത്തമം. ഇങ്ങനെയുള്ള ആഗ്രഹങ്ങള്‍ എപ്പോഴും സജീവമായിരിക്കണം”-ക്രിസ്താനുകരണം.
ഫാ. ജെ. കൊച്ചുവീട്ടില്‍