മാര്‍ച്ച് 20: വി. കുത്ബര്‍ട്ട്

നോര്‍ത്തംബ്രിയായില്‍ പിറന്ന കുത്ബര്‍ട്ട് അനാഥനായിരുന്നു. അവന്റെ മാതാപിതാക്കളെയും കുടുംബത്തെയുംകുറിച്ച് വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. എട്ടുവയസ്സായപ്പോള്‍ അവന് കെന്‍സ്‌വിത്ത് എന്ന പേരോടു കൂടിയ ഒരു വിധവയുടെ സംരക്ഷണം ലഭിച്ചു.

കാലിമേയ്ക്കലായിരുന്നു കുത്ബര്‍ട്ടിന്റെ തൊഴില്‍. അതിനാല്‍ പ്രാര്‍ഥനയും ധ്യാനവും വഴി ഈശ്വരസാന്നിധ്യം അനുഭവിച്ചറിയാന്‍ അവനു ധാരാളം അവസരങ്ങള്‍ ലഭിച്ചു. 15 യസ്സ് പ്രായമായപ്പോള്‍ അവന് അസാധാരണമായ ഒരു ദര്‍ശനമുണ്ടായി. രാത്രിയില്‍ ആകാശത്തില്‍ മിന്നല്‍പിണര്‍പോലെ ഉജ്വലമായ ഒരു പ്രകാശകിരണം മിന്നിത്തെളിയുന്നു. ഒരു ഗണം മാലാഖമാര്‍ ചേര്‍ന്ന് ഗോളാകാരമായ ആ അഗ്നിചഷകത്തില്‍ ഒരു ആത്മാവിനെ എടുത്ത് സ്വര്‍ഗത്തിലേക്കു കൊണ്ടുപോകുന്നു! വൈകാതെ അതിന്റെ അർഥം അവനു വ്യക്തമായി. ആ രാത്രിയില്‍ ബാംബറോവില്‍വച്ച് പുണ്യചരിതനായ വി. എയ്ദാന്‍ ഇഹലോകവാസം വെടിഞ്ഞിരുന്നു. ഈ സംഭവം കുത്ബര്‍ട്ടിന്റെ ജീവിതത്തില്‍ വഴിത്തിരിവിന് ഇടയാക്കി. അദ്ദേഹം മെല്‍റോസാശ്രമത്തില്‍ ചേര്‍ന്നു.

അധികം വൈകാതെ രോഗിയായിത്തീര്‍ന്ന അദ്ദേഹം തന്റെ ആരോഗ്യത്തെ അവഗണിച്ചുകൊണ്ട് രോഗാതുരരെ ശുശ്രൂഷിക്കാനും വഴിതെറ്റിപ്പോയവരെ വിശ്വാസപഥത്തിലേക്കു പ്രത്യാനയിക്കാനും വേണ്ടി ആശ്രമം വിട്ടിറങ്ങി. മെല്‌റോസിലും അനന്തരം ലിന്‍ഡിസ്ഫാണിലും പ്രിയോറായി സേവനമനുഷ്ഠിച്ച സുദീര്‍ഘമായ കാലങ്ങളിലെല്ലാം അദ്ദേഹം പ്രസ്തുത സുവിശേഷദൗത്യം തുടരുകയായിരുന്നു. ബാഹ്യലോകവുമായി ബന്ധം പുലര്‍ത്താനാവാതെ പ്രായേണ അവഗണിക്കപ്പെട്ടുകിടന്ന ഗ്രാമാന്തരങ്ങളിലേക്കാണ് മുഖ്യമായും അദ്ദേഹം പോയത്. ദുര്‍ഗമമായ കുന്നുകളും മലകളും താണ്ടി വീടുകള്‍തോറും അദ്ദേഹം കയറിയിറങ്ങി.

രാത്രികാലങ്ങളില്‍ ആശ്രമാംഗങ്ങള്‍ ഗാഢനിദ്രയിലായിരിക്കെ, പല ദിവസങ്ങളിലും കൂത്ബര്‍ട്ട് ആശ്രമം വിട്ടിറങ്ങി കടല്‍ത്തീരത്തേക്കു പോവുകയും കടല്‍വെള്ളത്തില്‍ കഴുത്തോളം ഇറങ്ങിനിന്നുകൊണ്ട് ഈശ്വരസ്‌തോത്രങ്ങള്‍ ആലപിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ രണ്ടു നീര്‍നായ്ക്കള്‍ കടലില്‍നിന്നും കയറി പാറക്കെട്ടുകളുടെ ഇടയിലൂടെ കടന്നുവന്ന്, അതിശൈത്യം മൂലം മിക്കവാറും മരവിച്ചുപോയ കുത്ബര്‍ട്ടിന്റെ കാലുകളെ നക്കിത്തോര്‍ത്തുകയും മരവിപ്പ്  മാറുന്നതുവരെ തങ്ങളുടെ തൊങ്ങലുകള്‍കൊണ്ടു തുടയ്ക്കുകയും ചെയ്തതായി ഒരു ഐതീഹ്യമുണ്ട്.

ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏകാന്തതീവ്രമായ താപസജീവിതം നയിക്കാന്‍ കാംക്ഷിച്ച്, അധികാരികളുടെ അനുവാത്തോടുകൂടി, ലിന്‍ഡിസ്ഫാണില്‍ നിന്നും കുറെ അകലെയുള്ള ഒരു ദ്വീപിലേക്കു താമസം മാറ്റി. കുത്ബര്‍ട്ട് 685 ല്‍ മെത്രാനായി അഭിഷിക്തനായി. ശ്രേഷ്ഠമായ അജപാലകപദവിയില്‍ പ്രതിഷ്ഠിതനായിട്ടും കുത്ബര്‍ട്ട് പഴയ താപസന്‍ തന്നെയായിരുന്നു. 687 ല്‍ അദ്ദേഹം മരണമടഞ്ഞു.

വിചിന്തനം: ”80 വര്‍ഷക്കാലം ഞാന്‍ കര്‍ത്താവീശോമിശിഹായ്ക്ക് സേവനം ചെയ്തു. അവിടുന്ന് എനിക്ക് യാതൊരു തിന്മയോ, ഉപദ്രവമോ വരുത്തിയിട്ടില്ല. പ്രത്യുത, വളരെയധികം നന്മകള്‍ ഞാന്‍ അവിടുന്നില്‍നിന്ന് സ്വീകരിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് എന്റെ ദൈവത്തെ ഞാന്‍ തള്ളിപ്പറയുന്നത്” – വി. പോളിക്കാര്‍പ്പ്‌

ഫാ. ജെ. കൊച്ചുവീട്ടിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.