രക്തസാക്ഷിയായ ജോണ്‍ ഫിഷര്‍ ഇറ്റലിയിലെ കാസറ്റെല്‍ നോവായില്‍ 1469-ല്‍ ജനിച്ചു. ഉന്നതകുലജാതനായിരുന്ന അദ്ദേഹം കേംബ്രിഡ്ജിലെ മൈക്കള്‍ ഹൗസ് എന്ന കോളേജില്‍ ചേര്‍ന്ന് ഉന്നതമായ ബിരുദങ്ങള്‍ കരസ്ഥമാക്കി. 1491-ല്‍ വൈദികനായ ജോണ്‍ 1497-ല്‍ മൈക്കള്‍ ഹൗസിന്റെ പ്രിന്‍സിപ്പളായി നിയമിതനായി. 1504-ല്‍ അദ്ദേഹം സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. താമസിയാതെ അദ്ദേഹം മെത്രാനായി അഭിഷിക്തനായി. അദ്ദേഹം തിരഞ്ഞെടുത്തത് ഇംഗ്ലണ്ടിലെ ഏറ്റവും ദരിദ്രരൂപതയായ റൊച്ചെസ്റ്റര്‍ രൂപതയായിരുന്നു. ദരിദ്രരോടുണ്ടായിരുന്ന അതിയായ സ്‌നേഹമാണ് അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രസംഗപാടവം അതിപ്രശസ്തമായിരുന്നു. അദ്ദേഹത്തെ ശ്രവിക്കാന്‍ ആളുകള്‍ ഓടിക്കൂടി.
ഈ കാലഘട്ടത്തില്‍ ഇംഗ്ലണ്ട് ഭരിച്ചിരുന്നത് ഹെന്റി എട്ടാമനായിരുന്നു. മാര്‍പാപ്പായുടെ അനുവാദത്തോടെ അദ്ദേഹം വിവാഹം കഴിച്ച വിധവയായ സഹോദരഭാര്യയെ 23 വര്‍ഷങ്ങള്‍ക്കു ശേഷം ഉപേക്ഷിക്കുകയും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. ഇത് മാര്‍പാപ്പാ അംഗീകരിച്ചില്ല. അതില്‍ കുപിതനായ രാജാവ് ,’ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭയുടെ തലവന്‍ താനാണെന്നും അപ്രകാരം എല്ലാവരും ശപഥം ചെയ്യണമെന്നും’ ആജ്ഞാപിച്ചു. രാജാവിന്റെ കല്പനയനുസരിച്ച് പ്രജകളെല്ലാവരും സത്യവാചകം ഉച്ചരിച്ച് ശപഥം ചെയ്തു. എന്നാല്‍, ജോണ്‍ ഫിഷര്‍ അതിനെ സധൈര്യം എതിര്‍ത്തു. അതിനാല്‍ അദ്ദേഹത്തെ അവര്‍ കാരാഗൃഹത്തിലടച്ചു. അദ്ദേഹത്തിന്റെ സ്വത്തുക്കളെല്ലാം കണ്ടുകെട്ടി. നീണ്ട കാലങ്ങള്‍ അദ്ദേഹത്തിന് കാരാഗൃഹത്തിലെ ക്രൂരപീഡനങ്ങള്‍ സഹിക്കേണ്ടി വന്നു.
ഈ അവസരത്തിലാണ് അന്ന് മാര്‍പാപ്പാ ആയിരുന്ന പോള്‍ മൂന്നാമന്‍, ജോണിനെ കര്‍ദ്ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തിയത്. ഈ സ്ഥാനം മൂലം ജോണിനെ വിട്ടയക്കുമെന്നാണ് പരിശുദ്ധ പിതാവ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ഈ സ്ഥാനകയറ്റം ഹെന്റിയെ കൂടുതല്‍ കോപാകുലനാക്കി. അദ്ദേഹം വിശുദ്ധനെ വധിക്കാന്‍ ആജ്ഞാപിച്ചു. 1535 ജൂണ്‍ 22-ാം തീയതിയായിരുന്നു അദ്ദേഹത്തിനെ വധിക്കാന്‍ നിശ്ചയിച്ചത്. വിശുദ്ധന്‍ തന്റെ അന്ത്യനിമിഷങ്ങളിലും സമാധാനപൂര്‍ണ്ണനായും പ്രസന്നവദനനായും കാണപ്പെട്ടു. വധസ്ഥലത്തെ സമീപിച്ച ജോണ്‍ ഫിഷര്‍, ഗംഭീരമായ ഒരു പ്രസംഗം നടത്തി. അതിനു ശേഷം തന്റെ രാജ്യത്തിനു വേണ്ടിയും രാജാവിനു വേണ്ടിയും ദൈവത്തോടു പ്രാര്‍ത്ഥിച്ചു. അടുത്ത നിമിഷത്തില്‍ അദ്ദേഹത്തിന്റെ ശിരസ് മഴുവിനാല്‍ ഛേദിക്കപ്പെട്ടു. ആത്മാവ് സ്വര്‍ഗത്തിലേക്ക് പറന്നുയര്‍ന്നു.
ഫാ. ജെ. കൊച്ചുവീട്ടില്‍