ലോകം മുഴുവന്‍ പടര്‍ന്നുപന്തലിച്ച ഈശോസഭയുടെ സ്ഥാപകനാണ് വി. ഇഗ്നേഷ്യസ് ലയോള. അദ്ദേഹം സ്‌പെയിനിലെ ലയോള എന്ന പ്രശസ്തമായ കൊട്ടാരത്തില്‍ 1491-ല്‍ കുലീനവംശജരായ മാതാപിതാക്കളില്‍ നിന്നും ജനിച്ചു. രാജമന്ദിരത്തില്‍, ഇഗ്നേഷ്യസ് ഒരു സേവകനെന്ന നിലയിലും യോദ്ധാവെന്ന നിലയിലും സേവനമനുഷ്ഠിച്ചു.
ഇക്കാലത്തു നടന്ന ഒരു യുദ്ധത്തില്‍ അദ്ദേഹത്തിന്റെ കാലില്‍ വെടിയുണ്ടയേറ്റ് ശത്രുക്കളുടെ മുമ്പില്‍ വീണു. നീണ്ടകാലത്തെ ചികിത്സയ്ക്കുശേഷമാണ് അദ്ദേഹം സുഖപ്പെട്ടത്. ഇതിനിടയില്‍ മരണത്തോളമെത്തിയ കഠിനമായ ഒരു ജ്വരം അദ്ദേഹത്തെ ബാധിച്ചിരുന്നു. വൈദ്യന്മാരാല്‍ ഉപേക്ഷിക്കപ്പെട്ട അദ്ദേഹത്തെ പത്രോസ് ശ്ലീഹാ ഒരു ദര്‍ശനത്തിലൂടെ സുഖപ്പെടുത്തി. ദീര്‍ഘകാലം കിടക്കവിട്ട് എഴുന്നേല്‍ക്കാന്‍ നിവൃത്തിയില്ലായിരുന്ന വിശുദ്ധന്‍, ഈ കാലഘട്ടങ്ങളില്‍ ക്രിസ്തുവിന്റെയും വിശുദ്ധന്മാരുടെയും ജീവചരിത്രം വായിക്കാനിടയായി.
ഈ ജീവചരിത്രങ്ങള്‍ അദ്ദേഹത്തെ ചിന്തിപ്പിച്ചു. “അവന് ഒരു പുണ്യവാനും അവള്‍ക്ക് ഒരു പുണ്യവതിയുമാകാമെങ്കില്‍ എനിക്ക് എന്തുകൊണ്ട് ഒരു പുണ്യവാനായിക്കൂടാ?” ഈ ചിന്ത അദ്ദേഹത്തെ ക്രിസ്തുവിന്റെ ഒരു വിശ്വസ്തഭടനാക്കി മാറ്റി. ഉടന്‍തന്നെ അദ്ദേഹം മോണ്ടുസെറാറ്റ് ബെനഡിക്ടന്‍ ആശ്രമത്തിലേക്ക് താമസം മാറ്റി; പിന്നീട് അവിടെ നിന്ന് മാണ്ടെറായിലേക്കും. കുറച്ചു നാളുകള്‍ക്കുശേഷം ഏകാന്തജീവിതം നയിക്കണമെന്ന ആഗ്രഹത്തോടെ വിശുദ്ധന്‍ ഒരു ഗുഹയില്‍ അഭയം പ്രാപിച്ചു. പിന്നീട് അവിടെ നിന്ന് വിശുദ്ധ സ്ഥലങ്ങളിലേക്കും ഒരു തീർഥയാത്ര നടത്തി.
ആത്മാക്കളുടെ രക്ഷയെക്കുറിച്ചുള്ള തീവ്രമായ ആഗ്രഹത്താല്‍ ഒരു വൈദികനാകാന്‍ അദ്ദേഹം ആഗ്രഹിച്ചു. അതിനായി പതിനൊന്നു വര്‍ഷം അദ്ദേഹം പല സര്‍വകലാശാലകളിലായി പഠിച്ചു. ഈ കാലഘട്ടത്തില്‍ ഫ്രാന്‍സിസ് സേവ്യര്‍ ഉള്‍പ്പെടെ ആറുപേര്‍ വിശുദ്ധന്റെ ശിഷ്യന്മാരായി. അവര്‍ ഒരുമിച്ച് 1534 ആഗസ്റ്റ് 15-ാം തീയതി ദാരിദ്ര്യത്തിലും ബ്രഹ്മചര്യത്തിലും അനുസരണത്തിലും മാര്‍പാപ്പയോടുള്ള വിധേയത്വത്തിലും ജീവിക്കാന്‍ വ്രതമെടുത്തു. ഇവരിലൊരാള്‍ മാത്രമേ വൈദികനായി ഉണ്ടായിരുന്നുള്ളൂ. 1537 ജൂണ്‍ 24-ാം തീയതിയാണ് ഇഗ്നേഷ്യസും മറ്റുള്ളവരും വൈദികപട്ടം സ്വീകരിച്ചത്.
താങ്കള്‍ വേര്‍പെട്ടാലും താങ്കളുടെ സഖ്യം സുസ്ഥിരമായി നിലനില്‍ക്കണമെന്ന ആഗ്രഹത്തോടെ അവര്‍ ആ സഖ്യത്തെ ഒരു സഭയായി മാറ്റാന്‍ തീരുമാനിച്ചു. അങ്ങനെ ‘ഈശോസഭ’ ഈ മണ്ണില്‍ ജന്മമെടുത്തു. 1540 സെപ്റ്റംബര്‍ 27-ാം തീയതിയാണ് ഈശോസഭയെ പോള്‍ മൂന്നാമന്‍ പാപ്പ രേഖാമൂലം അംഗീകരിച്ചത്.
മിശിഹായ്ക്കുവേണ്ടി ആത്മാക്കളെ സമ്പാദിക്കുന്നതിനുള്ള ഒരു വിശേഷശക്തി വിശുദ്ധനുണ്ടായിരുന്നു. എല്ലാവര്‍ക്കും എല്ലാമായിത്തീരുന്നതിന് അദ്ദേഹത്തിനു സാധിച്ചു. സ്‌നേഹപൂര്‍വമായ അദ്ദേഹത്തിന്റെ ശാസനകള്‍ എല്ലാവരും സന്തോഷത്തോടെ സ്വീകരിച്ചു. ‘ദൈവമഹത്വ വര്‍ധനം’ എന്നതായിരുന്നു തന്റെ സഭയുടെ മുദ്രാവാക്യമായി വിശുദ്ധന്‍ തിരഞ്ഞെടുത്തത്. തന്റെ ശിഷ്യഗണത്തില്‍ നിന്ന് ആരെയെങ്കിലും പ്രേഷിതവേലയ്ക്ക് അയക്കുമ്പോള്‍ വിശുദ്ധന്‍ അവരോട് ഇപ്രകാരം പറയുമായിരുന്നു: “സഹോദരന്മാരേ, പോകുവിന്‍. ഈശോ ഭൂമിയില്‍ കൊളുത്തുവാന്‍ കൊണ്ടുവന്ന അഗ്നി എല്ലായിടത്തും വ്യാപിപ്പിക്കുകയും ലോകത്തെ ഉജ്ജ്വലിപ്പിക്കുകയും ചെയ്യുവിന്‍.”
1556 ജൂലൈ 31-ാം തീയതി തന്റെ 65-ാമത്തെ വയസ്സില്‍ വിശുദ്ധന്‍ ക്രിസ്തുവിന്റെ വിജയമകുടം സ്വീകരിക്കുന്നതിനായി സ്വര്‍ഗത്തിലേക്കു വിളിക്കപ്പെട്ടു. വിശുദ്ധന്‍ മരിക്കുമ്പോള്‍ ഈശോസഭയ്ക്ക് നൂറു ഭവനങ്ങളും ആയിരത്തോളം അംഗങ്ങളുമുണ്ടായിരുന്നു. 1662-ല്‍ പതിനഞ്ചാം ഗ്രിഗോറിയോസ് പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
വിചിന്തനം: ”അങ്ങ് എനിക്ക് നല്കിയിട്ടുള്ള നന്മകളില്‍ എത്രയും നിസ്സാരമായതിനുപോലും ഞാന്‍ അര്‍ഹനല്ല. അങ്ങയുടെ മാഹാത്മ്യത്തെ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ അവിടുത്തെ വിശുദ്ധിക്കു മുന്നില്‍ എന്റെ ആത്മാവ് തളര്‍ന്നുപോകുന്നു.”
ഫാ. ജെ. കൊച്ചുവീട്ടില്‍