ജൂലൈ 23: വിശുദ്ധ അപ്പോളിനാരിസ്

റാവെന്നായിലെ ആദ്യത്തെ മെത്രാനായിരുന്നു അപ്പോളിനാരിസ്. അദ്ദേഹം ഒന്നാം നൂറ്റാണ്ടില്‍ അന്ത്യോക്യയില്‍ ജനിച്ചുവെന്നും പത്രോസിന്റെ ശിഷ്യനായിത്തീരുകയും പത്രോസിനാല്‍ തന്നെ റാവെന്നായിലെ മെത്രാനായി നിയമിക്കപ്പെടുകയും ചെയ്തുവെന്നും വിശ്വസിക്കുന്നു. എന്നാല്‍, ഈ വസ്തുതകള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്തായാലും ആദിമശതകങ്ങളില്‍ ജീവിച്ചിരുന്ന വിശുദ്ധരില്‍, അപ്പോളിനാരിസിന് പ്രഥമമായ സ്ഥാനം ഉണ്ടായിരുന്നുവെന്നുള്ളത് അവിതര്‍ക്കിതമാണ്. രക്തസാക്ഷിയായി മരിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന അപ്പോളിനാരിസിന് സാര്‍വത്രികമായ ബഹുമാനം സിദ്ധിച്ചിരുന്നു. തല്‍സംബന്ധമായ ഐതിഹ്യങ്ങള്‍ പ്രസിദ്ധമാണ്.

അപ്പോളിനാരിസ് ഒരു ഉദ്യോഗസ്ഥന്റെ ഭാര്യക്ക് രോഗവിമുക്തി നല്കിയതായും തന്മൂലം ആ ഉദ്യോഗസ്ഥനും കുടുംബവും ക്രിസ്തുമതം സ്വീകരിച്ചതായും പറയപ്പെടുന്നു. വിജാതീയരുടെ മാനസാന്തരത്തിന് അപ്പോളിനാരിസ് നല്കിയ സംഭാവനകള്‍ സ്മരണീയമാണ്. സുവിശേഷപ്രസംഗ പര്യടനങ്ങള്‍ക്കിടയില്‍ യാഥാസ്ഥിതികരായ ആളുകള്‍ അപ്പോളിനാരിസിനെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ശത്രുബാധയും രാജ്യഭ്രംശവും ദീര്‍ഘയാത്രയും മൂലം ആ മഹാത്മാവ് വളരെയധികം ക്ലേശങ്ങള്‍ അനുഭവിച്ചു.

പില്‍ക്കാലത്ത് റാവെന്നായില്‍ സേവനമനുഷ്ഠിച്ച മെത്രാന്മാരിലൊരാളായ വി. പത്രോസ് ക്രിസോലോഗസ് അപ്പോളിനാരിസിനെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. അപ്പോളിനാരിസിനെ ഒരു രക്തസാക്ഷിയായിട്ടാണ് പ്രസ്തുത മെത്രാന്‍ വിവരിക്കുന്നത്. വിശ്വാസ സംരക്ഷണാര്‍ത്ഥം പീഡനങ്ങള്‍ സഹിച്ചതുകൊണ്ടാവാം അപ്പോളിനാരിസിനെ രക്തസാക്ഷിയായി വിശേഷിപ്പിച്ചതെന്ന് വിചാരിക്കേണ്ടിയിരിക്കുന്നു.

വിചിന്തനം: ”ഭൗതികനന്മകളെല്ലാം നിനക്കുണ്ടായിരുന്നാലും അവ നിന്നെ സൗഭാഗ്യവാനും സന്തുഷ്ടനുമാക്കുകയില്ല. നിന്റെ സമസ്ത സൗഭാഗ്യവും ആനന്ദവും സ്ഥിതിചെയ്യുന്നത് സര്‍വത്തിന്റെയും സ്രഷ്ടാവായ ദൈവത്തിലാണ്.”

ഇതരവിശുദ്ധര്‍: ആന്‍ (840-918) / ലിബോരിയൂസ് (+200) റവേന്നായിലെ മെത്രാന്‍ / റോമുലാ (ആറാം നൂറ്റാണ്ട്) / വലേറിയന്‍ (7460) മെത്രാന്‍ / ജോണ്‍ കാസ്യന്‍ (360-433)/ സ്വീഡനിലെ വി. ബ്രിഡ്‌ജെറ്റ് (1304-1373).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.