
ഈശോമിശിഹാ ശെമയോന്റെ വസതിയില്‍ വിരുന്ന് കഴിച്ചുകൊണ്ടിരിക്കെ, അവിടുത്തെ പാദങ്ങള്‍ കണ്ണീരുകൊണ്ടു കഴുകി, തലമുടികൊണ്ടു തുടച്ച്, തൈലംപൂശിയ പാപിനിയായ സ്ത്രീയും (ലൂക്കാ 7: 37-50) ഗലീലായില്‍ നിന്ന് അവിടുത്തെ അനുഗമിക്കുകയും കുരിശിന്‍ചുവട്ടില്‍ നില്‍ക്കുകയും ഉത്ഥാനാനന്തരം അവിടുത്തെ ദര്‍ശിക്കുകയും ചെയ്ത മറിയവും (ലൂക്കാ 8:2; യോഹ. 19:25, 20:14) പെസഹായ്ക്ക് ആറുദിവസം മുമ്പ് ക്രിസ്തുവിന്റെ പാദങ്ങള്‍ അഭിഷേകം ചെയ്ത ലാസറിന്റെയും മര്‍ത്തായുടെയും സഹോദരിയായ മറിയവും മൂന്നു വ്യത്യസ്ത സ്ത്രീകളാണെന്നും അല്ലാ, ഒരാള്‍ തന്നെയാണെന്നും സഭാപിതാക്കന്മാരുടെ ഇടയില്‍ ഭിന്നാഭിപ്രായമുണ്ട്. എന്നാല്‍, ഇത് ഒരാള്‍ തന്നെയാണ് എന്ന നിഗമനത്തിനാണ് കൂടുതല്‍ പ്രസക്തി.
ജറുസലേമില്‍ നിന്ന് അല്പമകലെയുള്ള ‘ബഥനി’ എന്ന ഗ്രാമത്തിലാണ് ലാസറും മര്‍ത്തായും മറിയവും വസിച്ചിരുന്നത്. മാതാപിതാക്കളുടെ മരണത്തിനുശേഷം ആഢംഭരങ്ങളിലും ലൗകീകാനന്ദങ്ങളിലും ആസക്തയായ മറിയം സ്വതന്ത്രയായി ജീവിക്കുന്നതിന് പിതൃസ്വത്തായി ഗലീലിയായില്‍ ലഭിച്ച വീട്ടിലേക്ക് മാറിത്താമസിച്ചു. അങ്ങനെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഒരു പരസ്യപാപിനി എന്നവള്‍ പേരെടുത്തു. യാതൊരു ഭയവുമില്ലാതെ ആ ജീവിതം അവള് തുടരുകയും ചെയ്തു. ഈ കാലഘട്ടത്തിലാണ് ഈശോ പരസ്യജീവിതം ആരംഭിക്കുന്നത്. അത്ഭുതപ്രവര്‍ത്തകനും മഹാപ്രവാചകനുമായി പ്രസിദ്ധനായിത്തീര്‍ന്ന അവിടുത്തെ കാണാന്‍ അവള് ആഗ്രഹിച്ചു. അങ്ങനെ അവള് ജനസമൂഹത്തോടു ചേര്‍ന്ന് ക്രിസ്തുവിനടുത്തെത്തി. ക്രിസ്തുവിന്റെ ദിവ്യവചസ്സുകള്‍ അവളുടെ ഹൃദയത്തെ മാനസാന്തരത്തിലേക്കു നയിച്ചു. ഈ മാനസാന്തരത്തിന്റെ ബാക്കിപാത്രമാണ് ശിമയോന്റെ വീട്ടില്‍ അരങ്ങേറിയത്. മിശിഹായുടെ കാരുണ്യാതിരേകത്താല്‍ പാപമോചനവും മനസമാധാനവും പ്രാപിച്ച മറിയം, ഈശോയുടെ വിശ്വസ്ത ശുശ്രൂഷകരുടെ ഗണത്തില്‍ ചേര്‍ന്നു. പിന്നീടുള്ള അവളുടെ ആയുസ്സു മുഴുവന്‍ അവിടുത്തെ ശുശ്രൂഷിക്കാനായി അവള് ചെലവഴിച്ചു എന്നു സുവിശേഷകന് പറയുന്നു (ലൂക്കാ 8: 1-14).
മിശിഹായുടെ പീഡാനുഭവ രംഗങ്ങളിലും മറിയം, അവിടുത്തെ സധൈര്യം പിന്തുടരുന്നതായി നാം കാണുന്നു. അവിടുത്തെ വിശ്വസ്ത ശിഷ്യന്മാരില് യോഹന്നാനൊഴികെ മറ്റെല്ലാവരും ഓടിയൊളിച്ചപ്പോഴും കുരിശില്‍ കിടന്ന് കഠിനവേദനകള്‍ അനുഭവിച്ചുമരിച്ച ഈശോയുടെ സമീപം അവിടുത്തെ പ്രിയമാതാവിനോടു ചേര്‍ന്ന് മറിയവും നിന്നിരുന്നു. ഈശോയുടെ സ്വര്ഗാരോപണശേഷം, ജറുസലേമിലെ മതപീഡനകാലത്ത് മറിയത്തെയും ലാസറിനെയും മര്‍ത്തായെയും നാടുകടത്തിയെന്നും അങ്ങനെ മാര്‍സെയില്‍ എത്തിയെന്നും വിശ്വസിക്കുന്നു. അവിടെ ഏതാനും കാലം പ്രേഷിതപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുശേഷം 30 കൊല്ലം ഒരു ഗുഹയില്‍ ഏകയായി തപസ്സുജീവിതം അനുഷ്ഠിച്ചെന്നും അവസാനം വി. മാക്സ്മീയാനില് നിന്ന് തിരുപ്പാഥേയം സ്വീകരിച്ചതിനുശേഷം മരിച്ചുവെന്നും വിശ്വസിക്കുന്നു.
വിചിന്തനം: ”ഞാന്‍ അന്ധകാരത്തിലിരിക്കണമെന്നാണ് അങ്ങയുടെ തിരുമനസ്സെങ്കിൽ അങ്ങ് വാഴ്ത്തപ്പെട്ടവനാകട്ടെ. അല്ല, ഞാന്‍ പ്രകാശത്തില്‍ത്തന്നെ ഇരിക്കണമെന്നാണ് അങ്ങയുടെ ഇഷ്ടമെങ്കില്‍ വീണ്ടും ഞാന്‍ പറയുന്നു; അങ്ങ് വാഴ്ത്തപ്പെട്ടവനാകട്ടെ.”
ഫാ. ജെ. കൊച്ചുവീട്ടില്‍