
1779-ല്‍ ഫ്രാന്‍സിലെ ബര്‍ഗണ്ടിയിലാണ് അന്ന മേരി ജാവോഹി ജനിച്ചത്. ആദര്‍ശധീരതയും നിശ്ചയദാര്‍ഢ്യവുമായിരുന്നു അന്നയുടെ സ്വഭാവസവിശേഷതകള്‍. കന്യകാവ്രത നിഷ്ഠയോടുകൂടി അഗതികളെ ശുശ്രൂഷിക്കുകയും നിരക്ഷരര്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും ചെയ്തുകൊണ്ട് സേവനനിരതമായ ജീവിതം നയിച്ചുകൊള്ളാമെന്ന് 1798-ല്‍ അവള് ദൈവത്തോട് വാഗ്ദാനം ചെയ്തു. ആദ്യം ഉപവിയുടെ സഹോദരികളുടെ സഭയിലും പിന്നീട് സിസ്റ്റേഷ്യന്‍ സഭയിലും ചേര്‍ന്നെങ്കിലും അവിടെ അവള്‍ക്ക് യോജിച്ച കര്‍മ്മപഥങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. തന്മൂലം അവള് തന്റെ ജീവിതവീക്ഷണത്തിന് തികച്ചും അനുസൃതമായ ഒരു നൂതന കര്‍മ്മപദ്ധതി സ്വയമേവ ആവിഷ്കരിച്ചു.
ദരിദ്രര്‍ക്കുവേണ്ടി നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ സഹോദരിമാരെ ചേര്‍ത്ത് ഒരു സന്യാസിനീസമൂഹത്തിനു രൂപം നല്കി. വി. യൗസേപ്പിന്റെ സന്യാസ സഭ എന്ന് അതിന് നാമകരണം ചെയ്തു. പിന്നീട് ജന്മദേശത്തുതന്നെ അവള് തന്റെ മൂന്ന് സഹോദരിമാരുടെ സഹകരണത്തോടുകൂടി ഒരു വിദ്യാലയം ആരംഭിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ഓട്ടണിലെ മെത്രാനില്‍ നിന്നും അന്നയും സഹോദരിമാരും വേറെ അഞ്ച് അര്ഥിനികളും നീലയും കറുപ്പും നിറങ്ങളുള്ള സഭാവസ്ത്രം സ്വീകരിച്ചു. ക്ലൂണിയില്‍ സഭയുടെ മാതൃഭവനം സ്ഥാപിച്ചു.
1817-ല്‍ ബോര്‍ബോണ്‍ ദ്വീപില്‍ അവര്‍ണ്ണരായ കുട്ടികള്‍ക്കുവേണ്ടി ആദ്യത്തെ വിദ്യാലയം സ്ഥാപിച്ചു. സീനഗല്, ഗാംബിയാ, സീറാ മുതലായ സ്ഥലങ്ങളില്‍ ആശുപത്രികളും പടുത്തുയര്‍ത്തി. അന്നയുടെ ധീരമായ കാല്‍വയ്പുകള്‍ സമകാലിക സമുദായത്തില്‍ സമ്മിശ്രവികാരങ്ങളാണ് ഉളവാക്കിയത്. എന്നാല്‍, പീഡിതര്‍ക്ക് മോചനവും അടിമകള്‍ക്ക് വിടുതലും വാഗ്ദാനംചെയ്ത ദൈവപുത്രന്റെ കരങ്ങളായി വര്‍ത്തിക്കാന്‍ അന്നയും സഹപ്രവര്‍ത്തകരും പതറിയില്ല. മിഥ്യാധാരണകള്‍ നിമിത്തമാവാം വൈദികാധികാരികളില് നിന്നും എതിര്‍പ്പുകളുണ്ടായി. ഗിനിയായിലെ അപ്പസ്തോലികാധികാരി അന്നയ്ക്ക് കൂദാശകള്‍ മുടക്കുകപോലും ചെയ്തു.
ഗോഡലൂപ്, മാര്ട്ടീനിക്, സെയിന്റ് പീയറെ, പോണ്ടിച്ചേരി മുതലായ സ്ഥലങ്ങളില്‍ സ്ഥാപിതമായ ആശുപത്രികളും വിദ്യാലയങ്ങളും സാങ്കേതിക പരിശീലനകേന്ദ്രങ്ങളും മുഖേന അന്ന, സമൂഹത്തിന്റെ വിവിധതലങ്ങളില്‍ മഹത്തായ സേവനം കാഴ്ചവച്ചു. അനേകം കന്യാസ്ത്രീകളും സാങ്കേതിക വിദ്യാവിദഗ്ദ്ധരും തൊഴിലാളികളുമടങ്ങുന്ന ഒരു വലിയസംഘം ആളുകളോടുകൂടി അന്ന, തെക്കേ അമേരിക്കയിലെ വനാന്തരങ്ങളിലെത്തി നീഗ്രോകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുവേണ്ടി വിവിധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. ധാരാളം വിദ്യാലയങ്ങളും ആതുരാലയങ്ങളും തൊഴില്‍ശാലകളും നിര്‍മ്മിച്ചു. അവിടെ ജോലി ചെയ്ത നാലുവര്‍ഷം അന്നയുടെ ജീവിതത്തിലെ ഏറ്റവും ക്ലേശകരമായ കാലഘട്ടമായിരുന്നു. അടിമകളായി കഴിഞ്ഞിരുന്ന നീഗ്രോകളുടെ വിമോചനത്തിനുവേണ്ടി ശ്രമിച്ചപ്പോള്‍ അന്ന വലിയ തോട്ടമുടമകള്‍ ഉള്‍പ്പെടെയുള്ള പ്രബലശക്തികളുടെ രൂക്ഷമായ വിദ്വേഷത്തിന് പാത്രമായി.
ഒരവസരത്തില്‍ അന്നയെ വധിക്കാന്‍പോലും ശത്രുക്കള്‍ ശ്രമിക്കുകയുണ്ടായി. എന്നാല്‍, അവള് അത്തരം ഭീഷണികളെ നിസ്സാരമായി അവഗണിക്കുകയാണ് ചെയ്തത്. 1838-ല്‍ അനവധി നീഗ്രോ അടിമകള്‍ക്ക് അവള് മോചനം നല്കി. അതോടുകൂടി അവരെ മാന്യമായി പുനരധിവസിപ്പിക്കാനുള്ള ചുമതല കൂടി അവള്‍ക്ക് ഏറ്റെടുക്കേണ്ടിവന്നു.
അറുപത്തിനാലാമത്തെ വയസ്സില്‍ അന്ന ഗിനിയാ വിട്ടു. ഒടുവിലത്തെ എട്ടുവര്‍ഷം മഡഗാസ്കര്‍, താഹിതി മുതലായ ദേശങ്ങളില്‍ പുതിയ ആശ്രമങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടി വിനിയോഗിച്ചു. 1851-ല്‍ അന്ന മരണമടഞ്ഞു.
വി. സിമ്മാക്കൂസ് (498-514)
സര്ഡിനിയായില് 498 നവംബര്‍ 22-ന് സിമ്മാക്കൂസ് ജനിച്ചു. പാപ്പാസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, സഭാസ്വത്തുക്കള്‍ സംയോജിപ്പിച്ച് പള്ളിജീവനത്തിനുള്ള ധാര്മ്മികസ്വത്തായി നിര്‍വചിച്ച് പുരോഹിതരുടെ ആവശ്യത്തിനായി നീക്കിവച്ചു. മോചനദ്രവ്യം നല്കി അടിമകളെ ഇഷ്ടാനുസരണം സ്വതന്ത്രരാക്കുകയും ചെയ്തു. വത്തിക്കാന്‍ കൊട്ടാരത്തിന്റെ പണി തുടങ്ങിവച്ചതും പാപ്പയായിരുന്നു.
വിചിന്തനം: ”യാതൊരു ലൗകികനന്മ കൊണ്ടും നിനക്ക് തൃപ്തി വരികയില്ല. ആസ്വദിക്കാനല്ലല്ലോ നിന്നെ സൃഷ്ടിച്ചത്.”
ഇതരവിശുദ്ധര്‍: ജസ്തായും റൂഫീനയും (+287) / അംബ്രോസ് (+778)/ എപ്പാഗ്രാഫോസ് (ഒന്നാം നൂറ്റാണ്ട്) / ജെറോം (+787) പാവിയായിലെ മെത്രാന് / മാക്രിനാ (330-379) / ഔറിയാ (+856) സ്പെയിനിലെ രക്തസാക്ഷി/ അര്സേനിയൂസ് (+449).
ഫാ. ജെ. കൊച്ചുവീട്ടില്‍