
രണ്ടാം നൂറ്റാണ്ടില്‍ റോമിലെ മതപീഡനകാലത്ത് രക്തസാക്ഷിത്വം ചൂടിയവരാണ് വി. സിംപ്രോസയും അവരുടെ ഏഴു മക്കളും. സിംപ്രോസയുടെ ഭര്‍ത്താവായ ജെട്ടുളീയൂസും സഹോദരന് അമാന്‍സിയൂസും റോമന്‍ പട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്നു. എന്നാല്‍, ക്രൈസ്തവ വിശ്വാസമനുഷ്ഠിച്ചിരുന്ന അവരെ ചക്രവര്‍ത്തി ക്രൂരമായി വധിച്ചു.
തങ്ങളുടെ പ്രിയപ്പെട്ടവര്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് സിംപ്രോസയുടെയും മക്കളുടെയും വിശ്വാസത്തെ ശിഥിലമാക്കാനായില്ല. അവര്‍ കൂടുതല്‍ തീക്ഷ്ണതയോടെ ക്രൈസ്തവജീവിതം നയിച്ചുകൊണ്ടിരുന്നു. ഈ കാലഘട്ടത്തിലാണ് ആഡ്രിയന് ചക്രവര്‍ത്തി ദൈവാരാധനയ്ക്കുവേണ്ടി പണികഴിപ്പിച്ച പുതിയ കൊട്ടാരത്തിന്റെ പ്രതിഷ്ഠാകര്‍മ്മം നടത്തിയത്. ഈ സന്ദര്‍ഭത്തില്‍, താന്‍ പ്രതിഷ്ഠിച്ചിരുന്ന ദേവന്മാരില് നിന്ന് എന്തെങ്കിലുമൊരു അരുളപ്പാടുണ്ടാവണമെന്ന് ചക്രവര്‍ത്തി ആഗ്രഹിച്ചു. എന്നാല്‍, കര്‍മ്മങ്ങളുടെ ഇടയ്ക്ക് പൂജാരി വിളിച്ചുപറഞ്ഞു: ക്രിസ്തുവിനെ ആരാധിച്ച് ദേവന്മാരെ നിന്ദിക്കുന്ന സിംപ്രോസിയും അവരുടെ മക്കളെയും ദേവന്മാര്ക്കു ബലിയര്‍പ്പിച്ചാല്‍ മാത്രമേ ദേവന്മാര് നിങ്ങളെ അനുഗ്രഹിക്കൂ.
ഈ പുതിയ കൊട്ടാരത്തിന്റെ അടുത്തുതന്നെയായിരുന്നു അവര്‍ താമസിച്ചിരുന്നത്. ഉടന്‍തന്നെ ചക്രവര്‍ത്തിയുടെ മുന്നില്‍ അവര്‍ ഹാജരാക്കപ്പെട്ടു. സാന്ത്വനവാക്കുകളിലൂടെ ദേവന്മാരെ ആരാധിക്കാന്‍ ഉപദേശിച്ച ചക്രവര്‍ത്തിയുടെ മുന്നില്‍ അവര്‍ തങ്ങളുടെ വിശ്വാസം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. തന്റെ ഭര്‍ത്താവിന്റെയും സഹോദരന്റെയും മാതൃക പിന്തുടരാനാണ് തങ്ങളും ആഗ്രഹിക്കുന്നതെന്നറിയിച്ച ആ വിധവയുടെ നേരെ ചക്രവര്‍ത്തിയുടെ കോപം ജ്വലിച്ചുയര്‍ന്നു. ഉടന്‍തന്നെ രാജകല്പനപ്രകാരം സിംപ്രോസയെ അവരുടെ മുടികൊണ്ടു തന്നെ കെട്ടിത്തൂക്കുകയും മുഖം വിരൂപമാക്കത്തക്കവിധത്തില് അടിക്കുകയും ചെയ്തു. എന്നാല്‍, ഇതൊന്നും അവളുടെ വിശ്വാസത്തെ തെല്ലും ചഞ്ചലമാക്കുന്നില്ലാ എന്നുകണ്ട ചക്രവര്‍ത്തി, വിശുദ്ധയുടെ കഴുത്തില്‍ ഒരു വലിയ കല്ലു കെട്ടി നദിയില്‍ താഴ്ത്താന്‍ ഉത്തരവിട്ടു.
സ്വമാതാവിന്റെ മരണം നേരില്‍ ദര്‍ശിച്ച മക്കള്‍ ഏഴുപേരും മാതാവിന്റെ മാതൃക പിന്തുടരാന് തന്നെ തീരുമാനിച്ചു. തന്റെ ഇംഗിതത്തിന് അവര്‍ വഴിപ്പെടുന്നില്ലാ എന്നുമനസ്സിലാക്കിയ ചക്രവര്‍ത്തി, അവരെ ക്രൂരമായ പീഡനങ്ങള്‍ക്കു വിധേയമാക്കി. കൂര്‍ത്തതും ബലമുള്ളതുമായ കുറ്റികളില്‍ കുത്തി ഹെര്ക്കുലീസിന്റെ അമ്പലത്തിനുചുറ്റും അവരെ നാട്ടിനിര്‍ത്തി. അതിനുശേഷം അസ്ഥികള്‍ മാംസത്തില്‍ നിന്ന് വേര്തിരിയത്തക്കവിധം അവരെ പലവിധ പീഡകള്‍ക്കും വിധേയരാക്കി. എന്നാല്‍, ഇതൊന്നും അവരുടെ വിശ്വാസത്തെ ശിഥിലമാക്കിയില്ല. അവസാനം ഒന്നാമനെ ശിരസ്സു ഛേദിച്ചും, രണ്ടാമനെ നെഞ്ചില്‍ കഠാര കുത്തിയിറക്കിയും, മൂന്നാമനെ കുന്തം കൊണ്ടു കുത്തിയും, നാലാമനെ വയറ് പിളര്‍ന്നും, അഞ്ചാമനെയും ആറാമനെയും പള്ളയില്‍ കത്തി കുത്തിയും, ഏഴാമന്റെ ശരീരം രണ്ടായി പിളര്‍ന്നും ക്രൂരമായി വധിച്ചു.
വിചിന്തനം: ”താല്‍ക്കാലിക നന്മകള് ക്രമാതീതമായി ആഗ്രഹിക്കുകയാണെങ്കില്‍ ശാശ്വതവും സ്വര്ഗ്ഗീയവുമായവ നമുക്ക് നഷ്ടപ്പെടും.”
ഇതരവിശുദ്ധര്‍: അര്‍നള്‍ഫ് (+640) മെത്രാന് / ഫ്രെഡ്രിക്ക് (+838) യുട്രെക്ടിലെ മെത്രാന് / ബ്രൂണോ (1049-1123) സെത്തിലെ മെത്രാന് / ഗോണറി (ആറാം നൂറ്റാണ്ട്) / എമിലിയാന്‍ (+362) സിലിസ്ട്രിയായിലെ രക്തസാക്ഷി / പാമ്പോ (+375) / റൂഫില്ലൂസ് (നാലാം നൂറ്റാണ്ട്) / എഡ്ബുര്‍ഗാ (ഏഴാം നൂറ്റാണ്ട്)/ അയല്സ്ബറിയിലെ കന്യക/ ജൂലിയന്‍-രക്തസാക്ഷി.
ഫാ. ജെ. കൊച്ചുവീട്ടില്‍