
റോമിലെ ഏറ്റവും ധനവാനായിരുന്ന എവുഫേമിയന്‍ പ്രഭുവിന്റെ ഏകപുത്രനായിരുന്നു വി. അലക്‌സിസ്. അഞ്ചാം നൂറ്റാണ്ടിലാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. ദൈവഭക്തിയില്‍ വളര്‍ന്ന അലക്‌സിസ്, തന്റെ വിവാഹദിവസം രാത്രിയില്‍ ലോകത്തിന്റെ സുഖങ്ങളെല്ലാം ഉപേക്ഷിച്ച് ഭാര്യയോട് യാത്ര പറഞ്ഞ് റോമാ നഗരം വിട്ട് വളരെ ദൂരത്തേക്ക് യാത്രയായി. ലൗകീകസുഖങ്ങള്‍ തന്റെ ഹൃദയത്തെ ദൈവത്തില്‍ നിന്ന് അകറ്റുമെന്ന വിചാരത്താലാണ് അദ്ദേഹം ഇപ്രകാരം പ്രവര്‍ത്തിച്ചത്.
അദ്ദേഹം യാത്ര ചെയ്ത് എദേസായിലെത്തി. തന്റെ കൈവശമുണ്ടായിരുന്നതെല്ലാം ദരിദ്രര്‍ക്കു കൊടുത്തശേഷം ആ സ്ഥലത്തുണ്ടായിരുന്ന പരിശുദ്ധ ദൈവമാതാവിന്റെ ദൈവാലയത്തിനു സമീപത്തായി ഒരു കുടിലില്‍ ഏകാന്തതയില്‍ ജീവിച്ചു. എന്നാല്‍, കുറച്ചുനാളുകള്‍ക്കുശേഷം അലക്‌സിസ്, ഒരു കുലീന കുടുംബജാതനാണെന്ന് അവിടുത്തെ ജനങ്ങള്‍ മനസ്സിലാക്കി. അതിനാല്‍ അദ്ദേഹം അവിടെനിന്ന് പിന്‍വാങ്ങി. താര്‍സീസിലേക്കായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള യാത്ര. എന്നാല്‍, യാത്രാമധ്യേ എതിര്‍ക്കാറ്റടിച്ചതിനാല്‍ കപ്പല്‍ റോമിലാണ് എത്തിച്ചേര്‍ന്നത്.
കീറിപ്പറിഞ്ഞ വസ്ത്രങ്ങളണിഞ്ഞ് വിളറിശോഷിച്ച അലക്‌സിസിനെ ആരും തിരിച്ചറിഞ്ഞില്ല. അദ്ദേഹത്തെ അന്വേഷിച്ച് ലോകത്തിന്റെ നാനാഭാഗത്തേക്കും ആളയച്ച് കാത്തിരുന്ന മാതാപിതാക്കള്‍ക്കുപോലും അലക്‌സിസിനെ മനസ്സിലായില്ല. അദ്ദേഹം സ്വപിതാവില്‍ നിന്ന് കൊട്ടാരത്തിന്റെ ഒരു മൂലയില്‍ താമസിക്കുന്നതിനുള്ള അനുവാദം വാങ്ങി. കൊട്ടാരത്തിലെ ശേഷിപ്പുവന്ന ഭക്ഷണവും കഴിച്ച്, സ്വന്തം അടിമകളുടെ ധിക്കാരവും പരിഹാസവും സഹിച്ചുകൊണ്ടും, തന്നെ കാണാത്തതിലുള്ള ഭാര്യയുടെയും മാതാപിതാക്കളുടെയും ദുഃഖത്തെ കണ്ടറിഞ്ഞും പതിനേഴു വര്‍ഷത്തോളം അവിടെ ജീവിച്ചു. അവസാനം തന്റെ പ്രിയദാസനെ ദൈവം സ്വര്‍ഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി.
അലക്‌സിസിന്റെ മരണശേഷം അദ്ദേഹത്തില്‍ നിന്നു ലഭിച്ച ഒരു കത്തില്‍ നിന്നാണ്, ആളറിയാതെ തങ്ങളുടെ കൊട്ടാരമൂലയില്‍ താമസിച്ചിരുന്നത് സ്വപുത്രനായിരുന്നുവെന്ന് അവര്‍ മനസ്സിലാക്കിയത്. മരണശേഷം അദ്ദേഹത്തിന്റെ മാധ്യസ്ഥത്തില്‍ അനേകം അത്ഭുതങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു.
ഇഗ്നേഷ്യസ് അസിവേദോ
1528-ല്‍ പോര്‍ട്ടുഗലിലെ ഒപ്പോര്‍ട്ടോവില്‍ ജനിച്ച ഇഗ്നേഷ്യസ്, ഇരുപതാമത്തെ വയസ്സില്‍ ജെസ്യൂട്ട് സഭയില്‍ അംഗമായിച്ചേര്‍ന്നു. ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ ലിസ്ബണിലെ പ്രശസ്തമായ ജസ്യൂട്ട് കലാശാലയുടെ ഭരണാധികാരിയായി നിയമിക്കപ്പെട്ടു. അക്കാലത്ത് ഔദ്യോഗികസേവനങ്ങള്‍ക്കു പുറമേ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കി. 1570-ല്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ബ്രസീലിലേക്കു പോയവഴി ഇഗ്നേഷ്യസ് ആക്രമികളാല്‍ കൊല്ലപ്പെട്ടു.
വി. എന്നോദിയൂസ്
ആള്‍സിലെ ഒരു പ്രശസ്ത കുടുംബത്തിലാണ് എന്നോദിയൂസ് ജനിച്ചത്. കുലീനവംശജയായ ഒരു വനിതയെ വിവാഹം ചെയ്തു. കുറേനാള്‍ കഴിഞ്ഞപ്പോള്‍ സഭയില്‍ വൈദികസേവനം അനുഷ്ഠിക്കാന്‍ താന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കി. ഭാര്യ സന്യാസിനിയാവാന്‍ അഭിലാഷം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് പാവിയായിലെ വി. എപ്പിഫാനിയൂസില്‍ നിന്നും ഡീക്കന്‍പദം സ്വീകരിച്ചു. 514-നോടടുത്ത് എന്നോദിയൂസ് പാവിയായിലെ മെത്രാനായി നിയമിക്കപ്പെട്ടു. 521-ല്‍ 48-ാമത്തെ വയസ്സില്‍ അദ്ദേഹം ദിവംഗതനായി.
വിചിന്തനം: ”എന്റെ ആത്മാവേ, ദരിദ്രരെ ആശ്വസിപ്പിക്കുന്നവനും എളിയവരെ ആദരിക്കുന്നവനുമായ ദൈവത്തിലല്ലാതെ പൂര്‍ണ്ണമായ ആശ്വാസവും തികഞ്ഞ സന്തോഷവും നീ കണ്ടെത്തുകയില്ല.”
ഫാ. ജെ. കൊച്ചുവീട്ടില്‍