
ഉള്‍റിക്ക് 1020-നോടടുത്ത് റാറ്റിസ്ബണില്‍ ജനിച്ചു. ബാല്യത്തില്‍ കുറേനാള്‍ ആഗ്നസ് ചക്രവര്‍ത്തിനിയുടെ ബാലസേവക സമൂഹത്തില്‍ അംഗമായി സേവനമനുഷ്ഠിച്ചു. കൊട്ടാരത്തില്‍ എല്ലാ സൗഭാഗ്യങ്ങളുമുണ്ടായിരുന്നിട്ടും ഉള്‍റിക്ക് സന്തുഷ്ടനായിരുന്നില്ല. സേവനനിരതമായ ആത്മീയജീവിതം നയിക്കാനാണ് അവന് അഭിലഷിച്ചത്. തന്മൂലം ഫ്രീസിങ്ങിലെ മെത്രാനായിരുന്ന നോക്കര്‍, ഉള്‍റിക്കിനെ സ്വീകരിച്ചു. വേദശാസ്ത്രങ്ങള്‍ അഭ്യസിപ്പിക്കുകയും യഥാകാലം വൈദികപദം നല്കി സഭാസേവനത്തിന് നിയോഗിക്കുകയും ചെയ്തു.
ചുരുങ്ങിയ കാലയളവിനുള്ളില്‍ സമകാലിക സമൂഹത്തിന്റെ ആരാധനാജീവിതത്തില്‍ നവചൈതന്യം പകര്‍ന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവനേതൃത്വം നല്കി. റോമിലേക്കും ജറുസലേമിലേക്കും നടത്തിയ തീർഥാടനത്തിനുശേഷം സന്യാസം വരിക്കാന്‍ തീരുമാനിച്ചു. ക്ലൂണിയിലെ സന്യാസാശ്രമത്തില്‍ ചേര്‍ന്ന് വി. ഹ്യൂഗില് നിന്നു തന്നെ സഭാസ്ത്രവും സ്വീകരിച്ചു.
പിന്നീട് മാര്സീഞ്ഞിയിലെ സന്യാസിനികളുടെ ആധ്യാത്മികോപദേഷ്ടാവായി നിയമിക്കപ്പെട്ടു. നലംതികഞ്ഞ ഒരു ആത്മീയാചാര്യന് എന്ന നിലയില്‍ പ്രശസ്തനായിത്തീര്‍ന്ന ഉള്റിക്കിന് അസൂയാലുക്കളായ ചില സന്യാസിമാരില്‍ നിന്നും നിരവധിയായ ഉപദ്രവങ്ങള്‍ ഏല്ക്കേണ്ടിവന്നു. എന്നാല്‍, അദ്ദേഹം അവയെല്ലാം ക്ഷമാപൂര്‍വം സഹിച്ചു. ആയിടയ്ക്ക് അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതുകൊണ്ട് ക്ലൂണിയിലേക്കുതന്നെ മടങ്ങി. പിന്നീട് അധികാരികളുടെ നിര്‍ദേശമനുസരിച്ച് സെല്ലില്‍ വലിയ ഒരു സന്യാസാശ്രമം പണിയിച്ചു. സന്യാസി സഹോദരന്മാരുടെ സഹകരണത്തോടുകൂടി ക്രൈസ്തവധര്‍മ്മ പ്രചാരണസംരംഭങ്ങള് തുടര്‍ന്നു. അക്കാലത്ത് അര്‍ബുദം ബാധിച്ച ഒരു പെണ്‍കുട്ടിക്ക് അദ്ദേഹം തന്റെ പ്രാര്‍ത്ഥനയാല്‍ രോഗവിമുക്തി നല്കി.
സന്യാസത്തെ കൂടുതല്‍ വ്യവസ്ഥിതവും ചൈതന്യപൂര്ണ്ണവുമാക്കിത്തീര്ക്കുക എന്നായിരുന്നു ഉള്‍റിക്കിന്റെ പ്രവര്‍ത്തനങ്ങളുടെ മുഖ്യലക്ഷ്യം. 1093 ജൂലൈ 10-ാം തീയതി അദ്ദേഹം മരണമടഞ്ഞു.
ലെല്ലിസിലേ വി. കമില്ലസ് (1550-1614)
പതിനാറാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ അബ്രൂസിയിലാണ് കമില്ലസിന്റെ ജനനം. പ്രാരംഭജീവിതഘട്ടം ഒരു കളിക്കുട്ടിയുടേതുപോലെ ആയിരുന്നു. പിന്നീട് ഒരു പടയാളിയുടെ താല്പര്യം അദ്ദേഹത്തില്‍ ദൃശ്യമായി. ആറടി ആറ് ഇഞ്ച് പൊക്കമുള്ള ഉന്നതശീര്‍ഷനായിരുന്നു കമില്ലസ്. സംഘര്ഷപ്രിയനായ യുവാവായി അറിയപ്പെട്ടിരുന്ന കമില്ലസ് ടര്‍ക്കികളുടെ പിടിയില്‍ നിന്നും വെനീസിനെ രക്ഷിക്കാന്‍ പിതാവിനോടൊപ്പം യുദ്ധരംഗത്തിറങ്ങി. 17-ാമത്തെ വയസ്സില്‍ യുദ്ധത്തില്‍ തല്പരനായിത്തീര്ന്ന കമില്ലസില്‍ ധൂര്ത്തജീവിതപ്രവണതയും വളര്‍ന്നുകൊണ്ടിരുന്നു. പകല്‍ യുദ്ധരംഗത്ത്, രാത്രിസമയം ചൂതുകളിയിലും വേതനമെല്ലാം നശിപ്പിക്കുന്ന ഇതരകളികളിലും വ്യാപൃതനായി.
25-ാം ജന്മദിനത്തിനു മുമ്പുതന്നെ കമില്ലസ്, ഒരു കപ്പൂച്ചിന്‍ ആശ്രമത്തോടനുബന്ധിച്ചുള്ള നിര്‍മ്മാണരംഗത്ത് ഒരു ജോലിക്കാരനായിത്തീര്ന്നു. പ്രസ്തുതരംഗത്തെ പ്രവര്‍ത്തനത്തിനിടയില്‍ ഹൃദയപരിവര്ത്തനമുളവായി. ഉടന്‍ കപ്പൂച്ചിന്‍ സഭയില്‍ പ്രവേശനം തേടി. ടര്ക്കികള്ക്കെതിരെ യുദ്ധത്തിലേര്പ്പെട്ടപ്പോഴുണ്ടായ ഏതോ രോഗത്തിന്റെ ഫലമായി കാലിലുണ്ടായ മുറിവുകള്‍ സഭാപ്രവേശനത്തിനു തടസമായി. അടുത്ത 40 വര്‍ഷക്കാലം ഈ മുറിവുകളും രോഗങ്ങളും നിമിത്തം കമില്ലസ് ശാരീരികമായി വളരെ കഷ്ടപ്പെട്ടു.
കപ്പൂച്ചിന്‍ സഭയില്‍ ജീവിതം തുടരാന്‍ സാധിക്കാതിരുന്ന കമില്ലസ്, രോഗിയായിക്കിടന്ന ആശുപത്രിയില്‍ തന്നെ ഒരു രോഗീപരിചാരകനായി മാറി. റോമിലെ വി. യാക്കോബിന്റെ ആശുപത്രിയില്‍, കമില്ലസ് ആരംഭിച്ച ഈ രോഗീപരിചാരക പ്രേഷിതവൃത്തിയാണ്, ‘രോഗികളുടെ ശുശ്രൂഷികള്‍’ എന്നറിയപ്പെട്ട കമില്ലസ് സഹോദരികളുടെയും സഹോദരന്മാരുടെയും ഉത്ഭവത്തിനു കാരണമായത്. ഇതിനിടെ കമില്ലസ് വൈദികനായി അഭിഷിക്തനായി. ആശുപത്രികളിലും ജയിലിലും വീടുകളിലും ശാരീരികമോ, മാനസികമോ ആയ രോഗാവസ്ഥയില്‍ കഴിയുന്നവരിലേക്ക് ഈശോയുടെ കാരുണ്യവുമായി കടന്നുചെല്ലുകയായിരുന്നു കമില്യന്‍ സമൂഹാംഗങ്ങളുടെ ദൗത്യം.
പ്ലേഗ്ബാധിത റോമില്‍, കറുത്ത കുപ്പായവും ചുവന്ന കുരിശും ധരിച്ച് കമില്ലസ് രോഗികളെ കണ്ടെത്തി ശുശ്രൂഷിച്ചു. മരണത്തെ സ്വാഗതം ചെയ്തുകൊണ്ട് കമില്ലസ് സാംക്രമിക രോഗപീഡിതരെ പരിചരിച്ചിരുന്നു. എല്ലാവരിലും പ്രത്യേകിച്ച്, കഠിനരോഗബാധിതരിലും കമില്ലസ് ദര്‍ശിച്ചിരുന്നത് ക്രിസ്തുവിനെയാണ്. തന്നിമിത്തം ഏറ്റം അറപ്പുളവാക്കുന്ന രോഗികളെപ്പോലും പരിചരിക്കാന്‍ അദ്ദേഹം തല്പരനായിരുന്നു. കിടക്കകള്‍ ക്രമപ്പെടുത്തുക, കൂദാശകള്‍ പരികര്‍മ്മം ചെയ്യുക എന്നിവയെല്ലാം അദ്ദേഹം തന്നെ ചെയ്തുപോന്നു. ദീര്‍ഘകാലം ഇപ്രകാരമുള്ള ശുശ്രൂഷകള്‍ കമില്ലസ് നിര്‍വഹിച്ചത് സ്വന്തരോഗത്തിന്റെ വേദനകളെല്ലാം സന്തോഷത്തോടെ സഹിച്ചുകൊണ്ടാണ്. വയറുവേദന, വിശപ്പില്ലായ്മ, കാലിലെ വ്രണത്തിന്റെ വേദന എന്നിവയെല്ലാം മരണം വരെ അദ്ദേഹത്തിന്റെ സന്തതസഹചാരികളായിരുന്നു.
സ്വന്ത രോഗാവസ്ഥയെ അവഗണിച്ചുകൊണ്ട് ദിവ്യകാരുണ്യഥന്റെ സ്നേഹചൈതന്യത്തോടെ കമില്ലസ്, ഇതര രോഗികളെ പരിചരിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ച് 1614 ജൂലൈ 14-ാം തീയതി സ്വര്‍ഗീയപിതാവിന്റെ സന്നിധിയിലേക്ക് കമില്ലസിന്റെ പാവനാത്മാവ് പറന്നുയര്‍ന്നു. 1746-ല്‍ കമില്ലസ് വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. രോഗീപരിചാരകരുടെ മധ്യസ്ഥനാണ് വി. കമില്ലസ്.
വിചിന്തനം: ”എത്രയും കാരുണ്യവാനായ ഈശോയെ, അങ്ങയുടെ കൂടെ ഇരിക്കാനും അങ്ങയുടെ കൂടെ പ്രവര്‍ത്തിക്കാനും അവസാനം വരെ അങ്ങയുടെ കൂടെ നിലനില്ക്കുവാനും ഉതകുന്ന ഒരനുഗ്രഹം എനിക്ക് നല്കണമേ.”
ഇതരവിശുദ്ധര്‍: കമില്ലസ് (1550-1614)/ കാര്‍ത്തേജിലെ സൈറസ് -മെത്രാന് / ഉള്‍റിച്ച് (1029-1093) / ജസ്തസ് -റോമിലെ രക്തസാക്ഷി/ ഹെരാക്ളാസ് (പതിനെട്ടാം നൂറ്റാണ്ട്) സന്യാസി/ ലിബേര്‍ട്ട് (+783) ബനഡിക്റ്റെന്‍ രക്തസാക്ഷി.
ഫാ. ജെ. കൊച്ചുവീട്ടില്‍