
ക്രിസ്തുവര്‍ഷം ഏകദേശം 480-നോടടുത്ത് ഇറ്റലിയിലെ നോഴ്‌സിയ എന്ന സ്ഥലത്താണ് വി. ബെനഡിക്ട് ജനിച്ചത്. ഒരു കുലീനകുടുംബത്തില്‍ ജനിച്ച ബെനഡിക്ടിനെ വിദ്യാഭ്യാസത്തിനായി മാതാപിതാക്കള്‍ റോമിലേക്കയച്ചു. വിശുദ്ധിയില്‍ ജീവിച്ചിരുന്ന ബെനഡിക്ടിനെ സഹപാഠികളുടെ സ്വഭാവദൂഷ്യങ്ങള്‍ വല്ലാതെ വേദനിപ്പിച്ചു. അദ്ദേഹം അവിടെനിന്ന് ആരോടും പറയാതെ എല്‍ഫെഡ് എന്ന സ്ഥലത്തെത്തി പ്രാര്‍ഥനയില്‍ ജീവിച്ചു.
എന്നാല്‍, അധികം താമസിയാതെ ബെനഡിക്ടിന്റെ ജീവിതവിശുദ്ധി മനസിലാക്കിയ ഗ്രാമവാസികള്‍ അദ്ദേഹത്തോട് വലിയ സ്‌നേഹബഹുമാനങ്ങള്‍ പ്രകടിപ്പിക്കാന്‍തുടങ്ങി. ഉടന്‍തന്നെ അദ്ദേഹം അവിടെനിന്നും യാത്രയായി. ആള്‍ത്താമസമില്ലാതിരുന്ന ഒരു പ്രദേശത്തെ ഗുഹയിലായിരുന്നു പിന്നീടുള്ള മൂന്നുവര്‍ഷത്തെ ജീവിതം. ഏകാന്തതയിലും പ്രാര്‍ഥനയിലും പ്രായശ്ചിത്തപ്രവര്‍ത്തനങ്ങളിലും മുഴുകി അജ്ഞാതവാസം നയിച്ചിരുന്ന അദ്ദേഹത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. അതോടെ ധാരാളം പേര്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ തേടിയെത്തി.
ഈ കാലഘട്ടത്തിലാണ് കുറേ സന്യാസികള്‍ അദ്ദേഹത്തിന്റെ അടുത്തെത്തി തങ്ങളുടെ ആശ്രമാധിപനാകണമെന്ന് അപേക്ഷിച്ചത്. നിരന്തരമായ അഭ്യര്‍ഥനകള്‍ക്കൊടുവില്‍ ബെനഡിക്ട് ആ സ്ഥാനം ഏറ്റെടുത്തു. എന്നാല്‍, അദ്ദേഹം പ്രാബല്യത്തില്‍വരുത്തിയ നിയമങ്ങള്‍ പല സന്യാസികള്‍ക്കും ഇഷ്ടപ്പെട്ടില്ല. അതിനാല്‍ അദ്ദേഹത്തെ കൊല്ലാന്‍ തീരുമാനിച്ച അവര്‍ അദ്ദേഹത്തിന് കോപ്പയില്‍ വിഷം നല്‍കി. എന്നാല്‍, അദ്ദേഹം ഭക്ഷണപദാര്‍ഥങ്ങള്‍ ആശീര്‍വദിച്ചപ്പോള്‍ കോപ്പ തകര്‍ന്നുവീണു. അദ്ദേഹം വീണ്ടും പഴയ ഗുഹയിലേക്കുതന്നെ മടങ്ങി.
ബെനഡിക്ടിന്റെ തപോജീവിതത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ പല സ്ഥലങ്ങളിലും വ്യാപിച്ചു. അതോടെ അദ്ദേഹത്തിന്റെ ശിഷ്യരുടെ സംഖ്യ വര്‍ധിച്ചുവന്നു. തുടര്‍ന്ന് പന്ത്രണ്ടു സന്യാസിമാര്‍ക്കും അവരുടെ ശ്രേഷ്ഠനും താമസിക്കത്തക്കവിധത്തില്‍ അദ്ദേഹം പന്ത്രണ്ട് ആശ്രമങ്ങള്‍ സ്ഥാപിച്ചു. സന്യാസാശ്രമങ്ങള്‍ക്കുവേണ്ടി അദ്ദേഹം എഴുതിയുണ്ടാക്കിയ നിയമസംഹിത വളരെ പ്രശസ്തമാണ്. ആ നിയമസംഹിതയാണ് മിക്ക സന്യാസാശ്രമങ്ങളും സ്വീകരിച്ചിരിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായും അദ്ദേഹം ആശ്രമങ്ങള്‍ സ്ഥാപിച്ചിരുന്നു. ആശ്രമത്തിനുള്ളിലും പുറത്തും പല അത്ഭുതങ്ങളും പ്രവര്‍ത്തിച്ച ബെനഡിക്ട്, തന്റെ അത്ഭുതപ്രവര്‍ത്തികളും പ്രസംഗവും വഴി അനേകം വിഗ്രഹാരാധകരെ മാനസാന്തരപ്പെടുത്തി.
തന്റെ മരണദിവസത്തെക്കുറിച്ച് വളരെ മാസങ്ങള്‍ക്കുമുമ്പുതന്നെ ബെനഡിക്ട് സ്വശിഷ്യന്മാരോടു പ്രവചിച്ചിരുന്നു. മരണത്തിന് ആറുദിവസങ്ങള്‍ക്കുമുമ്പ് തനിക്കായി ശവകുടീരം ഒരുക്കുന്നതിന് അവരോട് അദ്ദേഹം കല്പിച്ചു. ആറാം ദിവസം അദ്ദേഹത്തെ അവര്‍ ദൈവാലയത്തിലേക്കു വഹിച്ചുകൊണ്ടുപോയി. അവിടെവച്ച് അദ്ദേഹം തൃപ്പാദേയം സ്വീകരിക്കുകയും തന്റെ ശിഷ്യന്മാരുടെമേല്‍ ചാരിനിന്നുകൊണ്ട് ശാന്തമായി തന്റെ ആത്മാവിനെ ദൈവതൃക്കരങ്ങളിലേക്കു സമര്‍പ്പിക്കുകയും ചെയ്തു. 543 മാര്‍ച്ച് 21-ാം തീയതി തന്റെ 63-ാമത്തെ വയസിലാണ് ബെനഡിക്ട് മരണമടഞ്ഞത്.
വി. ഓള്‍ഗാ
ഓള്‍ഗാ 957-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍വച്ച് ജ്ഞാനസ്‌നാനം സ്വീകരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. 959-നോടടുത്ത് റഷ്യയുടെ സുവിശേഷവല്‍ക്കരണത്തിനുവേണ്ടി ജര്‍മ്മനിയിലെ ഓട്ടോ ഒന്നാമന്‍ ചക്രവര്‍ത്തിയുടെ സഹായം തേടിയതായും മാഗ്ദബര്‍ഗിലെ വി. അഡല്‍ബര്‍ട്ടിനെ അതിനുവേണ്ടി നിയോഗിച്ചതായും പറയപ്പെടുന്നു. ഓള്‍ഗാ 969-ല്‍ മരണമടഞ്ഞു.
വി. എവുഫേമിയാ
കല്‍ക്കദോനിയായില്‍ ജീവിച്ചിരുന്ന ഒരു സുകൃതിനിയാണ് എവുഫേമിയാ. ആരീസ് ദേവന്റെ ബഹുമാനാർഥം നടത്തപ്പെട്ട ഒരു ഉത്സവത്തില്‍ പങ്കെടുക്കാന്‍ കൂട്ടാക്കാഞ്ഞതുകൊണ്ട് അവളെ രാജഭടന്മാര്‍ പിടികൂടി കഠിനമായി പീഡിപ്പിച്ചു. പടയാളികളുടെ അടിയേറ്റ് അവളുടെ പല്ലുകള്‍ കൊഴിയുകയും മുഖം രക്തപങ്കിലമാവുകയും ചെയ്തു. ഒടുവില്‍ അവളെ അവര്‍ വന്യമൃഗങ്ങളുടെ മുമ്പിലേക്കു വലിച്ചെറിഞ്ഞു. ഒരു കടുവയുടെ കടിയേറ്റ് അവള്‍ മൃതിയടഞ്ഞു.
വിചിന്തനം: ‘നമ്മുടെ ആത്മാവ് ദൈവദൃഷിടിയില്‍ അമൂല്യമായിരുന്നതുകൊണ്ട് ദൈവം നമ്മെ രക്ഷിച്ചു. അവിടുത്തെ സ്‌നേഹം ഗ്രഹിക്കാനും സദാ നന്ദിയുള്ളവരായിരിക്കാനും ക്ഷമയോടെ അപമാനങ്ങള്‍ സഹിക്കാനും വേണ്ടിയാണ് അവിടുന്ന് ഇപ്രകാരം ചെയ്തത്.’
ഇതരവിശുദ്ധര്‍: അബുന്തിയൂസ് (+854) രക്തസാക്ഷി /സാബിനൂസും സിപ്രിയാനും രക്തസാക്ഷികള്‍ / ഒലിവര്‍ പ്ലങ്കെറ്റ് (1629-1681) / അമാബിലിസ് (+634) / സബിനൂസ് (അഞ്ചാം നൂറ്റാണ്ട്) / സിന്റെയൂസ് (+300) രക്തസാക്ഷി/ ബര്‍ഗോമായിലെ ജോണ്‍ (+690) മെത്രാന്‍.
ഫാ. ജെ. കൊച്ചുവീട്ടില്‍