
അമല്‍ബുര്‍ഗാ, എട്ടാം ശതകത്തില്‍ ഫ്ളാന്‍ഡേഴ്സില്‍ ആര്ദേന് എന്ന സ്ഥലത്ത് ജനിച്ചു. അമല്‍ബുര്‍ഗായുടെ ആകാരസൗന്ദര്യം പെപ്പിന് രാജാവിന്റെ ശ്രദ്ധയാകര്‍ഷിച്ചെന്നും തന്റെ പുത്രന് ചാള്‍സിന്റെ ഭാര്യാപദം അലങ്കരിക്കാന്‍ അവളോട് ആവശ്യപ്പെട്ടെന്നും പറയപ്പെടുന്നു. അതിന് വിസമ്മതം പ്രകടിപ്പിച്ചതുകൊണ്ട് അവള് രാജാവിന്റെ വിദ്വേഷത്തിനു പാത്രമായി. ആപത്ഭീതയായ അമല്‍ബുര്‍ഗാ ഒരു ദേവാലയത്തില്‍ അഭയം തേടി. രാജാവ് അവളെ ബലമായി പിടിച്ചുകൊണ്ടു പോകാന്‍ നടത്തിയ ശ്രമത്തിനിടയില്‍ അവളുടെ കൈയ്ക്ക് ഒടിവുണ്ടായതായും പറയപ്പെടുന്നു. പിന്നീട് അമല്‍ബുര്‍ഗാ ബല്‍ജിയത്തിലെ മണ്സ്റ്റേര് ബില്സണിലെ ബനഡിക്ടന്‍ ആശ്രമത്തില്‍ ചേരുകയും വി. വില്ലിബ്രോഡില് നിന്നും സഭാവസ്ത്രം സ്വീകരിക്കുകയും ചെയ്തതായി ചരിത്രരേഖകളില്‍ നിന്നും വ്യക്തമാകുന്നു.
വാഴ്ത്തപ്പെട്ട എമ്മാനുവല്‍ റൂയിസും കൂട്ടരും
1860-ല്‍ ടര്‍ക്കിയിലെ ഡമാസ്ക്കസില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ ഭയാനകമായ യുദ്ധമുണ്ടായി. അന്ന് ഡമാസ്ക്കസില്‍ ഫ്രാന്‍സിസ്കന്‍ സന്യാസിമാര്‍ പ്രവര്‍ത്തനനിരതരായിരുന്നു. ഒരു ദിവസം അര്‍ദ്ധരാത്രിയില്‍ ശത്രുസൈന്യം ആശ്രമത്തില്‍ അതിക്രമിച്ചു കടന്നു. ഭീഷണികളും വാഗ്ദാനങ്ങളും വഴി അവരുടെ വിശ്വാസത്തെ പരീക്ഷിച്ചു. ഒരു വിധത്തിലും ശത്രുക്കള്‍ക്ക് വഴങ്ങുകയില്ലെന്നു മനസ്സിലാക്കിയപ്പോള്‍ പീഡനമാരംഭിച്ചു. വിശുദ്ധ കുര്‍ബാന അവഹേളിക്കപ്പെടാതിരിക്കാന് ആശ്രമശ്രേഷ്ഠന്‍ ഫാ. എമ്മാനുവല്‍ റൂയിസ് അള്‍ത്താരയെ സമീപിച്ചു. തിരുവോസ്തികള്‍ സ്വീകരിച്ചു തീരുംമുമ്പേ ശിരസ്സ് അറ്റുവീണു. ഗദ കൊണ്ടുള്ള അടിയേറ്റ് കാര്മ്മികന് മരിച്ചു. ഫാ. പീറ്റര്‍ വാളിനിരയായി. ഫാ. നിക്കളാവൂസിന് വെടിയേറ്റു. രണ്ട് സഹോദരന്മാര് ബന്ധിതരായി. പിന്നീട് ഇവരെ ദൈവാലയഗോപുരത്തില് നിന്ന് താഴേക്കെറിഞ്ഞു.
ദൈവത്തോട് വിശ്വസ്തരായി വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്തവരാണ് എമ്മാനുവലും കൂട്ടരും. ഇവരെ 1926-ല്‍ 11-ാം പീയൂസ് പാപ്പാ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.
വിചിന്തനം: ”ഇന്ദ്രീയമോഹങ്ങളെ എതിര്‍ക്കുക, നമ്മുടെ ഹൃദയത്തിന്റെ താത്പര്യങ്ങളെ നാം പരിശോധിച്ചു നോക്കുക.”
ഇതരവിശുദ്ധര്‍: അലക്സാണ്ടര്‍ (+165) രക്തസാക്ഷി/ ആന്റണി (983-1073) ഉക്രേനിയന്‍ സന്യാസി / പീറ്റര്‍ തു (+1840)/ പസ്കാരിയൂസ് (+680) മെത്രാന് / ഈറ്റോ (+670) ഐറിഷ് രക്തസാക്ഷി/ ലാന്ഡ്ഫ്രിഡ് (+770) ബവേറിയായിലെ ആബട്ട് / തിയഡേഷ്യസ് (+1074)-റഷ്യന്‍ സന്യാസി.
ഫാ. ജെ. കൊച്ചുവീട്ടില്‍