ജനുവരി 22: വി. വിൻസന്റ് പള്ളോട്ടി

1795 ഏപ്രില്‍ 21 ന് റോമിലാണ് പള്ളോട്ടിന്‍ സഭയുടെ സ്ഥാപകനായ വിന്‍സന്റ് പള്ളോട്ടി ജനിച്ചത്. സാമ്പത്തികമായി നല്ല നിലയില്‍ കഴിഞ്ഞിരുന്ന പള്ളോട്ടി കുടുംബം പുണ്യജീവിതത്തിലും സമ്പന്നരായിരുന്നു. മാതാപിതാക്കളുടെ മാതൃകാപരമായ ജീവിതം ബാല്യം മുതലേ വിന്‍സന്റില്‍ പ്രതിഫലിച്ചിരുന്നു. കുലീനകുടുംബ ജാതനായിരുന്നിട്ടും കോളേജ് ജീവിതകാലത്ത് അദ്ദേഹം ദരിദ്രോചിതവും പരസ്‌നേഹനിരതവുമായ ജീവിതമാണ് നയിച്ചിരുന്നത്. ദരിദ്രരോട് പ്രത്യേക പ്രതിപത്തിയുണ്ടായിരുന്ന വിശുദ്ധന്‍, പല ദിവസങ്ങളിലും സ്വന്തം ആഹാരം ദരിദ്രര്‍ക്ക് സമ്മാനിച്ചിരുന്നു. ഒരു വൈദികനാകാന്‍ ആഗ്രഹിച്ച അദ്ദേഹം രൂപതാ സെമിനാരിയില്‍ ചേരുകയും 1818 മെയ് 16 ന് പുരോഹിതനായി അഭിഷിക്തനാവുകയും ചെയ്തു.

പഠനത്തില്‍ സമര്‍ഥനായിരുന്ന വിൻസന്റ്, റോമന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം നേടുകയും അവിടെത്തന്നെ അധ്യാപകനായി നിയമിതനാവുകയും ചെയ്തു. പത്തു വര്‍ഷം നീണ്ട അധ്യാപനകാലത്തും അദ്ദേഹം പ്രേഷിതനിരതനായിരുന്നു. യൂണിവേഴ്‌സിറ്റിയിലെ ഉദ്യോഗം രാജിവച്ചശേഷം അദ്ദേഹം റോമിലെ ചെറിയൊരു പള്ളിയുടെ ചാര്‍ജ് ഏറ്റെടുത്തു. കുമ്പസാരത്തിലും കുര്‍ബാനയിലും ആധ്യാത്മിക ഉപദേശത്തിലും പ്രത്യേകം ശ്രദ്ധിച്ച വിശുദ്ധന്‍ ‘അസാധാരണ കുമ്പസാരക്കാരന്‍’ എന്ന പേരില്‍ പ്രശസ്തനായി. ഏതു കഠിനപാപിയെയും മാനസാന്തരപ്പെടുത്തുന്നതിനുള്ള പ്രത്യേക വരം ദൈവം അദ്ദേഹത്തിനു നല്‍കിയിരുന്നു. കുമ്പസാരിക്കാന്‍ മുട്ടുകുത്തി നിന്നിരുന്നവരുടെ നീണ്ടനിര കാരണം പല ദിവസങ്ങളിലും പാതിരാവരെ വിശുദ്ധന്‍ കുമ്പസാരം കേള്‍ക്കുകയും ആ അനുതാപികളെയെല്ലാം ദൈവവുമായി അനുരഞ്ജിപ്പിക്കുകയും ചെയ്തിരുന്നു. മനുഷ്യഹൃദയത്തിലെ നിഗൂഢരഹസ്യങ്ങള്‍ പോലും അറിയാനുള്ള സിദ്ധി ദൈവം വിന്‍സന്റിനു നല്‍കിയിരുന്നു.

ജയില്‍ തടവുകാരുടെ പ്രത്യേകിച്ച്, മരണശിക്ഷയ്ക്കായി വിധിക്കപ്പെട്ടിരുന്നവരുടെ പ്രത്യേക പ്രേഷിതദൗത്യം അച്ചന്‍ സ്വമനസ്സാ ഏറ്റെടുത്തു. തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ടിരുന്നവരുടെ കഴുമരത്തിനു സമീപം അവരുടെ മരണനിമിഷം വരെ വിശുദ്ധന്‍ പ്രാര്‍ഥനയോടെ നിന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ കൊടുംപാപികള്‍ എന്നു മുദ്രകുത്തപ്പെട്ടിരുന്നവര്‍ വരെ മനസ്തപിച്ച് മാനസാന്തരപ്പെട്ടിരുന്നതായി ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ അദ്ദേഹം, ജയില്‍ മിനിസ്ട്രിക്കായി കുറേ ആളുകളെ തിരഞ്ഞെടുത്ത്  പ്രത്യേകം പരിശീലിപ്പിക്കുകയും ചെയ്തിരുന്നു.

ഈ ലോകത്തിലെ എല്ലാ മനുഷ്യരും കര്‍ത്താവിനെ അറിഞ്ഞ് വിശുദ്ധരായിത്തീരാൻ അദ്ദേഹം ആത്മാര്‍ഥമായി അഭിലഷിക്കുകയും അതിനായി തീവ്രമായി പരിശ്രമിക്കുകയും ചെയ്തു. ആഗോള സുവിശേഷവത്കരണം എന്ന ലക്ഷ്യത്തോടെ അദ്ദേഹം വൈദികരെയും സഹോദരന്മാരെയും ഉള്‍പ്പെടുത്തി ‘കത്തോലിക്കാ പ്രേഷിതസംഘം’ എന്ന സമൂഹം സ്ഥാപിച്ചു. 1853 ല്‍ ഈ സംഘത്തിന് പേല്‍ അംഗീകാരം ലഭിച്ചു. ‘പള്ളോട്ടിന്‍സ്’ എന്ന നാമത്തിലാണ് ഈ സംഘം അറിയെടുന്നത്.

1850 ൽ വിന്‍സന്റ് സ്വര്‍ഗത്തിലേക്കു യാത്രയായി. താന്‍ മരിക്കാന്‍പോകുന്ന തീയതി, വിശുദ്ധന്‍ കൃത്യമായി നേരത്തെ തന്നെ മറ്റുള്ളവരെ അറിയിച്ചിരുന്നു. 1906 ലും 1949 ലും അച്ചന്റെ മൃതദേഹം പുറത്തെടുത്ത് വിദഗ്ദ്ധപരിശോധന നടത്തി. അപ്പോഴെല്ലാം ആ ശരീരം അക്ഷയമായി കാണപ്പെട്ടു. 1963 ല്‍ യോഹന്നാന്‍ ഇരുപത്തിമൂന്നാമൻ മാര്‍പാപ്പയാണ് ഫാ. വിന്‍സന്റ് പള്ളോട്ടിയെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

വി. അനസ്താനിയൂസ്, പേര്‍ഷ്യ

പേര്‍ഷ്യയിലെ ഒരു അക്രൈസ്തവ സൈനികോദ്യോഗസ്ഥനായിരുന്നു അനസ്താസിയൂസ്. 614 ല്‍ പേര്‍ഷ്യന്‍ സൈന്യം ജറുസലേം ആക്രമിച്ചു. വിശുദ്ധ കുരിശ് പിടിച്ചെടുത്ത് പേര്‍ഷ്യയിലേക്കു കൊണ്ടുപോയി. തദവസരത്തില്‍ ആ കുരിശിനെക്കുറിച്ച് അറിയാന്‍ അനസ്താസിയൂസ് താൽപര്യം പ്രദര്‍ശിപ്പിച്ചു. അത് ക്രിസ്തുവിനു നല്‍കപ്പെട്ട കൊലമരമാണെന്നു മനസ്സിലാക്കിയതിനെത്തുടര്‍ന്ന് നിരന്തരമായ അന്വേഷണപഠനങ്ങളുടെ ഫലമായി ആ കൊലമരത്തില്‍ ആത്മബലി അര്‍പ്പിച്ച ക്രിസ്തു തന്നെയാണ് ലോകരക്ഷകന്‍ എന്ന സത്യം ഗ്രഹിച്ചു. ഉടനെ തന്നെ ഉദ്യേഗം രാജിവച്ച്, ഒരു ക്രൈസ്തവനായിത്തീര്‍ന്നു. ക്രൈസ്തവ വിശ്വാസത്തില്‍ ഉറച്ചുനിന്ന അനസ്താനിയൂസിന്റെ ശിരസ്സ് 628 ജനുവരി 22-ാം തീയതി രാജകൽപനപ്രകാരം ഛേദിക്കെപ്പട്ടു.

വിചിന്തനം: നിങ്ങള്‍ക്കിഷ്ടമുള്ളിടത്ത് ദൈവഹിതം തേടുകയല്ല, അനുസരണത്തില്‍ ദൈവഹിതം കാണുകയാണ് വേണ്ടത് – ആവിലയിലെ വി. അമ്മത്രേസ്യാ.

ഇതര വിശുദ്ധര്‍: ബ്രീത്ത്‌വാള്‍ഡ് (+1045) ബനഡിക്റ്റന്‍ മെത്രാന്‍/വിന്‍സെന്റ് (+304) ഡിക്കന്‍ രക്തസാക്ഷി/ സോറായിലെ ഡോമിനിക്ക് (+1031)/ മാത്യു അലോണ്‍സോ (+1745) ഡോമിനിക്കന്‍ സന്ന്യാസി രക്തസാക്ഷി/ വിന്‍സെന്റ് സര്‍ഗോസാ (+304)/ വിന്‍സെന്റ് ഓറോണ്ടിയൂസ്, വിക്റ്റര്‍ (+305)/ ഫ്രാന്‍സീസ്ഗില്‍ (1745)/ വലേറിയൂസ് (315) സര്‍ഗോപ്പായിലെ മെത്രാന്‍.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.