പതിനൊന്നാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ ജനിച്ച എര്‍മിനോള്‍ഡിനെക്കുറിച്ചു ലഭിച്ചിട്ടുള്ള വസ്തുതകള്‍ ഇപ്രകാരമാണ്: ശൈശവം മുതല്‍ ഹീര്‍ഷോ ആശ്രമത്തില്‍ താമസിക്കാനിടയായ എര്‍മിനോള്‍ഡ് ഒരിക്കലും ബാഹ്യലോകവുമായി ബന്ധപ്പെട്ടിട്ടില്ല. സന്യാസചര്യകള്‍ തെല്ലും വീഴ്ച കൂടാതെ അനുഷ്ഠിച്ചുപോന്ന വിശുദ്ധന്‍, ലോര്‍ച്ചിലെ ആശ്രമത്തിന്റെ അധിപനായി തിരഞ്ഞെടുക്കെപ്പട്ടു. എന്നാല്‍ ആ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് അവിടുത്തെ സന്യാസികളുടെ ഇടയില്‍ രൂക്ഷമായ അഭിപ്രായഭിന്നത ഉണ്ടാവുകയാല്‍ സ്ഥാനത്യാഗം ചെയ്തു.
1114 ല്‍ പ്രൂഫെനിങ്ങില്‍ സ്ഥാപിതമായ പുതിയ ഒരു ആശ്രമത്തിന്റെ ഭരണാധിപപഥത്തില്‍ അദ്ദേഹം നിയമിതനായി. 1121 ജനുവരി ആറാം തീയതി അദ്ദേഹം കൊല്ലപ്പെട്ടു. ആശ്രമത്തിലെ ശിക്ഷണം സംബന്ധിച്ച് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതുകൊണ്ട് ക്രോധം പൂണ്ട ഒരു വിഭാഗം സന്യാസികള്‍ അദ്ദേഹത്തിന്റെ ശിരസ്സില്‍ കനത്ത ഒരു തടിക്കഷണം കൊണ്ട് അടിച്ചു. മാരകമായി മുറിവേറ്റുവീണ ആ മഹാതാപസന്‍ ഏതാനും ദിവസങ്ങള്‍ക്കകം മരണമടയുകയാണുണ്ടായത്. അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ ധാരാളം അദ്ഭുതങ്ങള്‍ നടന്നതായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നു.
വിചിന്തനം: ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നതും ദൈവം ആഗ്രഹിക്കുന്ന വിധത്തില്‍ ആയിരിക്കുന്നതാണ് വിശുദ്ധി – വി. കൊച്ചുത്രേസ്യാ.
ഇതര വിശുദ്ധര്‍: അന്ത്രയോസ് ബെസെത്ത് (ഇരുപതാം നൂറ്റാണ്ട്)/ സ്‌കോട്ടിന്‍ (ആറാം നൂറ്റാണ്ട്)/ജോണ്‍ ഡി റിബേരാ (1532-1611) മെത്രാപ്പോലീത്താ/ മെലാനീ (ആറാം നൂറ്റാണ്ട്)/ ഡിമാന്‍ (+658)കോന്നാര്‍ മെത്രാന്‍/ എയിഗ്രാഡ് (ആറാം നൂറ്റാണ്ട്)/ കാന്റര്‍ബറിയിലെ പത്രോസ് (+ 607) ബനഡിക്റ്റന്‍ ആബട്ട്/ മാക്രാ/ വില്‍ട്രൂഡിസ് (+986)
ഫാ. ജെ. കൊച്ചുവീട്ടില്‍