ജനുവരി 05: തൂണിന്മേല്‍ ശെമയോന്‍

നാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സിലീസിയായില്‍ ജനിച്ച വി. ശെമയോന്‍, ലോകത്തിനെന്നും ഒരു അദ്ഭുതം തന്നെയായിരുന്നു. അദ്ദേഹം നടത്തിയ കഠിനതപസ്സ് മനുഷ്യബുദ്ധിക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമാണ്.

ബാല്യത്തില്‍ ഒരു ആട്ടിടയനായിരുന്ന ശെമയോന്‍, ശൈത്യം കഠിനമായ ഒരുദിവസം ആടിനെ മേയ്ക്കാന്‍ നിവൃത്തിയില്ലാതെ വെറുതെ അടുത്തുള്ള ദൈവാലയത്തില്‍ പോയി. നിത്യഭാഗ്യത്തെക്കുറിച്ചുള്ള വായന കേട്ട ശെമയോന്‍ ഈ അനുഗ്രഹം പ്രാപിക്കുന്നത് എങ്ങനെയെന്ന് അന്വേഷിച്ചു. ഇതിനുള്ള ഉത്തമ മാര്‍ഗം  സന്യാസജീവിതമാണെന്നും പരിപൂര്‍ണ്ണത പാലിക്കാന്‍ അതികഠിനമായ പ്രയത്നങ്ങള്‍ ആവശ്യമാണെന്നും മനസ്സിലാക്കിയ ബാലനായ ശെമയോന്‍ വൈകാതെ കഠിനമായ തപസ്സ് അനുഷ്ഠിക്കാന്‍ തുടങ്ങി.

ശെമയോന്‍ അരയ്ക്കുചുറ്റും ഒരു കയറ് കെട്ടിയിരുന്നു. അതിനാല്‍ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മാംസം പഴുത്ത് ചീഞ്ഞഴുകി. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഭക്ഷണം കഴിച്ചിരുന്ന വിശുദ്ധന്‍ 40 ദിവസം മരുഭൂമിയില്‍ ഉപവാസമനുഷ്ഠിക്കുകയും ചെയ്തു. തന്റെ തപസ്സ് അൽപം കൂടി കഠിനമാക്കാന്‍ നിശ്ചയിച്ച വിശുദ്ധന്‍ ഒരു തൂണിന്റെ അഗ്രത്തില്‍ കയറിയിരുന്ന് ദൈവത്തെ സ്തുതിക്കാന്‍ തുടങ്ങി. കാറ്റും മഴയും വെയിലുമേറ്റ് ഏകദേശം 37 വര്‍ഷങ്ങള്‍ വിശുദ്ധന്‍ ഇത്തരത്തില്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു. കഠിനതപസ്സ് ചെയ്തിരുന്ന വിശുദ്ധന്‍ സദാ സന്തോഷവാനായാണ് കാണപ്പെട്ടത്. എളിമയും അനുസരണവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മുഖമുദ്രയായിരുന്നു. ഈ താപസനില്‍നിന്ന് ദൈവശക്തിയാല്‍ പുറപ്പെട്ട വചനങ്ങള്‍ കേള്‍ക്കാന്‍ ധാരാളം ആളുകള്‍ എത്തിയിരുന്നു. അങ്ങനെ അനേകര്‍ വിശുദ്ധന്റെ ഉപദേശങ്ങള്‍ വഴി മാനസാന്തരപ്പെട്ടു.

459 ല്‍ ശെമയോന്‍ സ്തൂപത്തിന്മേല്‍ നിശ്ചലനായി കാണെപ്പട്ടു. മൂന്നു ദിവസവും ഇങ്ങനെ തന്നെ. മൂന്നാം ദിവസം അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ സ്തൂപത്തില്‍ കയറിനോക്കിയപ്പോള്‍ ആ വൃദ്ധന്റെ പാവനമായ ശരീരം പ്രാര്‍ഥനാഭാവത്തില്‍ ആചാരപൂര്‍വം കുനിഞ്ഞുനില്‍ക്കുന്നതായും ആത്മാവ് ശരീരത്തില്‍നിന്നും വേര്‍പിരിഞ്ഞിരിക്കുന്നതായും കണ്ടു.

വിചിന്തനം: ഒരിക്കലും ധ്യാനിക്കാത്തവന്‍, തന്റെ മുഖം കണ്ണാടിയില്‍ നോക്കാത്തവനെപ്പോലെയാണ്. അതിനാല്‍തന്നെ തന്റെ മുഖത്ത് അഴുക്കുണ്ടെന്ന് അവന്‍ അറിയുന്നില്ല. സ്വയം ശുദ്ധീകരിക്കാതെ അവന്‍ പുറത്തുപോകുന്നു – വി. പാദ്രെ പിയോ

ഇതരവിശുദ്ധര്‍: വി. റോഗര്‍ (പതിമൂന്നാം നൂറ്റാണ്ട്)/ എമിലിയാനാ (ആറാം നൂറ്റാണ്ട്)/ജെര്‍ലക് (+1170)/ ലോമെര്‍ (+593) സന്യാസാശ്രമ സ്ഥാപകന്‍/ പൗളാ (+1368)/ജനവീവ് (1870-1956)/ സെസ്സിലെ ചാള്‍സ് (1613-1670)/ തലീദാ (നാലാം നൂറ്റാണ്ട്) ഈജിപ്റ്റിലെ മഠാധിപ/ ഈജിപ്റ്റിലെ രക്തസാക്ഷികള്‍ (1357).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.