ജനുവരി 03: വി. ചാവറ കുര്യാക്കോസ് ഏലിയാസ്

1805 ഫെബ്രുവരി പത്താം തീയതി കൈനകരിയിലെ ചാവറ കുടുംബത്തില്‍ കുര്യാക്കോസിന്റെയും മറിയത്തിന്റെയും മൂന്നാമത്തെ മകനായി കുര്യാക്കോസ് ഏലിയാസ് ജനിച്ചു. ജ്ഞാനസ്‌നാന നാമം കുര്യാക്കോസ് എന്നായിരുന്നെങ്കിലും കുഞ്ചാക്കോച്ചന്‍ എന്ന് അമ്മ ഓമനപ്പേര് നല്‍കി. അതിഭക്തയായിരുന്ന അമ്മ തോപ്പില്‍ മറിയം, മകന്റെ ശാരീരികവും ആത്മീയവുമായ വളര്‍ച്ചയില്‍ വളരെയധികം ശ്രദ്ധാലുവായിരുന്നു.

1811 ല്‍, പണ്ഡിതനായ ഒരു ആശാന്റെ കീഴില്‍ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചു. 1817 മുതല്‍ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠനം തുടര്‍ന്നു. നിര്‍മലമായ മനഃസാക്ഷി കാത്തുസൂക്ഷിച്ച കുര്യാക്കോസ് വേണ്ട ഒരുക്കത്തോടുകൂടി ദിവ്യനാഥനെ സ്വീകരിച്ചു. പതിനൊന്നാമത്തെ വയസ്സില്‍ കുടുംബാന്തരീക്ഷത്തില്‍നിന്നും മാറി ദൈവത്തിനുവേണ്ടി സ്വയം സമര്‍പ്പിച്ചുകൊണ്ടുള്ള ജീവിതം നയിക്കാന്‍ ഇടവകയിലെ വൈദികമന്ദിരത്തില്‍ വികാരിയച്ചനോടൊത്തു താമസമാക്കി. 1818 ല്‍ പള്ളിപ്പുറം സെമിനാരിയില്‍ ചേര്‍ന്ന് പഠനമാരംഭിച്ചു.

1829 നവംബര്‍ 29-ാം തീയതി കുര്യാക്കോസ്, അന്നത്തെ വരാപ്പുഴ വികാരി അപ്പസ്‌തോലിക്കായായിരുന്ന മൗരേലിയ സ്തബിലീനി മെത്രാനില്‍നിന്നും വൈദികപട്ടം സ്വീകരിച്ചു. പല എതിര്‍പ്പുകളെയും പ്രതിബന്ധങ്ങളെയും തരണം ചെയ്ത് 1831 ല്‍ മാന്നാനം കുന്നില്‍ ചാവറയച്ചന്‍ ആദ്യത്തെ സന്യാസാശ്രമത്തിന് രൂപം നല്‍കി. 1855 ല്‍ തിരുസഭയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ച സഭയുടെ ശ്രേഷ്ഠനായി ചാവറയച്ചന്‍തന്നെ നിയോഗിക്കപ്പെട്ടു. സാവകാശം സഭയുടെ പുതിയ ആശ്രമങ്ങള്‍ പലയിടത്തും സ്ഥാപിതമായി.

1866 ല്‍ ലെയോപ്പോള്‍ഡ് മിഷനറിയോടുചേര്‍ന്ന് സ്ത്രീകള്‍ക്കുവേണ്ടി ഒരു സന്യാസ സമൂഹവും ചാവറയച്ചന്‍ ആരംഭിച്ചു. അദ്ദേഹം സീറോമലബാര്‍ സഭയുടെ വികാരി ജനറലായി അവരോധിതനായപ്പോള്‍ ആരാധനാനുഷ്ഠാനങ്ങളെ എല്ലാ പള്ളികളിലും ഒന്നുപോലെയാക്കാന്‍ ശ്രമിച്ചു. നിയതമായ ക്രമാനുഷ്ഠാനവിധി ചാവറയച്ചന്‍തന്നെ എഴുതിയുണ്ടാക്കി. മൃതസംസ്കാര തിരുക്കര്‍മങ്ങള്‍, തിരുനാള്‍, നമസ്കാരം, ആരാധനാക്രമ കലണ്ടര്‍ എന്നിവയെല്ലാം ക്രമീകരിച്ചു.

ജീവിതകാലം മുഴുവന്‍ ദൈവത്തിനും ദൈവജനത്തിനുമായി കഠിനാധ്വാനം ചെയ്ത ചാവറയച്ചന്‍ മാസങ്ങളോളം ദീര്‍ഘിച്ച രോഗക്ലേശങ്ങള്‍ക്കൊടുവില്‍ കൂദാശകള്‍ ഭക്തിപൂര്‍വം സ്വീകരിച്ച് ആത്മീയമക്കളുടെ പ്രാര്‍ഥനകളുടെ മധ്യേ 1871 ജനുവരി മൂന്നാം തീയതി ദൈവസന്നിധിയിലേക്കു യാത്രയായി. 2015 നവംബര്‍ 23 ന് ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

വിചിന്തനം: എന്റെ മകനേ, എന്റെ ഇഷ്ടംപോലെ നിന്നോടു പെരുമാറുന്നതിന് എന്നെ അനുവദിക്കുക. നിനക്ക് ഏറ്റവും നല്ലത് എന്താണെന്ന് എനിക്കറിയാം – ക്രിസാതാനുകരണം.

ഇതര വിശുദ്ധര്‍: വി. ബര്‍ട്ടില്ലാ (+687)/ വി. സോസിമൂസ്, അത്തനാസിയൂസ് (+303)/ ഫിന്റ്റാന്‍ (ആറാം നൂറ്റാണ്ട്)/ വി. സൈറിനൂസ് (+320)/ വി. ഫിന്‍ലഫ് (ആറാം നൂറ്റാണ്ട്)/ ഫ്‌ളോറെന്റ്റിയൂസ് (നാലാം നൂറ്റാണ്ട്)/ വി. ഡാനിയല്‍ ഓഫ് പാദുവ(+168).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.