ടോളെഡോവിലെ വി. എവുജീനിയൂസിന്റെ സഹോദരപുത്രനായ ഇല്‍ഫോണ്‍സസ്, പിതാവിന്റെ എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ട് ചെറുപ്പത്തില്‍തന്നെ ആഗ്ലി ആശ്രമത്തില്‍ അംഗമായി ചേര്‍ന്നു. നിരന്തരമായ പഠനത്തിന്റെ ഫലമായി വേദശാസ്ത്രങ്ങളില്‍ അഗാധ പാണ്ഡിത്യം നേടി. അധികം വൈകാതെ ആശ്രമാധിപനായി തിരഞ്ഞെടുക്കപ്പെട്ടു. സന്യാസ സഹോദരനായിരുന്നപ്പോള്‍, സന്യാസജീവിതം നയിക്കാന്‍ താൽപര്യം പ്രദര്‍ശിപ്പിച്ച വനിതകള്‍ക്കുവേണ്ടി ടോളെഡോവിനു സമീപം ഒരു മഠം സ്ഥാപിക്കുകയുണ്ടായി. 653 ലും 655 ലും ടോളെഡോവില്‍വച്ചു നടത്തപ്പെട്ട സഭാ കൗണ്‍സിലുകളില്‍ ആഗ്ലി ആശ്രമത്തിന്റെ അധിപന്‍ എന്ന നിലയില്‍ അദ്ദേഹം സംബന്ധിച്ചു. 657 നോടടുത്ത് മെത്രാപ്പോലീത്തായായി നിയമിക്കപ്പെട്ടു. ഒമ്പതു വര്‍ഷം തല്‍സംബന്ധമായ കര്‍ത്തവ്യങ്ങള്‍ സ്തുത്യര്‍ഹമായി നിര്‍വഹിച്ചു.
സെവില്ലായിലെ ഇസിദോറിന്റെ ശിഷ്യനായിരുന്നു ഇല്‍ഫോണ്‍സസ്. വിശുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. വി. ലിയോകാഡിയയുടെ തിരുശേഷിപ്പിനു മുമ്പില്‍ പ്രാര്‍ഥനാനിരതനായിരുന്ന അദ്ദേഹത്തിനു മുമ്പില്‍ വിശുദ്ധ പ്രത്യക്ഷപ്പെട്ടുവെന്നും പരിശുദ്ധ മറിയത്തോടു പ്രദര്‍ശിപ്പിക്കുന്ന ഭക്തിക്ക് നന്ദിപറഞ്ഞതായുമാണ് ഒരു കഥ. അതിനോടു ബന്ധപ്പെടുത്തിയുള്ള മറ്റൊരു കഥ, പരിശുദ്ധ മറിയംതന്നെ അദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ടുവെന്നും തന്നോടുള്ള ആദരവിനും സ്‌നേഹത്തിനുമുള്ള പ്രതിനന്ദിയായി പുരോഹിതവസ്ത്രം സമ്മാനിച്ചുവെന്നുമാണ്. 667 ജനുവരി 23 നായിരുന്നു അദ്ദേഹം മരണമടഞ്ഞത്.
വി. എമെറെന്‍സിയാനാ
വി. ആഗ്നസ് എടുത്തുവളര്‍ത്തിയ കുട്ടിയാണ് എമെറന്‍സിയാനാ. ജ്ഞാനസ്‌നാനാര്‍ഥിനികളില്‍ ഒരാളായിരുന്ന ആ പെണ്‍കുട്ടി ആഗ്നസിന്റെ ശവകുടീരത്തില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ശത്രുക്കളുടെ കല്ലേറുമൂലം മരണമടഞ്ഞതായിട്ടാണ് പ്രസ്താവിക്കപ്പെട്ടിരിക്കുന്നത്.
വിചിന്തനം: ഈ നിമിഷം എനിക്ക് ഏറ്റവും യോജിച്ച കാര്യം ഇതാണ് എന്ന ഭാവത്തോടെ വേണം ദൈവം അനുവദിച്ച പ്രതിബന്ധങ്ങളെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യാന്‍ – ഫിലിപ്പ് നേരി.
ഇതര വിശുദ്ധര്‍: അമാസിയൂസ് (+356) ടെയനോയിലെ മെത്രാന്‍/ ബര്‍ണാര്‍ഡ് (+841) ബനഡിക്റ്റന്‍ മെത്രാപ്പോലീത്താ/ ലിസ്‌മോറിലെ കോള്‍മന്‍ (+702) ലിസ്‌മോറിലെ മെത്രാപ്പോലീത്താ/ പാര്‍മനസ് (+98)/ മരിയാനേ (18381918)/ അസ്‌കലാസ് (+287)/ സെവേരിയനും ഭാര്യ അക്വീലായും/ എമരന്‍ഷ്യാനാ/ ഓര്‍മോണ്ട് (6 ാം നൂറ്റാണ്ട്)/ അഗഞ്ചലൂസ് (+309) രക്തസാക്ഷി.
ഫാ. ജെ. കൊച്ചുവീട്ടില്‍