ജനുവരി 19: വി. കന്യൂട്ട് (1042-1086)

ഡെന്മാര്‍ക്കിലെ രാജാവായിരുന്നു വി. കന്യൂട്ട്. പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അദ്ദേഹം ഒരു രാജാവിനും വിശുദ്ധനും ചേര്‍ന്ന സകല ഗുണങ്ങളാലും അനുഗ്രഹീതനായിരുന്നു. ദൈവഭക്തിയില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന കന്യൂട്ട്, തന്റെ രാജ്യത്തില്‍ സദാ സമാധാനം നിലനിര്‍ത്തുന്നതിനായി അക്ഷീണം പരിശ്രമിച്ചിരുന്നു. പ്രജകളുടെ പേടിസ്വപ്നമായിരുന്ന കടല്‍ക്കൊള്ളക്കാരെ അദ്ദേഹം ഉന്മൂലനം ചെയ്യുകയും പലവിധത്തില്‍ ആക്രമണങ്ങള്‍ നടത്തിയിരുന്ന അയല്‍രാജ്യങ്ങളുമായി യുദ്ധം ചെയ്ത് അവയെ കീഴടക്കുകയും ചെയ്തു. ഇത്തരത്തില്‍ കീഴടക്കിയ രാജ്യങ്ങളിലെല്ലാം കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കാന്‍ രാജാവ് കഠിനമായി പരിശ്രമിച്ചിരുന്നു.

രാജ്യത്ത് നടമാടിയിരുന്ന അഴിമതികളെ പൂര്‍ണ്ണമായും നിര്‍മാര്‍ജനം ചെയ്യാനും കന്യൂട്ടിനു സാധിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ രാജ്യത്ത് എല്ലാവിധത്തിലും സമാധാനം നിലകൊണ്ടു. തനിക്ക് സിദ്ധിച്ചുകൊണ്ടിരുന്ന എല്ലാ വിജയങ്ങളും കുരിശിന്റെ മുമ്പില്‍ സമര്‍പ്പിച്ച് സാഷ്ടാംഗപ്രണാമം ചെയ്തിരുന്ന രാജാവ് വിശുദ്ധരെയും വൈദികരെയും ബഹുമാനിക്കുന്നതിലും പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു. പള്ളികള്‍ നിര്‍മിക്കുന്നതിനും അവ അലങ്കരിക്കുന്നതിനുമായി അദ്ദേഹം ധാരാളം ധനം വ്യയം ചെയ്തു. വിലപിടിച്ച തന്റെ കിരീടം പോലും തലസ്ഥാനത്തെ ഒരു ദൈവാലയത്തിന് അദ്ദേഹം ദാനമായി നല്‍കി.

കന്യൂട്ട് ഒരിക്കല്‍ ദൈവാലയത്തിലായിരുന്നപ്പോള്‍ ശത്രുക്കള്‍ അദ്ദേഹത്തെ വളഞ്ഞു. അപകടം മനസ്സിലാക്കിയ കന്യൂട്ട്, ഉടന്‍തന്നെ കുമ്പസാരിച്ചു കുര്‍ബാന സ്വീകരിച്ചു. അതിനുശേഷം കൈകളുയര്‍ത്തി അള്‍ത്താരയ്ക്കുമുമ്പില്‍ നിന്നുകൊണ്ട് മരണത്തിനായി ഒരുങ്ങി. തല്‍ക്ഷണം ശത്രുക്കള്‍ ജനലിലൂടെ എറിഞ്ഞ ഒരു ചാട്ടുകുന്തം അദ്ദേഹത്തിന്റെ ശിരസ്സില്‍ പതിക്കുകയും താമസിയാതെ മരണമടയുകയുംചെയ്തു.

വി. മാറിയൂസ്

ജീവിച്ചിരുന്നപ്പോള്‍ തന്നെ ജീവിതവിശുദ്ധി കൊണ്ട് ‘വിശുദ്ധന്‍’ എന്നു ജനങ്ങള്‍ വിളിച്ച വ്യക്തിയാണ് വി. മാറിയൂസ്. റോമിലാണ് അദ്ദേഹം ജനിച്ചത്. 574 ല്‍ മാറിയൂസ് സ്വിറ്റ്‌സര്‍ലന്റിലെ അവെഞ്ചസ് രൂപതയുടെ മെത്രാനായി അഭിഷിക്തനായി. പ്രാര്‍ഥനയിലും പഠനത്തിലും സ്വര്‍ണ്ണപ്പണിയിലുമാണ് അദ്ദേഹം സമയം ചെലവഴിച്ചത്. അദ്ദേഹം രചിച്ച ‘നാളാഗമം’ എന്ന ഗ്രന്ഥം പ്രശസ്തമാണ്.

വിചിന്തനം: ഞാന്‍ ദൈവത്തിന്റെ ഗോതമ്പാണ്. അത് സിംഹങ്ങളുടെ പല്ലുകൊണ്ട് ചവച്ചരച്ച് ക്രിസ്തുവിനുവേണ്ടി പരിശുദ്ധ അപ്പമായി മാറണം (അന്തോക്യയിലെ വി. ഇഗ്നേഷ്യസ്.)

ഇതരവിശുദ്ധര്‍: സ്വീഡനിലെ ഹെന്റി (പന്ത്രണ്ടാം നൂറ്റാണ്ട്) മെത്രാന്‍ / ആര്‍ക്കോന്തിയൂസ് (9 ാം നൂറ്റാണ്ട്) വിവിയേഴ്‌സിലെ മെത്രാന്‍ / ബാസിയര്‍ (+413) / ജെര്‍മാത്തൂസ് / റെമിജിയൂസ് (+772) മെത്രാന്‍ / പോളും കൂട്ടരും (രണ്ടാം നൂറ്റാണ്ട്) രക്തസാക്ഷികള്‍ / അലക്‌സാണ്ട്രിയായിലെ മാക്രിയൂസ് (300391) / ഫിലാന്‍ (പതിനെട്ടാം നൂറ്റാണ്ട്) / ഉപ്‌സാലയിലെ ഹെന്റി (+1156) / അര്‍സീനിയൂസ് (+959) കോര്‍ഫിലെ മെത്രാന്‍ / തെമസാ (16551729).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.