ഗോവയിലെ സാല്‍സെറ്റ് ദ്വീപിലുള്ള ഗോളയില്‍ 1651 ഏപ്രില്‍ 21-ാം തീയതി ജോസഫ് വാസ് ജനിച്ചു. യഥാകാലം പഠനം പൂര്‍ത്തിയാക്കിയ ജോസഫ് വാസ് 1676 ല്‍ 25-ാമത്തെ വയസ്സില്‍ പുരോഹിതനായി. 1690 ല്‍ അദ്ദേഹം കാന്‍ഡിയിലെത്തി. ഗ്രാമങ്ങള്‍തോറും നടന്ന് സുവിശേഷം പ്രസംഗിക്കുകയും പല പള്ളികളും സ്ഥാപിക്കുകയും ചെയ്തു.
രാജ്യത്തിലാകെ വരള്‍ച്ചയും പട്ടിണിയും ബാധിച്ചപ്പോള്‍ ബുദ്ധക്ഷേത്രങ്ങളില്‍ പുരോഹിതര്‍ നടത്തിയ പ്രാര്‍ഥന ഫലമണിഞ്ഞില്ല. എന്നാല്‍ ജോസഫച്ചന്‍ പൊതുമൈതാനിയില്‍ അള്‍ത്താരയുണ്ടാക്കി കുരിശുവരച്ചു പ്രാർഥിച്ചപ്പോള്‍ സമൃദ്ധമായി മഴ ലഭിച്ചു. സന്തുഷ്ടനായ രാജാവ് അച്ചന്റെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കി. ഫാ. ജോസഫ് വാസ് 1711 ജനുവരി 16-ാം തീയതി ദിവംഗതനായി.
ഇന്ത്യ സമ്മാനിച്ച ഏറ്റവും വലിയ മിഷനറിയായ ജോസഫ് വാസച്ചനെ 1995 ജനുവരി 21-ന് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ചേര്‍ത്തു. ശ്രീലങ്കയുടെ അപ്പസ്‌തോലനായ അദ്ദേഹം ഗോവ അതിരൂപതയുടെ സ്വര്‍ഗീയമധ്യസ്ഥനാണ്. 2015 ജനുവരി 14 ന് ഫ്രാന്‍സിസ് മാര്‍പാപ്പാ വിശുദ്ധനായി പ്രഖ്യാപിച്ചു.
വി. ഹൊണരാത്തൂസ്
ഇറ്റലിയിലെ ഒരു കുലീന കുടുംബത്തില്‍ ജനിച്ച ഹൊണരാത്തൂസ് ഫ്രാന്‍സിലെ ഗോള്‍ എന്ന സ്ഥലത്താണ് ജീവിച്ചിരുന്നത്. വിജാതീയ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. യൗവനത്തിലെത്തിയതോടെ ഹൊണരാത്തൂസ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു.
അധികം വൈകാതെ തന്നെ സ്വസഹോദരന്‍ വെനാന്‍സിയൂസിനെ കൂടി ക്രൈസ്തവ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പിന്നീട് ലോകസുഖങ്ങള്‍ ഉപേക്ഷിച്ച് അജ്ഞാതജീവിതം നയിക്കുക എന്ന ഉദ്ദേശ്യത്തോടെ സന്യാസിയായ വി. കാപ്രിയാസിനോടുകൂടെ ഗ്രീസിലേക്കു യാത്രയായി. ഈ യാത്രയില്‍ അദ്ദേഹത്തിന്റെ സഹോദരന്‍ മരണമടഞ്ഞു. റോമില്‍ കുറേനാള്‍ താമസിച്ചതിനുശേഷം ഹൊണരാത്തൂസ് ഫ്രെയൂസിലേക്കു പോയി. അവിടുത്തെ മെത്രാന്റെ നിര്‍ദേശപ്രകാരം വിശുദ്ധന്‍ ലെനിന്‍സ് ദ്വീപില്‍ ഒരു ആശ്രമം സ്ഥാപിച്ചു. ഏകദേശം എ. ഡി. 400 ലായിരുന്നു ഈ ആശ്രമം സ്ഥാപിതമായത്. ഹൊണരാത്തൂസ് ആശ്രമത്തിലെ സന്യാസികളില്‍ ചിലരെ കൂട്ടമായും കൂടുതല്‍ ത്യാഗികളായവരെ മറ്റൊരു മുറിയിലും പാര്‍പ്പിച്ചു. ഈ സന്യാസികള്‍ സുകൃതജീവിതത്തില്‍ അതിതീക്ഷ്ണരായിരുന്നു.
426 ല്‍ ആള്‍സിലെ മെത്രാന്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹൊണരാത്തൂസിനെ പുതിയ മെത്രാനായി തിരഞ്ഞെടുത്തു. തന്നെ ഏൽപിച്ച ദൗത്യം കൃത്യമായി നിര്‍വഹിച്ച വിശുദ്ധന്‍ 429 ല്‍ ദൈവസന്നിധിയിലേക്കു യാത്രയായി. വി. മാര്‍സെല്ലൂസ് ഒന്നാമന്‍ (309) റോമില്‍ ജനിച്ച ഇദ്ദേഹം 308 മെയ് 27 ന് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. നാലുവര്‍ഷത്തോളം ഒഴിഞ്ഞുകിടന്ന പാപ്പാസ്ഥാനത്തു വന്ന ഇദ്ദേഹത്തിന് വളരെയേറെ പ്രശ്നങ്ങളും നേരിടേണ്ടിവന്നു. പ്രധാനമായും മതപീഡനകാലത്ത് വിശ്വാസത്തെ തള്ളിപ്പറയേണ്ടിവന്നവര്‍ക്ക് മാപ്പുകൊടുക്കുന്ന പ്രശ്‍നം. മാര്‍പാപ്പായുടെ അനുവാദം കൂടാതെ കൗണ്‍സില്‍ കൂടുന്നത് നിരോധിച്ചുകൊണ്ടുള്ള കൽപന അദ്ദേഹം പുറപ്പെടുവിച്ചു. എട്ടുമാസം മാത്രമേ പാപ്പായ്ക്ക് സഭാഭരണം നടത്താന്‍ സാധിച്ചുള്ളൂ. 309 ജനുവരി 16 ന് അദ്ദേഹം രക്തസാക്ഷിയായി ഇഹലോകവാസം വെടിഞ്ഞു.
വിചിന്തനം: ‘ആരാണ് ഏറ്റവും ഭാഗ്യവാന്‍ ?ദൈവത്തെപ്രതി എന്തെങ്കിലും സഹിക്കാന്‍ തയ്യാറുള്ളവര്‍’ (ക്രിസ്താനുകരണം.)
ഇതരവിശുദ്ധര്‍: വലേറിയൂസ് (+453) മെത്രാന്‍ / ട്രിവേരിയൂസ് (+550) / ഫുഴ്‌സി (+648) / കൊക്കറ്റിലെ ഹെന്റി (+1127) / ഹൊണോരാത്തൂസ് (6 ാം നൂറ്റാണ്ട്) ബനഡിക്റ്റന്‍ സന്ന്യാസി / ലിബെര്‍ത്താ / ദുഞ്ചെയീഡ് ഒബ്രദായില്‍ (+988) / ജെയിംസ് (+429) തരേത്തീയൂസിലെ പ്രഥമ മെത്രാന്‍ / മെലാസ് (+385) മെത്രാന്‍.
ഫാ. ജെ. കൊച്ചുവീട്ടില്‍