അയര്‍ലണ്ടില്‍ ഡ്രമ്മിനു സമീപം രാജകീയപാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് ഇത്താ പിറന്നത്. ഉന്നതവംശജനായ ഒരു യുവാവിന്റെ വിവാഹാഭ്യര്‍ഥന തള്ളിക്കളഞ്ഞതിനുശേഷം ലിമെറിക്കിന്റെ പശ്ചിമഭാഗമായ ഹൈകൊണെയിലേക്ക് താമസം മാറ്റി, കില്ലിഡി എന്ന സ്ഥലത്ത് ഏതാനും അർഥിനികളെ ചേര്‍ത്ത് അവൾ ഒരു സേവികാസമാജം രൂപവല്‍ക്കരിച്ചു.
ഇത്തായെക്കുറിച്ച് ധാരാളം കഥകള്‍ പ്രചാരത്തിലുണ്ട്. ആദ്യകാലങ്ങളില്‍ അവള്‍ മൂന്നും നാലും ദിവസം തുടര്‍ച്ചയായി ഭക്ഷണം നിശ്ശേഷം വെടിഞ്ഞ് ജോലി ചെയ്തുപോന്നു. ഒരു ദിവസം ഒരു മാലാഖ പ്രത്യക്ഷപ്പെട്ട്, വേണ്ടവണ്ണം ഭക്ഷണം കഴിച്ച് ആരോഗ്യം നിലനിര്‍ത്തണമെന്ന് അവളോട് ആവശ്യപ്പെട്ടു. പക്ഷേ, അവള്‍ തന്റെ പ്രവര്‍ത്തനശൈലിയില്‍ മാറ്റം വരുത്താന്‍ കൂട്ടാക്കിയില്ല. മാലാഖ പറഞ്ഞു: “അങ്ങനെയെങ്കില്‍ ഇനിമുതല്‍ ദൈവം തന്നെ നിനക്ക് യഥാസമയം ഭക്ഷണം നല്‍കും.” അന്നുമുതല്‍ സ്വര്‍ഗദത്തമായ ആഹാരമല്ലാതെ മറ്റൊന്നും അവള്‍ കഴിച്ചിട്ടില്ലത്രെ.
മറ്റൊരു കഥ ഇപ്രകാരമാണ്. ഇത്തായുടെ സഹോദരീഭര്‍ത്താവായ ഒരു കരകൗശലവിദഗ്ദ്ധൻ ഒരിക്കല്‍ ഏതാനും കൊള്ളക്കാരോട് ഏറ്റുമുട്ടി മരണമടഞ്ഞു. ബന്ധുക്കള്‍ അന്വേഷിച്ചുചെന്നപ്പോള്‍ അയാളുടെ കബന്ധം മാത്രമേ കണ്ടുള്ളൂ; ശിരസ്സ് കൊള്ളക്കാര്‍ വെട്ടിയെടുത്തു കൊണ്ടുപോയിരുന്നു. ആ മനുഷ്യന് ഒരു പുത്രനുണ്ടാകുമെന്നും ആ പുത്രന്‍ മഹാനായിത്തീരുമെന്നും ഇത്താ നേരത്തെ പ്രവചിച്ചിരുന്നു. ആ പ്രവചനം നിറവേറാഞ്ഞതുകൊണ്ട് ഇത്താ അയാളുടെ പുനര്‍ജീവനത്തിനുവേണ്ടി ഉള്ളുരുകി പ്രാർഥിച്ചു. തല്‍ഫലമായി ആ ശിരസ്സ് അന്തരീക്ഷത്തിലൂടെ പറന്നുവന്ന് കബന്ധവുമായി കൂടിച്ചേര്‍ന്നു. അയാള്‍ പഴയതിനെക്കാള്‍ ആരോഗ്യവാനായി. ഇത് കണ്ടപ്പോള്‍ എല്ലാവരും ആശ്ചര്യപ്പെട്ടു.
ഇത്താ പ്രവചിച്ചതുപോലെ യഥാകാലം അയാള്‍ക്ക് ഒരു കുട്ടിയുണ്ടാവുകയും ചെയ്തു. ആ കുട്ടിയാണത്രെ ലത്തീനില്‍ പുള്‍ക്കേരിയൂസ് എന്ന് അറിയപ്പെടുന്ന വി. മൊക്കോമോഗ്. ദൈവത്തെയും മനുഷ്യരെയും അതീവതീക്ഷ്ണതയോടുകൂടി സേവിച്ചുകൊണ്ട് ജീവിതം ധന്യമാക്കിയ വിശുദ്ധ 570 നോടടുത്ത് ഇഹലോകം വെടിഞ്ഞുവെന്ന് വിശ്വസിക്കപ്പെടുന്നു.
വി. ബോണിത്തൂസ്
623 ല്‍ ഫ്രാന്‍സിലെ ഓവര്‍ജിനിലായിരുന്നു ബോണിത്തൂസിന്റെ ജനനം. 689 ല്‍ ക്ലെര്‍മോത്തിലെ ബിഷപ്പായി അഭിഷിക്തനായി. പിന്നീട് അദ്ദേഹം മെത്രാന്‍സ്ഥാനം രാജിവച്ച് ഒരു ബനഡിക്ടന്‍ സന്യാസിയായി ജീവിച്ചു. 706 ല്‍ ലിയോണ്‍സില്‍വച്ച് വിശുദ്ധന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
വി. മക്കാരിയൂസ് സീനിയര്‍
എ. ഡി. 300 ല്‍ ഈജിപ്തില്‍ ജനിച്ച മക്കാരിയൂസ്, സ്‌കെറ്റ മരുഭൂമിയില്‍ സന്യാസിയായി ജീവിച്ചു. കളിച്ചുനടക്കുന്ന പ്രായത്തില്‍ കൂട്ടുകാരുമൊരുമിച്ച് അന്യന്റെ കുറേ അത്തിപ്പഴം പറിച്ചെടുക്കുകയും ഒരെണ്ണം തിന്നുകയും ചെയ്തു. ഈ കുറ്റത്തെയോര്‍ത്ത് മരണം വരെ അദ്ദേഹം കരഞ്ഞിരുന്നു.
ഒരിക്കല്‍ ഒരു സ്ത്രീ അദ്ദേഹത്തിനെതിരെ ക്രൂരമായ ഒരു ആരോപണം ചുമത്തി. സന്യാസിവേഷം കെട്ടി നടക്കുന്ന മക്കാരിയൂസ് തന്നെ മാനഭംഗപ്പെടുത്തി എന്നായിരുന്നു ആ സ്ത്രീയുടെ പരാതി. ഇത് വിശ്വസിച്ച ജനങ്ങള്‍ അദ്ദേഹത്തെ തെരുവീഥിയിലിട്ട് വലിച്ചിഴച്ചു. എന്നാല്‍ പ്രസവസമയമായിട്ടും അവള്‍ പ്രസവിച്ചില്ല. യഥാര്‍ഥ കുറ്റക്കാരന്റെ പേര് വെളിപ്പെടുത്താതെ കുട്ടി ജനിക്കുകയില്ലെന്ന് ദൈവം ആ സ്ത്രീക്ക് വെളിപ്പെടുത്തി. അവസാനം അവള്‍ കുറ്റസമ്മതം നടത്തി. പിന്നീട് ഈജിപ്തിലെ മെത്രാന്‍ അദ്ദേഹത്തിന് പട്ടം കൊടുത്തു. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ വിശിഷ്ടങ്ങളായിരുന്നു.
വിചിന്തനം: നമ്മെത്തന്നെ വിശുദ്ധരായി പരിപാലിക്കുന്നതിനുള്ള ഏറ്റവും ഉന്നതമായ മാര്‍ഗം പാപത്തില്‍ വീണുപോയവരോടുള്ള കരുണയാണ്. നമ്മള്‍ നില്‍ക്കുന്നു എന്നതില്‍ അഭിമാനിക്കാതെ നമുക്കുള്ളതെല്ലാം ദൈവകൃപയാണെന്ന് അംഗീകരിച്ച് വിനീതരാവുക – ഫിലിപ്പ് നേരി.
ഇതരവിശുദ്ധര്‍: നീനാ (300332)/ ബ്ലെയിത്ത്മായിക്ക് (+823)/ തീത്ത്/ സെക്കന്ദീനാ (+250)/ എസെര്‍ത്ത് (+710) കാബ്രയിലെ മെത്രാന്‍/ മാലാര്‍ദ്ധ് (+650) മെത്രാന്‍/ നോളയിലെ മാക്‌സിമൂസ്/ സാവൂള്‍ (ആറാം നൂറ്റാണ്ട്)/ മൗരാ (നാലാം നൂറ്റാണ്ട്)/ എഫീസിയൂസ് (+303).
ഫാ. ജെ. കൊച്ചുവീട്ടില്‍